വിമാന മുടക്കം: എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി റദ്ദാക്കുന്നത് പ്രവാസികൾക്ക് ദുരിതമാകുന്നു -ഇൻകാസ് ഖത്തർ
text_fieldsദോഹ: ഖത്തറിലെ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ ആശ്രയിക്കുന്ന എയർ ഇന്ത്യ എക്സ്പ്രിന്റെ വിമാന സർവിസുകൾ തുടർച്ചയായി റദ്ദാക്കുന്നതിലൂടെ പ്രവാസികൾക്ക് ഗുരുതരമായ ദുരിതമാണ് അനുഭവപ്പെടുന്നതെന്ന് ഇൻകാസ് ഖത്തർ അറിയിച്ചു.
സൗകര്യങ്ങൾ പരിമിതമായാലും കുറഞ്ഞ ചെലവിൽ മാതൃരാജ്യത്തേക്ക് യാത്ര ചെയ്യാനാകും എന്നതിനാലാണ് സാധാരണ പ്രവാസികൾ എയർ ഇന്ത്യ പോലുള്ള ബജറ്റ് എയർലൈൻസ് തിരഞ്ഞെടുക്കുന്നത്.
എന്നാൽ, തുടർച്ചയായി സർവിസ് മുടങ്ങുന്നതിലൂടെ പ്രവാസികളുടെ ജീവിതത്തെയും യാത്രാ ക്രമീകരണങ്ങളെയും തകിടംമറിക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളും അടിയന്തര ആവശ്യങ്ങൾക്ക് യാത്രചെയ്യുന്നവരും വിസ കാലാവധി അവസാനിക്കുന്നതിനാൽ നാട്ടിലെത്തേണ്ടവരും വിസ തീരും മുന്നേ തിരിച്ചുവരേണ്ടവരും അടങ്ങുന്ന നിരവധി പേരാണ് അവസാന നിമിഷ സർവിസ് റദ്ദാക്കലുകൾ മൂലം ദുരിതത്തിലാകുന്നത്. ഒടുവിലായി, ദോഹയിൽനിന്ന് കോഴിക്കോട് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അവസാന നിമിഷം റദ്ദാക്കി. പല യാത്രക്കാരും വിമാനത്തിൽ കയറി മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് പുറത്താക്കപ്പെട്ടത്. തുടർന്ന്, യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയും മണിക്കൂറുകൾക്കുശേഷമാണ് യാത്ര പുനഃക്രമീകരിക്കപ്പെട്ടത്.
മുമ്പ് പൊതുമേഖലയിലായിരുന്ന എയർ ഇന്ത്യയിൽ സർവിസ് മുടക്കങ്ങളിൽ ജനങ്ങൾക്ക് ചോദ്യം ചെയ്യാനെങ്കിലും അവസരമുണ്ടായിരുന്നു. സ്വകാര്യവത്കരണത്തിന് ശേഷമുള്ള സാഹചര്യം കൂടുതൽ ദയനീയമായി മാറിയിരിക്കുകയാണ്. സേവന നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷക്ക് പകരം ഇപ്പോഴത്തെ നില പ്രവാസികൾക്ക് ഗുരുതരമായ അനിശ്ചിതത്വവും നഷ്ടവും മാത്രമാണ് നൽകുന്നത്. മാതൃരാജ്യവുമായി ബന്ധം നിലനിർത്താൻ വലിയ സാമ്പത്തിക -മാനസിക നഷ്ടം സഹിക്കുന്ന പ്രവാസികളുടെ വിശ്വാസം സംരക്ഷിക്കുക എന്നത് സർക്കാറിന്റെയും എയർ ഇന്ത്യയുടെയും ഉത്തരവാദിത്തമാണ്. എയർ ഇന്ത്യയും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി നടപടികൾ സ്വീകരിച്ച് കാര്യക്ഷമമായ സർവിസ് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സാങ്കേതിക പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് യാത്രക്കാരെ നേരത്തേ അറിയിക്കുകയും. തുടർച്ചയായ സർവിസ് റദ്ദാക്കലുകൾക്കെതിരെ വ്യക്തമായ ഉത്തരവാദിത്തവും നഷ്ടപരിഹാര സംവിധാനവും ഒരുക്കണമെന്നും ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

