ഭക്ഷ്യസുരക്ഷ, ശുചിത്വം; പരിശോധനയുമായി മുനിസിപ്പാലിറ്റികൾ
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥർ ഭക്ഷ്യോൽപന്ന വിതരണ കേന്ദ്രത്തിൽ പരിശോധന നടത്തുന്നു
ദോഹ: ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നതിനിടെ പൊതുസുരക്ഷ, ശുചിത്വം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി രാജ്യത്തെ മുനിസിപ്പാലിറ്റികൾ. ഭക്ഷ്യസ്ഥാപനങ്ങൾ, പൊതുജനാരോഗ്യ സേവനങ്ങൾ എന്നിവിടങ്ങളിലായി പരിശോധന, നിരീക്ഷണ കാമ്പയിനുകൾ മുതൽ അവധിക്കാലത്ത് ജനങ്ങൾക്ക് പൊതുയിടങ്ങളും വിനോദകേന്ദ്രങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളും ഉൾപ്പെടെയാണ് കാമ്പയിൻ സജീവമാക്കിയത്.
. റസ്റ്റാറന്റിൽ പരിശോധന
ദോഹയിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്മെന്റിന്റെ ഹെൽത്ത് കൺട്രോൾ സെക്ഷൻ ഈദ് അവധിക്കാലം മുഴുവൻ നീളുന്ന പരിശോധന കാമ്പയിനുകൾക്ക് തുടക്കം കുറിച്ചു. 14 ഫീൽഡ് കാമ്പയിനുകളും ഭക്ഷ്യ സ്ഥാപനങ്ങളുൾപ്പെടുന്ന 10,000 പരിശോധനകൾ ഇതിലുൾപ്പെടും. കൂടാതെ, ലബോറട്ടറി പരിശോധനക്കായി വിവിധയിടങ്ങളിൽനിന്ന് 250 സാമ്പിളുകൾ ശേഖരിക്കും. പരമ്പരാഗത ഭക്ഷ്യശാലകൾ, അറവുശാലകൾ, കോഴി മാംസ വിതരണക്കാർ, ഭക്ഷ്യ ഉൽപാദന വിതരണക്കമ്പനികൾ, റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, പഴം-പച്ചക്കറി കടകൾ, പലഹാരക്കടകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പാർക്കുകൾ, ബീച്ചുകൾ, സൂഖ് വാഖിഫ്, മുശൈരിബ്, കതാറ, പേൾ ഖത്തർ തുടങ്ങിയ പൊതുയിടങ്ങളിലെ ഭക്ഷ്യശാലകളിലേക്കും കാമ്പയിൻ വ്യാപിപ്പിക്കും.
ബലിപെരുന്നാൾ ആഘോഷങ്ങളുടെ മുന്നോടിയായി അറവുശാലയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥ
സ്ത്രീകളുടെ സലൂണുകൾ, ബാർബർ ഷോപ്പുകൾ, അലക്കുശാലകൾ എന്നിവയും പരിശോധനയിലുൾപ്പെടുത്തുകയും ശുചിത്വ രീതികളെക്കുറിച്ച് അവബോധം വളർത്താൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും നിർദേശങ്ങൾ നൽകുന്നതും കാമ്പയിന്റെ ഭാഗമായി നടപ്പാക്കുകയും ചെയ്യും. സുരക്ഷിതമായ ഭക്ഷണ സംഭരണത്തെക്കുറിച്ചും, ഗതാഗതത്തെക്കുറിച്ചുമുള്ള മാർഗനിർദേശങ്ങൾ നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ ചട്ടങ്ങൾക്കനുസൃതമായി മൃഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും അറുക്കുന്നതിനുമുള്ള നിർദേശങ്ങളും ബന്ധപ്പെട്ടവർക്ക് നൽകും.
അൽ വക്റ, ഉംസലാൽ, അൽഖോർ ദഖീറ, അൽ ദആയിൻ മുനിസിപ്പാലിറ്റികളിലും സമഗ്രമായ പരിശോധന കാമ്പയിന് നഗരസഭാ അധികൃതർ തുടക്കം കുറിച്ചു. അറവുശാലകളിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങളും മറ്റു നിയമങ്ങളും പാലിക്കുന്നത് ഉറപ്പാക്കാൻ ശക്തമായ ഫീൽഡ് കാമ്പയിനുകളാണ് നടപ്പാക്കുന്നത്. ഏകീകൃത കോൾ സെന്റർ വഴി ഉപഭോക്താക്കൾക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

