ഭക്ഷ്യ -ജല സുരക്ഷ ഉറപ്പാക്കും
text_fieldsദോഹ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഖത്തറിലെ വിവിധ മേഖലയിലെ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി.
പ്രാദേശിക സംഭവവികാസങ്ങൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭക്ഷ്യ -ജല സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഒമ്പത് മാസത്തേക്കുണ്ടായിരുന്ന ഭക്ഷ്യശേഖരം ഇപ്പോൾ 18 മാസത്തേക്ക് ആവശ്യമായ രീതിയിൽ ശേഖരിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ വിതരണ ലൈനുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് മാസത്തെ ഉപഭോഗത്തിന് ആവശ്യമായ ജലശേഖരം നിലവിലുണ്ട്. കൂടാതെ, ജലത്തിന്റെ തുടര്‍ച്ചയായ ലഭ്യതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി ദേശീയ ജലസുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കരുതല്‍ശേഖരവും സംഭരണശേഷിയും വർധിപ്പിക്കുന്നതിന് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യാവശ്യ മരുന്നുകൾ ഒമ്പത് മാസത്തേക്കും, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ 12 മാസത്തേക്കും ലഭ്യമാണ്.
അബു സംറ അതിർത്തി വഴി പൗരന്മാരുടെയും താമസക്കാരുടെയും തിരിച്ചുവരവ് സുരക്ഷിതമാക്കി. ഏഴായിരത്തിലധികം വിദേശികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രാ സൗകര്യമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്ക് അടിയന്തര നിർദേശങ്ങൾ നൽകാൻ നാഷണൽ വാണിങ് സിസ്റ്റം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വതൻ അഭ്യാസങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിൽ ഈ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കിയിരുന്നു.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നതിനും നാഷണൽ വാണിങ് സിസ്റ്റം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വർക്ക് ഫ്രം ഹോം രീതിയിൽ മാറ്റമില്ലെന്നും അപ്ഡേറ്റുകൾ ഔദ്യോഗിക കേന്ദ്രങ്ങൾ വഴി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

