ഭക്ഷ്യസുരക്ഷ: ഭക്ഷണശാലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും
text_fieldsദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷണശാലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുവാന്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനുള്ള നിര്‍ദേശം മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പരിഗണനയില്‍. മുന്‍സിപ്പാലിറ്റി പരിശോധകരുടെ ജോലി എളുപ്പമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ കുറയ്ക്കാനും ലഘുഭക്ഷണശാലകളിലെയും റെസ്റ്റോറന്‍റുകളിലെയും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചതായി മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പരിശീലന കേന്ദ്രം ആരംഭിക്കുന്നതോട ഭക്ഷ്യസുരക്ഷയെക്കുറിച്ച് തൊഴിലാളികള്‍ക്ക് മികച്ച അവബോധം നല്‍കാന്‍ സാധിക്കുകയും അതുവഴി ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുകും ചെയ്യും. ഭക്ഷണശാലകളില്‍ ശുചിത്വ മാനദണ്ഡള്‍ ലംഘിക്കപ്പെടാന്‍ പ്രധാന കാരണം തൊഴിലാളികളിലെ അജ്ഞതയാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ മുന്‍സിപ്പാലിറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ക്ക് സാധിക്കും. തൊഴിലാളികള്‍ക്കായി വിദഗ്ധര്‍ നയിക്കുന്ന ക്ളാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ ക്ളാസുകള്‍ നടത്താറുണ്ടെങ്കിലും മിക്ക ഭക്ഷണശാലകളിലെയും തൊഴിലാളികള്‍ ഇടയ്ക്കിടെ മാറുന്നതിനാല്‍ ഇത് ഫലം കാണാതെ പോവുകയാണ്. പരിശീലനം കേന്ദ്രം ആരംഭിക്കുന്നതോടെ ക്ളാസുകളില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ചില റസ്റ്റോറന്‍റുകളില്‍ 200ല്‍ പരം തൊഴിലാളികളുണ്ട്. ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കേണ്ടത് റെസ്റ്റോറന്‍റ് ഉടമയുടെ ചുമതലയാണ്. റെസ്റ്റോറന്‍റുകളിലാണ് കൂടുതല്‍ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടുവരാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ലഭിക്കുന്ന ഭീമമായ പിഴയില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.