ദുരിതയാത്രകൾക്ക് അറുതിവേണം -പ്രവാസി വെൽഫെയർ
text_fieldsദോഹ: ഗള്‍ഫ് നാടുകളിലെ അവധിക്കാലം ആരംഭിച്ച സമയത്ത് അനിയന്ത്രിതമായ ടിക്കറ്റ് നിരക്കിനുപുറമെ, എയർ ഇന്ത്യ വിമാന സർവിസുകൾ തുടർച്ചയായി മുടങ്ങുന്നത് ഗുരുതരമായ പ്രശ്നങ്ങളാണ് പ്രവാസികൾക്കുണ്ടാക്കുന്നതെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.പ്രവാസികളുടെ യാത്രാ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
അവശ്യ സർവിസ് മേഖലകൾ സ്വകാര്യവത്കരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. സ്വകാര്യവത്കരണത്തിന് കാണിക്കുന്ന ആവേശവും ധിറുതിയും പ്രശ്ന പരിഹാരത്തിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. എയർ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ അനാസ്ഥയും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന മൗനം തുടങ്ങി എല്ലാ പ്രതിസന്ധികളും അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട പ്രവാസികളാണ്.
എന്നും അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിന്റെ ഈ പ്രശ്നത്തിലും അധികാരികൾ മൗനം അവലംബിക്കുന്നത് അനീതിയാണ്. കേരളത്തിൽ നിന്നുള്ള ഫ്ലൈറ്റുകളാണ് കൂടുതലും മുടങ്ങുന്നത്. വിഷയമുന്നയിച്ച് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താൻ കേരള സർക്കാർ തയാറാകണം. സർവിസ് മുടങ്ങുന്നതിന് പിഴ ഉൾപ്പെടെയുള്ള കൃത്യമായ നടപടികളെടുത്ത് ഇത്തരം പ്രവണതകൾ തിരുത്തണമെന്നും പ്രവാസികളായ യാത്രക്കാർക്ക് യാത്ര സൗകര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗള്‍ഫ് നാടുകളില്‍നിന്ന് യാത്രക്കാര്‍ അധികമുള്ള മലബാര്‍ മേഖലയിലെ കോഴിക്കോട്ടേക്ക് കൂടുതൽ വിമാന സർവിസുകൾ അനുവദിക്കുകയും കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താനുള്ള തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് നീക്കുകയും നിലവിലെ വിമാനക്കമ്പനികളുടെ സേവനം ഉറപ്പാക്കാൻ വേണ്ട നടപടികൾ ഉൾപ്പെടെ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

