പുഷ്പമേള അടുത്തെത്തി; യാമ്പുവിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
text_fieldsയാമ്പു: 12ാ മത് പുഷ്പോത്സവത്തിന് റോയൽ കമീഷനിലെ യാമ്പു- ജിദ്ദ ഹൈവേയോട് ചേർന്ന അൽ മുനാസബാത്ത് പാർക്ക് അണിഞ്ഞൊരുങ്ങി. മാർച്ച് ഒന്ന് മുതൽ 24 വരെയാണ് വൈവിധ്യങ്ങളുടെ കലവറയൊരുക്കി മേള നടക്കുന്നത്. സന്ദർശകരെ വരവേൽക്കാൻ അവസാന ഘട്ട ഒരുക്കങ്ങൾ വ്യവസായ നഗരിയിലെങ്ങും പുരോഗമിക്കുകയാണ്. മുൻവർഷങ്ങളിലേതിനേക്കാൾ മികവുറ്റതാക്കാൻ വൻ തയാറെടുപ്പുകളാണ് പാർക്കിൽ നടക്കുന്നത്. വിവിധയിനത്തിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് പൂക്കൾ നിരത്തി പുഷ്പപരവതാനിയുടെ അവസാന ഘട്ട മിനുക്ക് പണിയിലാണ്.
ഉദ്യാന നിർമാണത്തിൽ വൈഭവമുള്ള യാമ്പു റോയൽ കമ്മീഷനിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. റോയൽ കമ്മീഷൻ ഇറിഗേഷൻ ആൻഡ് ലാൻഡ് സ്കേപിങ് വിഭാഗമാണ് നഗരിയുടെ സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നത്. നഗരിയിലേക്കുള്ള പാതയിൽ ഒരുക്കിയ അഴകാർന്ന നടപ്പാതകൾ വേറിട്ട കാഴ്ചയാണ്. ഡിസൈൻ ചെയ്ത ചെടികളും നട്ടുപിടിപ്പിച്ച തെങ്ങുകളും നഗരിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സന്ദർശകരെ ആകർഷിക്കും. മേളയുടെ ഉദ്‌ഘാടനത്തിന് ശേഷം വൈകുന്നേരം നാല് മണി മുതൽ പത്ത് മണിവരെയാണ് സന്ദർശന സമയം. പ്രേവശനം സൗജന്യമാണ്.
കലാ, സാംസ്കാരിക, ബോധവത്കരണ പരിപാടികളും വിവിധ സ്റ്റാളുകളും ആഗോള കമ്പനികളുടെ പവലിയനുകളും വിവിധ സ്ഥാപനങ്ങളുടെ ഫുഡ് കോർട്ടുകളും ഒരുക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്താനും പ്രകൃതി വിഭവങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് അവബോധം സമൂഹത്തിന് പകുത്തു നൽകാനുമാണ് പുഷ്പമേള മുഖ്യമായി ലക്ഷ്യമാക്കുന്നതെന്ന് മേള കമ്മിറ്റി ചെയർമാനും റോയൽ കമീഷൻ ഇറിഗേഷൻ ആൻഡ് ലാൻഡ് സ്കേപിങ് ഡയറക്ടറുമായ എൻജി. സ്വാലിഹ് അൽ സഹ്‌റാനി പറഞ്ഞു. കഴിഞ്ഞ വർഷം ഒരുക്കിയ ചിത്രശലഭ ഉദ്യാനം സൗദിയിലെ ആദ്യത്തേതായിരുന്നു. അപൂർവഇനം പക്ഷികളെ പ്രദർശിപ്പിക്കുന്ന പക്ഷി പാർക്കാണ് ഈ വർഷം പ്രധാന ആകർഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
