ആഘോഷത്തിന് കൊടിയിറക്കം ഇനി തിരക്കിലേക്ക്
text_fieldsഞായറാഴ്ച രാത്രിയിൽ അൽ വക്റ സൂഖിലെ വെടിക്കെട്ട്
ദോഹ: പെരുന്നാൾ ആഘോഷത്തിന്റെ അവധിക്കാലത്തോട് വിടപറഞ്ഞ് ചൊവ്വാഴ്ചമുതൽ ഖത്തർ വീണ്ടും സജീവമാകുന്നു. അഞ്ചു ദിവസത്തോളം നീണ്ട ഈദ് അവധിക്കുശേഷം, ഖത്തറിലെ സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ചൊവ്വാഴ്ചമുതൽ പതിവുപോലെ പ്രവർത്തനമാരംഭിക്കും. പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ചമുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്. പെരുന്നാളും അവധിയും ഖത്തറിലും അയൽരാജ്യങ്ങളിലും നാട്ടിലും ആഘോഷമാക്കിയാണ് രാജ്യം വീണ്ടും സജീവമാകുന്നത്. സ്വകാര്യമേഖലകളിൽ തിങ്കളാഴ്ചമുതൽ തന്നെ ഓഫിസുകൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളും ഈദ് അവധി കഴിഞ്ഞ് ജൂൺ 10 ചൊവ്വാഴ്ചയോടെ സജീവമാകും.
പെരുന്നാൾ ആഘോഷത്തിനായി ഓൾഡ് ദോഹ പോർട്ടിലെത്തിയ
കുട്ടികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നു
ആരോഗ്യമേഖലയിൽ സ്പെഷാലിറ്റിയും ചില ഹെൽത്ത് സെന്ററുകൾക്കും അവധി നൽകിയിരുന്നു. എന്നാൽ, ഈദ് അവധിയിലും ഹമദ് മെഡിക്കല്‍ കോര്പറേഷൻ ആശുപത്രികളിലെ അടിയന്തരവിഭാഗങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 20 ഹെല്‍ത്ത് സെന്ററുകളും സജീവമായി പ്രവർത്തിച്ചു.പെരുന്നാൾ അവധിക്കാലത്ത് എച്ച്.എം.സിക്ക് കീഴിലെ എമർജൻസി, ആംബുലൻസ് സർവിസ് വിഭാഗങ്ങൾ മുടക്കമില്ലാതെ പ്രവർത്തിച്ചു. രണ്ടാം പെരുന്നാൾ ദിനത്തിൽ എമർജൻസിയിൽ 1946 രോഗികൾ എത്തിയതായാണ് റിപ്പോർട്ട്.
ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ട് 745ഓളം ഫോൺ കാളുകൾ എത്തി. 21 റോഡ് അപകട കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.പെരുന്നാൾ അവധിയും കഴിഞ്ഞ് പരീക്ഷാ തിരക്കിലേക്കാണ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത്. അടുത്തയാഴ്ചയോടെതന്നെ പരീക്ഷകൾക്ക് തുടക്കം കുറിക്കും. ജൂലൈ ആദ്യവാരത്തിലാണ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ വേനലവധി ആരംഭിക്കുന്നത്. ആഘോഷങ്ങൾക്ക് കൊടിയിറക്കം
അഞ്ചു ദിവസങ്ങളിലായി നഗരം നിറയെ ആഘോഷരാവുകളൊരുക്കിയാണ് ഇത്തവണത്തെ പെരുന്നാളിന് കൊടിയിറങ്ങുന്നത്. വെടിക്കെട്ട് മുതൽ ദോഹ പോർട്ടിലെയും കതാറിയിലെയും മുശൈരിബിലെയും വരെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷ പരിപാടികളുമായി സുരക്ഷിതമായി ഈദ് ദിവസങ്ങൾ സമാപിച്ചത് അധികൃതർക്കും ആശ്വാസം പകരുന്നു.
സൂഖ് അൽ വക്റയിലെ കടൽതീരത്തായി നടന്ന വെടിക്കെട്ടുകൾ ഞായറാഴ്ച രാത്രിയോടെ സമാപിച്ചു. പെരുന്നാളിന്റെ നാലുദിവസങ്ങളിലാണ് സൂഖ് വക്റ നിറപ്പകിട്ടാർന്ന പെരുന്നാൾ വെടിക്കെട്ടിന് വേദിയൊരുക്കിയത്. വെസ്റ്റവാക്, ജിവാൻ ഐലൻഡ്, കതാറ കൾചറൽ വില്ലേജ്, പേൾ ഖത്തർ, േപ്ലസ് വെൻഡോം മാൾ എന്നിവ സന്ദർശക സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
പ്രധാന ആഘോഷ കേന്ദ്രങ്ങൾ കഴിഞ്ഞാൽ, സൂഖ് വാഖിഫ് തന്നെയായിരുന്നു സന്ദർശകരുടെ ഇഷ്ട സ്ഥലം. വിവിധ ദേശക്കാരുടെ സാന്നിധ്യവുമായി സൂഖ് കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞുകവിഞ്ഞു.ഖത്തറിൽനിന്നുള്ളവർ വിദേശങ്ങളിലെത്തുന്നതുപോലെ, സൗദി, ഒമാൻ, ദുബൈ, കുവൈത്ത് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും ഇത്തവണ വർധനയുണ്ടായതായി ടൂറിസം മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.