ഫോക്കസ് ഖത്തർ 20ാം വാർഷികം; ഒരുവർഷത്തെ പരിപാടികൾ
text_fieldsഫോക്കസ് ഖത്തർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റർ നാഷനൽ ഖത്തർ റീജ്യൻ 20ാം വാർഷികം ഒരു വർഷം നീളുന്ന വിപുല പരിപാടികളോടെ ആഘോഷിക്കുന്നു. ഖത്തർ ദേശീയ വിഷൻ 2030 മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് സാമൂഹിക പരിവർത്തനവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഒരു വർഷം നീളുന്ന വ്യത്യസ്ത ആഘോഷ പരിപാടികൾക്ക് ജനുവരിയിൽ തുടക്കം കുറിക്കുമെന്ന് ഫോക്കസ് ഖത്തർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജനുവരി17ന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും.
ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഫോക്കസ് ഇന്റർ നാഷനൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് (സൗദി), സി.ഒ.ഒ ഫിറോസ് മരക്കാർ (കുവൈത്ത്), ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുക്കും.
വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് 20ഓളം പരിപാടികൾ ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2005ൽ സ്ഥാപിച്ച ഫോക്കസ് ഖത്തർ പ്രവാസി സമൂഹത്തിനിടയിൽ വിവിധ പദ്ധതികളും കാമ്പയിനുകളുമായി സജീവമാണ്. കരിയർ പരിശീലന പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, താഴ്ന്ന വരുമാനക്കാർക്കായുള്ള 10,000 സ്മൈലീസ്, സമ്മർകൂൾ, എജു ഫോക്കസ്, ഇക്കോ ഫോക്കസ്, യൂത്ത് കോൺഫറൻസ് തുടങ്ങിയ കാമ്പയിനും പരിപാടികളുമായി 20 വർഷം നിറഞ്ഞു നിന്ന പ്രവർത്തനത്തിനൊടുവിലാണ് ഒരു വർഷം നീളുന്ന വാർഷികം ആഘോഷിക്കുന്നത്.
വാർത്തസമ്മേളനത്തിൽ സി.ഇ.ഒ പി.ടി. ഹാരിസ്, സി.ഒ.ഒ അമീർ ഷാജി, സി.എഫ്.ഒ ഫായിസ് എളയോടത്ത്, ഉപദേശക സമിതി ചെയർമാൻ അസ്കർ റഹ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

