"നിർദേശങ്ങൾ കർശനമായി പിന്തുടരുക'
text_fieldsഹെൽപ്പ്ലൈൻ: 00974-55647502, ഇമെയിൽ: cons.doha@mea.gov.in
ഇന്ത്യൻ അംബാസിഡർ വിപുൽ
നിലവിലെ സംഘർഷ സാഹചര്യത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു
അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക
നിലവിലെ സംഘർഷ സാഹചര്യത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളും അധികൃതർ നൽകുന്ന നിർദേശങ്ങളും എല്ലാവരും കർശനമായി പിന്തുടരുകം.
അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകരുത്. വീടുകളിലും താമസകേന്ദ്രങ്ങളിലും മറ്റ് സമയങ്ങളിലും കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരാൻ ശ്രമിക്കുക. അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്. സ്കൂൾ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
കൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അധികൃതർ കർശനമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ, നിങ്ങൾ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് ഒരുവട്ടം കൂടി ആലോചിക്കുക. അത് പ്രാദേശിക നിയമങ്ങൾക്ക് വിരുദ്ധമാകരുത്. കൂടാതെ, നിലവിലെ സാഹചര്യത്തിൽ, പലതരം ഫോട്ടോകൾ എടുക്കുന്നുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ, ഫോട്ടോകൾ, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്.
ഇന്ത്യൻ എംബസി ഒപ്പമുണ്ട്
പ്രവാസി കമ്യൂണിറ്റിക്ക് സേവനങ്ങളും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കി ദോഹയിലെ ഇന്ത്യൻ എംബസി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാണ്.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും സംയമനം പാലിക്കണം. പ്രവാസികളെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ നിലവിലുണ്ട്. യാത്രാ സംബന്ധമായ പ്രശ്നങ്ങൾക്കോ പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾക്കോ ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഇപ്പോൾ വരുന്ന അന്വേഷണങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇമെയിൽ വഴിയും സോഷ്യൽ മീഡിയ വഴിയും എംബസിയെ ബന്ധപ്പെടാം.
എംബസിയുടെ അപെക്സ് ബോഡികളായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ ബിസിനസ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) തുടങ്ങിയ കൂട്ടായയ്മകൾ വിവിധ പ്രവാസി സംഘടനകളുമായും കമ്മ്യൂണിറ്റി ലീഡർമാരുമായും ജനങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
ഐ.സി.സിയും ഐ.സി.ബി.എഫും അടിയന്തര സഹായങ്ങൾക്കായി ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്. പ്രയാസകരമായ സാഹചര്യത്തിൽ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിൽക്കണം, ഖത്തറിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല.
ട്രാൻസിറ്റ് യാത്രികർക്കായി സൗദി വഴി യാത്രയൊരുക്കും
ഖത്തർ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവിസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യൻ ട്രാൻസിറ്റ് യാത്രക്കാർക്ക് ഇന്ത്യൻ എംബസി സഹായ ഇടപെടൽ നടത്തുന്നുണ്ട്. ഖത്തർ എയർപോർട്ട് വഴി യാത്ര ചെയ്യാനിരുന്ന 600 ഓളം ഇന്ത്യൻ ട്രാൻസിറ്റ് യാത്രക്കാർ നിലവിൽ ഖത്തറിലുള്ളതായാണ് കണക്ക്.
ഇവരെ ഖത്തർ എയർവേസിന്റെയും പ്രാദേശിക അധികൃതരുടെയും സഹായത്തോടെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിട്ടുണ്ട്. യാത്രക്കാർ തങ്ങളുടെ കൂടുതൽ അപ്ഡേറ്റുകൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണം.
നിലവിൽ ഖത്തറിന് പുറത്തേക്ക് പോകാനുള്ള ഏക മാർഗം 'സൽവ' അതിർത്തി കടന്ന് സൗദി അറേബ്യയിലെത്തി അവിടെ നിന്ന് വിമാനം കയറുക എന്നതാണ്. എന്നാൽ ഇതിനായി സൗദി വിസ ആവശ്യമാണ്. മാത്രമല്ല, സൗദിയിൽ നിന്നുള്ള വിമാന സർവിസുകളും നിലവിൽ പരിമിതമാണ്.
ട്രാൻസിറ്റ് വിസയിൽ എത്തി ദോഹയിലുള്ളവർക്ക് സൗദി വിസ ലഭ്യമാക്കാൻ സഹായിക്കുന്നതിനായി ഇന്ത്യൻ എംബസി ഒരു രജിസ്ട്രേഷൻ ലിങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് സൗദി വിസ നടപടികൾ എളുപ്പമാക്കാൻ എംബസി ശ്രമിക്കും. നിരവധി ആളുകൾ നിലവിൽ റോഡ് മാർഗം സൗദിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. എന്നാൽ, വ്യോമപാത തുറക്കുന്നതാണ് യാത്രക്കാർക്ക് ഏറ്റവും എളുപ്പമുള്ള മാർഗം. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
വിസ കാലാവധി തീർന്നാൽ എന്തു ചെയ്യണം
വിസാ കാലാവധി കഴിഞ്ഞവർക്ക് ഖത്തർ ഗവണ്മെന്റ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം വിസകളുടെ കാലാവധി സാഹചര്യങ്ങൾ പരിഗണിച്ച് ഒരു മാസത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എംബസി ഫോൺ മുഖേന നൽകുന്നുണ്ട്. ഐ.സി.സി, ഐ.സി.ബി.എഫ് പോലുള്ള ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളെയും ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.
എല്ലാവരും ജാഗ്രത പാലിക്കുകയും മാർഗനിർദ്ദേശങ്ങൾ പിന്തുടരുകയും ചെയ്യുക. എംബസി സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

