2020 മുതൽ ഫിഫ വളന്റിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് അഞ്ചു ലക്ഷത്തിലധികം പേർ
text_fieldsഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ സേവനമനുഷ്ഠിക്കുന്ന വളന്റിയർ
ദോഹ: ഖത്തർ ലോകകപ്പിന്റെ ആവേശം, ടൂർണമെന്റിലെ സേവനസന്നദ്ധരായി രംഗത്തുവരാനുള്ള വളന്റിയർമാരുടെ എണ്ണത്തിലും കാര്യമായ സ്വാധീനം ചെലുത്തിയതായി ഫിഫ. 2020 ഡിസംബറിൽ ഫിഫ പുനരാരംഭിച്ച ആഗോള വളന്റിയർ പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തിലധികം പേരാണ്. ഫിഫയുടെ ഭാവി ടൂർണമെൻറുകളിലും അന്താരാഷ്ട്രീയ പരിപാടികളിലും വളന്റിയറാകാൻ താൽപര്യമുള്ള ഏതൊരാൾക്കും വളന്റിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. 2021 ഒക്ടോബർവരെ ഒരു ലക്ഷം മാത്രമുണ്ടായിരുന്ന വളന്റിയർ രജിസ്ട്രേഷൻ അതിനു ശേഷം കുതിച്ചുയരുന്നതാണ് കണ്ടത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞതാണ് രജിസ്ട്രേഷൻ വർധിക്കാൻ കാരണം.
ഫിഫ വളന്റിയർ പോർട്ടലിൽ സൈൻ അപ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചത് വലിയ നേട്ടമാണെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. നമ്മുടെ വളന്റിയർ േപ്രാഗ്രാം യഥാർഥ ആഗോളസമൂഹമായി മാറുന്നതിന്റെ അടയാളമാണിതെന്നും ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനോടനുബന്ധിച്ച് വലിയ താൽപര്യത്തോടെയാണ് ആളുകൾ വളന്റിയറിങ്ങിനെ സമീപിക്കുന്നതെന്നും ഇൻഫാൻറിനോ കൂട്ടിച്ചേർത്തു. ഓരോ ഫിഫ ടൂർണമെൻറിന്റെ വിജയത്തിലും വളന്റിയർമാർ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാകാത്തതാണ്. അവരുടെ പുഞ്ചിരിയും ഊർജവും മികച്ച അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്നും അവരുടെ വിലപ്പെട്ട സമയവും പരിചയസമ്പത്തുമാണ് ഫുട്ബാളിനായി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സേവനസന്നദ്ധരായി പ്രവർത്തിക്കുന്ന വളന്റിയർമാർ നിർണായക ഘടകമാണ്. ഇവരിലൂടെയാണ് ഫുട്ബാളിന്റെ ജനപ്രിയതയും അതിനോടുള്ള സ്നേഹവും വർധിക്കുന്നത്. കളിയെ നമുക്ക് ആസ്വാദ്യകരമാക്കുന്നതും ഇവരുടെ പ്രവർത്തനങ്ങളാണ്. ഫിഫയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കമ്യൂണിറ്റിയാണ് വളന്റിയർമാർ -ഫിഫ പ്രസിഡൻറ് വിശദീകരിച്ചു.
അതേസമയം, ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് അപേക്ഷിച്ച വളന്റിയർമാരിൽ 43.2 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽനിന്നും 40.2 ശതമാനം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. അപേക്ഷകരിൽ 94.4 ശതമാനം ആളുകളും സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്. 23.8 ശതമാനം ആളുകൾ ഫ്രഞ്ച്, 16.7 ശതമാനം പേർ സ്പാനിഷ്, 3.8 ശതമാനം ജർമൻ സംസാരിക്കുന്നവരാണ്. ലോകകപ്പ് വളന്റിയർമാരിൽ 53.1 ശതമാനം പേരും മറ്റു ജോലികൾ ചെയ്യുന്നവരാണ്. 34.4 ശതമാനം പേർ വിദ്യാർഥികളാണ്. 24 മുതൽ 34 വയസ്സ് വരെയുള്ളവരാണ് അപേക്ഷകരിൽ കൂടുതലും (42.9 ശതമാനം). 18-24 വയസ്സിനിടയിലുള്ളവർ 36 ശതമാനവും 35-44 വയസ്സിനിടയിലുള്ളവർ 15.6 ശതമാനവുമാണ് അപേക്ഷകരിൽ. 45 വയസ്സിനു മുകളിലുള്ളവർ 5.5 ശതമാനമാണ്.
ലോകകപ്പ് വളന്റിയറാകാൻ നാളെവരെ അപേക്ഷിക്കാം
ഖത്തർ ലോകകപ്പിന് വളന്റിയർ ആകുന്നതിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31. കഴിഞ്ഞ മാർച്ചിൽ കതാറ ആംഫി തിയറ്ററിൽ നടന്ന ചടങ്ങിലായിരുന്നു ലോകകപ്പിലേക്കുള്ള വളന്റിയർ രജിസ്ട്രേഷന്റെ അവസാന നടപടികൾ ആരംഭിച്ചത്. volunteer.fifa.com/login എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ടാകും. വളന്റിയർഷിപ്പിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു. ഊർജസ്വലരായ 20,0000 വളന്റിയർമാരാണ് ഖത്തർ ഫിഫ ലോകകപ്പിന്റെ മുഖമുദ്രയായി മാറാനിരിക്കുന്നത്. ആഗസ്റ്റ് 13ഓടെ വളന്റിയറിങ്ങിനായി അപേക്ഷിച്ചവരുടെ അഭിമുഖ പരീക്ഷകൾ അവസാനിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

