മത്സ്യബന്ധന കാഴ്ചകളുമായി ദോഹ ഓൾഡ് പോർട്ട്
text_fieldsദോഹ ഓൾഡ് പോർട്ടിൽ ആരംഭിച്ച ഫിഷിങ് എക്സിബിഷനിൽനിന്ന്
ദോഹ: ഖത്തറിന്റെ കടൽ പൈതൃകം പ്രദർശിപ്പിക്കുന്ന പ്രഥമ ഫിഷിങ് എക്സിബിഷന് ദോഹ പഴയ തുറമുഖത്ത് തുടക്കം. നൂറ്റാണ്ടു കാലത്തോളം ഖത്തറിലെയും മേഖലയിലെയും തലമുറകളുടെ ജീവനോപാധിയായിരുന്ന മത്സ്യബന്ധനത്തിന്റെ ചരിത്രവും പുതിയ വിശേഷങ്ങളും പൈതൃകവും കാഴ്ചക്കാരിലേക്ക് പകരുന്ന പ്രദർശനം ദോഹ ഓൾഡ് പോർട്ടിൽ സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽമുല്ല ഉദ്ഘാടനംചെയ്തു.
150 ബ്രാൻഡുകളുമായി 30ലേറെ പ്രദർശകരാണ് മേളയിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച എക്സിബിഷൻ ശനിയാഴ്ചവരെ നീണ്ടുനിൽക്കും.
മത്സ്യബന്ധനത്തിൽ താൽപര്യമുള്ളവരെയും കടൽജീവിതങ്ങളെ അറിയാൻ താൽപര്യപ്പെടുന്നവരെയും ഓൾഡ് ദോഹ പോർട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഹമ്മദ് അബ്ദുല്ല അൽമുല്ല പറഞ്ഞു. മിന പാർക്കിൽ വൈകുന്നേരം നാല് മുതൽ ഒമ്പത് വരെയാണ് പ്രദർശന വേദിയിലേക്ക് പ്രവേശനം. മേഖലയിലെ മത്സ്യബന്ധന സീസണിന് തുടക്കംകുറിക്കുന്നതിന് മുന്നോടിയായാണ് പ്രഥമ ഫിഷിങ് എക്സിബിഷന് ഖത്തർ വേദിയൊരുക്കിയത്. രാജ്യത്തിന്റെ മത്സ്യബന്ധന പൈതൃകവും പരമ്പരാഗത വഞ്ചികളും മുതൽ വിവിധ കടൽ അനുബന്ധ ഉപകരണങ്ങളും ഉൽപന്നങ്ങളും നിരന്നു നിൽക്കുന്നതാണ് പ്രദർശന മേള.
വരും വർഷങ്ങളിൽ കൂടുതൽ ആവേശത്തോടെ തുടരാൻ ഉദ്ദേശിക്കുന്ന പ്രദർശനം, ഖത്തറിലെ പൊതുസമൂഹത്തിന്റെ ആഘോഷമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തത്സമയ കലാ പ്രകടനങ്ങൾ, പരിശീലനങ്ങൾ, ആവേശകരമായ മത്സരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. അവസാന ദിനം മത്സ്യബന്ധന മത്സരവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

