ഗോൾഡ് കപ്പിന് അമേരിക്കയിലേക്ക് പറക്കുന്നോ...?
text_fieldsകോച്ച് കാർലോസ് ക്വിറോസിന് കീഴിൽ പരിശീലിക്കുന്ന ഖത്തർ ടീം അംഗങ്ങൾ
ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങൾക്കു പിന്നാലെ, പുതു ആവേശത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഖത്തറിന്റെ പോരാട്ടം കാണാൻ അമേരിക്കയിലേക്ക് പറക്കുന്നോ..? അടുത്ത മാസം ആരംഭിക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിൽ അന്നാബിക്ക് പിന്തുണയുമായി അമേരിക്കയിലേക്ക് പുറപ്പെടുന്നവർക്ക് ടിക്കറ്റ് ബുക്കിങ്ങിനുള്ള അവസരമാണിപ്പോൾ.
ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ ഖത്തറിന്റെ മത്സരങ്ങൾക്ക് അമേരിക്കയാണ് വേദിയാവുന്നത്. ഗ്രൂപ് റൗണ്ടിലെയും മറ്റുമായി ഖത്തറിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാമെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങുമ്പോൾ സ്വദേശികൾ ഉൾപ്പെടെ നിരവധി പേരാണ് ജൂൺ, ജൂലൈ മാസങ്ങളിൽ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി അവധിക്കാല യാത്രക്കിറങ്ങുന്നത്.
അവർക്ക് മികച്ച അവസരം കൂടിയാണ് ഗോൾഡ് കപ്പിന്റെ ഗാലറിയിൽ അന്നാബിക്ക് പിന്തുണയുമായി എത്തുക എന്നത്. ticketmaster.com എന്ന ലിങ്ക് വഴിയാണ് ടിക്കറ്റ് ബുക്കിങ്. ജൂൺ 24ന് കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ‘ബി’യിലാണ് ഖത്തറിന്റെ മത്സരങ്ങൾ. അതിഥിരാജ്യമായി ടൂർണമെന്റിൽ പങ്കാളിയാവുന്നവർ 25ന് ഹെയ്തിയെയും 29ന് ഹോണ്ടുറസിനെയും ജൂലൈ രണ്ടിന് മെക്സികോയെയും നേരിടും. ഹൂസ്റ്റൺ, ഗ്ലെൻഡെയ്ൽ, സാന്റകാർല എന്നിവിടങ്ങളിലാണ് കളി.
ലോകകപ്പിനു പിന്നാലെ പരിശീലക വേഷത്തിൽനിന്നും പടിയിറങ്ങിയ ഫെലിക്സ് സാഞ്ചസിന്റെ പിൻഗാമിയായി എത്തിയ മുൻ പോർചുഗൽ കോച്ച് കാർലോസ് ക്വിറോസിനു കീഴിലാണ് ഖത്തർ ഒരുങ്ങുന്നത്. നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട്, അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ തുടങ്ങിയ വമ്പൻ പോരാട്ടങ്ങൾക്ക് മുന്നോടിയാണ് ഖത്തറിന്റെ കോൺകകാഫ് ഭാഗ്യ പരീക്ഷണം. 26 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ച ഖത്തറിന്റെ ഓസ്ട്രിയൻ പരിശീലനം ഈ മാസം ആരംഭിക്കും. നിലവിൽ ഖത്തറിലുള്ള ടീം ഓസ്ട്രിയയിൽ ന്യൂസിലൻഡ്, ജമൈക്ക, ക്രൊയേഷ്യ ടീമുകൾക്കെതിരെ സന്നാഹ മത്സരവും കളിക്കുന്നുണ്ട്.
ഹസൻ സൈദോസ്, അക്രം അഫിഫ്, ഗോൾ കീപ്പർ സഅദ് അൽ ഷീബ്, ബൗലം ഖൗഖി, കരിം ബൗദിയാഫ്, പെഡ്രോ, അബ്ദുൽ അസീസ് ഹാതിം ഉൾപ്പെടെ പരിചയ സമ്പന്നർക്ക് വിശ്രമം നൽകിയാണ് ടീം ഗോൾഡ് കപ്പിന് പറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

