അഞ്ചു ദിനം മുശൈരിബിൽ പെരുന്നാളോളം
text_fieldsമുശൈരിബിലെ പെരുന്നാൾ ആഘോഷത്തിൽനിന്ന് (ഫയൽ)
ദോഹ: പതിവു തെറ്റിക്കാതെ പെരുന്നാൾ അവധിക്കാലത്ത് നിറയെ ആഘോഷവുമായി മുശൈരിബ് ഡൗൺ ടൗൺ. ബലിപെരുന്നാൾ ദിനമായ ജൂൺ ആറു മുതൽ 10 വരെയായി അഞ്ചുദിവസങ്ങളിൽ വൈവിധ്യമാർന്ന ഈദ് ആഘോഷ പരിപാടികൾ ഒരുക്കിയതായി മുശൈരിബ് പ്രോപർട്ടീസ് അധികൃതർ അറിയിച്ചു. തത്സമയ വിനോദ പരിപാടികൾ, സ്റ്റേജ് ഷോ, കുട്ടികൾക്ക് ആസ്വദിക്കാവുന്ന ഒരുപിടി വിനോദങ്ങൾ എന്നിവയോടെയാണ് ഇത്തവണ പെരുന്നാൾ കളറാക്കാൻ മുശൈരിബ് കാത്തിരിക്കുന്നത്. ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിച്ചു കഴിഞ്ഞാൽ വൈകീട്ട് ധൈര്യമായി മുശൈരിബിലേക്ക് പുറപ്പെടാം.
വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് മുശൈരിബ് ഗലേറിയയിൽ ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്. വിനോദ പരിപാടികളും, കുടുംബ സമേതം ആസ്വദിക്കാവുന്ന ഉത്സവദിനങ്ങളുമെല്ലാം ജൂൺ ആറു മുതൽ 10 വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്റർടെയ്ൻമെന്റ് സ്റ്റേജാണ് പ്രധാന വിനോദ കേന്ദ്രം. കലാ പ്രകടനങ്ങൾ, സംഗീത പരിപാടി ഉൾപ്പെടെ കുടുംബ ആഘോഷ പരിപാടികൾ സജീവമായി അരങ്ങേറും. കുട്ടികൾക്കായി പ്രത്യേക ഏരിയകൾ തന്നെ പെരുന്നാളിനോടനുബന്ധിച്ച് സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. മാജിക് ഷോ, ബബ്ൾ ഷോ, ഫേസ് പെയിന്റിങ്, ക്രിയേറ്റിവ് ശിൽപശാലകൾ, വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കുട്ടികൾക്കായി ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയോടെയാണ് ഈ മേഖല ഒരുക്കുന്നത്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പ്രത്യേക ഷോകളും പെരുന്നാൾ ദിനങ്ങളിൽ ഒരുക്കും. സംഗീത പരിപാടികൾക്കൊപ്പം സമ്മാനങ്ങൾ നേടാനും അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
മുശൈരിബിനോടനുബന്ധിച്ച് പ്രദേശത്തെ പ്രധാന ഹോട്ടലുകളും ഈദ് പാക്കേജുകൾ അവതരിപ്പിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മുശൈരിബ് മ്യൂസിയം അവധിയായിരിക്കും. ശനി മുതൽ തിങ്കൾ വരെ രാവിലെ 11 മുതൽ രാത്രി ഏഴു വരെയാകും പ്രവേശനം. ചൊവ്വാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. മുശൈരിബിലേക്ക് പെരുന്നാൾ ആഘോഷ വേദികളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

