അഞ്ച് ദിവസം, 50,000 കാണികൾ; ഫിഫ അണ്ടർ 17 ലോക ഹിറ്റ്
text_fieldsദോഹ: കായിക ലോകത്തിന്റെ ആസ്ഥാനമായി മാറിയ ഖത്തറിൽ, ഫിഫ അണ്ടർ 17 ലോകകപ്പ് സന്ദർശക പങ്കാളിത്തത്താൽ ലോക ഹിറ്റ്. അഞ്ചു ദിവസംകൊണ്ട് 50,000 കാണികളാണ് മത്സരം കാണാനെത്തിയത്. വ്യാഴാഴ്ച ആദ്യ റൗണ്ട് മത്സരങ്ങൾ അവാസാനിച്ച് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നതോടെ കൂടുതൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക ഫുട്ബാളിലെ ഭാവി താരങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിന് ഏറെ സവിശേഷതകളോടെയാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. ടീമുകളുടെ എണ്ണം 24ൽനിന്ന് 48 ആയി ഉയർത്താനുള്ള തീരുമാനവും ടൂർണമെന്റിനെ സജീവമാക്കിയിട്ടുണ്ട്.
ഖത്തറിന്റെ ആതിഥ്യമര്യാദയും അടിസ്ഥാന സൗകര്യങ്ങളും ലോകത്തെ മികച്ച സ്റ്റേഡിയങ്ങൾ, താമസത്തിനുള്ള ഹോട്ടലുകളും മെട്രോ ഉൾപ്പെടെ യാത്രാസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങൾ കായിക ലോകത്തിനുവേണ്ടി ഖത്തർ സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിന്റെ യുവ താരങ്ങളുടെ പോരാട്ടം മനോഹരമായാണ് ഖത്തർ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്.
നവംബർ മൂന്നിന് ആരംഭിച്ച ടൂർണമെന്റ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ആസ്പയർ സോണിലെ മൈതാനങ്ങളിലാണ് നടക്കുന്നത്. നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഫൈനലിന് വേദിയാകും. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. ആസ്പയർ സോണിൽ സജ്ജീകരിക്കുന്ന ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങളുടെ സമയക്രമത്തിനായി സന്ദർശിക്കുക: https://www.fifa.com/en/tournaments/mens/u17worldcup/qatar-2025.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

