കടൽപൈതൃകം പകർന്ന് മത്സ്യബന്ധന പ്രദർശനത്തിന് കൊടിയിറക്കം
text_fieldsദോഹ ഓൾഡ് പോർട്ടിൽ സമാപിച്ച ഫിഷിങ് എക്സിബിഷന്റെ സമാപനമായി നടന്ന മീൻപിടിത്ത മത്സരത്തിൽനിന്നുള്ള മത്സ്യം പ്രദർശിപ്പിക്കുന്നു
ദോഹ: ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും മത്സ്യബന്ധന, സമുദ്ര പൈതൃക ജീവിതം തലമുറകളിലേക്ക് പകർന്നുകൊണ്ട് പ്രഥമ മത്സ്യബന്ധന പ്രദർശനത്തിന് ദോഹ ഓൾഡ് പോർട്ടിൽ സമാപനമായി. നാലു ദിവസങ്ങളിലായി പതിനായിരത്തിലേറെ സന്ദർശകരെ ആകർഷിച്ച പ്രദർശനത്തിലേക്ക് സ്വദേശികളും പ്രവാസികളും ഉൾപ്പെടെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം കൗതുകത്തോടെ എത്തി.
ശനിയാഴ്ച സമാപന ദിവസത്തിൽ മീൻപിടിത്ത മത്സരം ശ്രദ്ധേയമായി. വൻതുക സമ്മാനത്തുക നിശ്ചയിച്ച മീൻപിടിത്ത മത്സരത്തിൽ 132 ടീമുകളാണ് രജിസ്റ്റർ ചെയ്തത്. എല്ലാ ടീമുകളിലുമായി 578 പേർ മീൻപിടിത്തത്തിന്റെ ഭാഗമായി. ടീമുകളുടെ ആധിക്യം കാരണം വെള്ളിയാഴ്ച തന്നെ മത്സരത്തിന് തുടക്കം കുറിച്ചിരുന്നു. ഏറ്റവും വേഗത്തിൽ വലിയ മീൻ പിടിച്ചവരെ ശനിയാഴ്ച നടന്ന ചടങ്ങിൽ വിജയികളായി പ്രഖ്യാപിച്ചു.
ബോട്ടിൽ മീൻ പിടിക്കുന്ന വിഡിയോ സഹിതം സമർപ്പിച്ചായിരുന്നു മത്സരം. ഏറ്റവും വലിയ മീൻപിടിത്ത ടീമിന് ഒന്നാം സമ്മാനമായി ഒന്നര ലക്ഷം റിയാൽ സമ്മാനിച്ചു. രണ്ടാം സമ്മാനം 75,000 റിയാലും, മൂന്നാം സമ്മാനം 45,000 റിയാലും സമ്മാനമായി നൽകി. ആദ്യ 25 സ്ഥാനക്കാർ അവകാശികളായി.
ഖത്തറിന്റെ സമുദ്ര, മത്സ്യബന്ധന മേഖലയിൽ പുതു അധ്യായമായി നാലു ദിവസത്തെ പ്രദർശനം ഓൾഡ് പോർട്ടിൽ സമാപിച്ചു. ചൂണ്ടയും വലയും കൊട്ടയും മുതൽ അത്യാധുനിക മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകൾ, രക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു പ്രദർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.