അഞ്ചു ബസ് സ്റ്റേഷനുകൾ തുറന്നു; മൂന്നെണ്ണം നിർമാണത്തിൽ
text_fieldsദോഹ: അടിസ്ഥാന പൊതു ഗതാഗത പദ്ധതിക്കു കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമിച്ച അഞ്ച് പുതിയ ബസ് സ്റ്റേഷനുകൾ ബസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഖത്തറിൽ ഉന്നത നിലവാരത്തിൽ ബസ് ഗതാഗതം പ്രദാനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബസ് സ്റ്റേഷനുകൾ. മൂന്ന് പുതിയ സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ലുസൈൽ, വക്റ, ഇൻഡസ്ട്രിയൽ ഏരിയ, അൽ സുഡാൻ, അൽ റയ്യാൻ എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളാണ് നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. മുവാസലാത്ത് (കർവ) ട്വീറ്റ് ചെയ്താണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, വെസ്റ്റ്ബേ, മുശൈരിബ്, അൽ ഗറാഫ ബസ് സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ തുറന്നുകൊടുക്കാനായേക്കുമെന്നും കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.
പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി സഹകരിച്ച് ഗതാഗത മന്ത്രാലയമാണ് പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം നടപ്പാക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ബസ് ഗതാഗത സേവനത്തോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധുനിക പാർക്കിങ് സൗകര്യങ്ങളാണ് അധികൃതർ പൊതുജനങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നത്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ പ്രചോദനവും പ്രോത്സാഹനവും നൽകുകയാണ് ഇതിലൂടെ മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്. സുഗമമായ ഗതാഗത നീക്കം, ഗതാഗതക്കുരുക്ക് കുറക്കുക, കുറഞ്ഞ അളവിലെ കാർബൺ പുറന്തള്ളപ്പെടൽ എന്നിവ നടപ്പാക്കി പൊതു റോഡുകൾ, പ്രധാന ഇൻറർസെക്ഷനുകൾ എന്നിവകളിലൂടെയെല്ലാം പൊതു ബസ് സർവിസ് നടത്തും. കൂടാതെ, രാജ്യത്തിന്റെ പൊതുഗതാഗത ശൃംഖലയിലെ സുപ്രധാന ചുവടുവെപ്പുകൂടിയായിരിക്കും പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം. ഖത്തറിന്റെ പൊതുഗതാഗത ശൃംഖലയെയും ദോഹ മെട്രോ സർവിസിനെയും വലിയരീതിയിൽ പിന്തുണക്കുന്ന പദ്ധതി, ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ടൂർണമെൻറ് വേദികളിലേക്കും ഫാൻ സോണുകളിലേക്കും വേഗത്തിൽ എത്തിപ്പെടാനും ഇത് സഹായിക്കും. ഉന്നത ആഗോള സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങൾക്ക് വിധേയമായാണ് മുഴുവൻ ബസ് സ്റ്റേഷനുകളും നിർമിച്ചിരിക്കുന്നത്.

