ഖത്തർ: ഉംസലാൽ മത്സ്യ മാർക്കറ്റ് ഭാഗികമായി തുറന്നു
text_fieldsദോഹ: ഉംസലാലിലെ ഹോൾസെയിൽ മത്സ്യ മാർക്കറ്റ് പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 15ന് അടച്ചിട്ടതിനുശേഷം ആദ്യമായാണ് മാർക്കറ്റ് തുറക്കുന്നത്. കർശനമായ സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും മത്സ്യമാർക്കറ്റ് പ്രവർത്തിക്കുക. ശക്തമായ മെഡിക്കൽ േപ്രാട്ടോകോൾ പാലിച്ച് മാത്രമേ ജീവനക്കാർക്കും സന്ദർശകർക്കും മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മത്സ്യ മാർക്കറ്റ് തുറക്കുന്നതിനുമുമ്പായി മാർക്കറ്റിലെയും ഷോപ്പുകളിലെയും മുഴുവൻ സ്ഥിരജീവനക്കാരെയും അധികൃതർ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു.
മാർക്കറ്റിലേക്ക് പ്രവേശിക്കുന്നവർ മാസ്ക് ധരിച്ചത് ഉറപ്പുവരുത്തുന്നതിനും ഇഹ്തിറാസ് ആപ്പ് പരിശോധിക്കുന്നതിനുമായി പ്രത്യേക സംഘത്തെതന്നെ കവാടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ‘ഖത്തർ ട്രിബ്യൂൺ’ പത്രം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ മാർക്കറ്റ് പൂർണമായും പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോവിഡ് േപ്രാട്ടോകോൾ നിലനിൽക്കുന്നതിനാൽ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും മാർക്കറ്റിലെ ഷോപ്പ് ജീവനക്കാർ പറയുന്നു. പ്രതിദിന മത്സ്യ ലേലം പുനരാരംഭിക്കുന്നതോടെ കച്ചവടത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉംസലാൽ മത്സ്യമാർക്കറ്റിലെ മത്സ്യലേലം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതേസമയം വക്റ, അൽഖോർ എന്നിവിടങ്ങളിലെ ഹോൾസെയിൽ മത്സ്യമാർക്കറ്റുകളിലെ പ്രതിദിന ലേലത്തിൽ നിരവധി പേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
