സീലൈൻ നാചുറൽ റിസർവിൽ മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു
text_fieldsസീലൈൻ നാചുറൽ റിസർവിൽ മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുന്നു
ദോഹ: ഭാവി തലമുറകൾക്കായി പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുത്തതിനും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പരിസ്ഥിതി കാലാവസ്ഥവ്യതിയാന മന്ത്രാലയം രാജ്യത്തിന്റെ തെക്കൻ മേഖലയിലെ സീലൈൻ നാചുറൽ റിസർവിൽ കടലിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു.
പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള നാചുറൽ റിസർവ് ഡിപ്പാർട്മെന്റിന്റെയും മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിന്റെയും പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള അക്വാട്ടിക് റിസർച് സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.പരിസ്ഥിതി സുസ്ഥിരതക്കായുള്ള ഖത്തർ നാഷനൽ വിഷനുമായി യോജിച്ച് രാജ്യത്തെ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ വിശാലമായ നയങ്ങളുടെ ഭാഗമാണിത് നടപ്പാക്കിയത്.
പ്രാദേശിക മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മത്സ്യങ്ങളെ തുറന്നുവിട്ടത്. ഇതു ദേശീയ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നൽകുന്നു. അക്വാട്ടിക് റിസർച് സെന്റർ നടത്തിയ ശാസ്ത്രീയ പഠനത്തെ അടിസ്ഥാനമാക്കിയാണ് മത്സ്യങ്ങളെ തെരഞ്ഞെടുത്തതും തുറന്നുവിടുന്ന സമയവും തീരുമാനിച്ചത്. സംരക്ഷണ കേന്ദ്രത്തിന്റെ പരിസ്ഥിതിക്ക് അനുസൃതമായി, മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചക്കും പുനരുൽപാദനത്തിനും അനുയോജ്യമായ മത്സ്യങ്ങളെയാണ് പുറത്തുവിട്ടത്.
ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക, തീരദേശ-സമുദ്ര മേഖലകളിൽ മനുഷ്യന്റെ കടന്നുകയറ്റം കുറക്കുക തുടങ്ങി കൃത്യമായ സമുദ്ര സംരക്ഷണ നയം മന്ത്രാലയം പിന്തുടരുന്നുണ്ട്.
ഖത്തറിലെ പ്രധാന പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സീലൈൻ റിസർവ് സമ്പന്നമായ ജൈവവൈവിധ്യത്തിനും സവിശേഷമായ പാരിസ്ഥിതിക ചുറ്റുപാടുകൾക്കും പേരുകേട്ട ഇടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

