ലോകകപ്പ് യോഗ്യതയാണ് ആദ്യ ലക്ഷ്യം -ക്വിറോസ്
text_fieldsഖത്തർ ദേശീയ ടീം കോച്ച് കാർലോസ് ക്വിറോസ് കൊച്ചു
ആരാധകനൊപ്പം 12ാം നമ്പർ ജഴ്സിയുമായി
ദോഹ: 2026ൽ അല്ല, ഞങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് ഈ വരുന്ന നവംബറിൽ തുടക്കം കുറിക്കുമെന്ന് ഖത്തർ ദേശീയ ടീം പരിശീലകൻ കാർലോസ് ക്വിറോസ്. സ്വന്തം മണ്ണിലെ ലോകകപ്പിൽ ആതിഥേയരെന്ന നിലയിൽ പന്തു തട്ടിയ ഖത്തറിന്റെ അടുത്ത ഏറ്റവും വലിയ ലക്ഷ്യം 2026 ലോകകപ്പിന് യോഗ്യത ഉറപ്പിക്കുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ ദേശീയ ടീമിന്റെ പരിശീലക പദവി ഏറ്റെടുത്ത ശേഷം ആദ്യമായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കാർലോസ് ക്വിറോസ് തന്റെ തയാറെടുപ്പുകളും സ്വപ്നങ്ങളും പങ്കുവെച്ചത്.
നാലുവർഷത്തിനപ്പുറം അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ജർമൻ, ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട് എന്നിവരുടെ ലോകകപ്പായിരിക്കുമെന്ന് ക്വിറോസ് പ്രവചിച്ചു.
‘2026 ലോകകപ്പിലേക്കുള്ള പ്രയാണം, ഒരു മാരത്തൺ യാത്രയായിരിക്കും. ലോകകപ്പിൽ ആദ്യമായി ഖത്തറിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് എന്റെ സ്വപ്നം. നമ്മുടെ ലോകകപ്പ് എന്നത്, ഈ നിമിഷത്തിൽ ലോകകപ്പിന് യോഗ്യത നേടുകയാണെന്നുള്ളതാണ്. അതായിരിക്കും ഞങ്ങളുടെ ആദ്യ കിരീടം’ -ക്വിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിന് ശേഷം നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത കാമ്പയിനും 2024ലെ ഏഷ്യൻ കപ്പിനുമായി ടീമിനെ തയാറാക്കുകയാണ് തന്റെ പ്രധാന മുൻഗണനകളെന്നും മുൻ പോർച്ചുഗീസ് പരിശീലകൻ വ്യക്തമാക്കി.
‘ഒരു ചുവട് കൊണ്ട് ഒരു പർവതം കീഴടക്കാൻ സാധിക്കുന്നില്ലെങ്കിൽ ഓരോ ചുവട് വെച്ചിട്ടായിരിക്കണം അതിന് പ്രയത്നിക്കേണ്ടത്. നിങ്ങൾ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വിജയിയാകണം. ലോകകപ്പിന് യോഗ്യത നേടുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. 2023 നവംബറിൽ നമ്മുടെ ലോകകപ്പ് യാത്ര ആരംഭിക്കുകയാണ്. അധികം സമയം മുന്നിലില്ല. നമ്മുടെ ലോകകപ്പ് യാത്ര തുടങ്ങാൻ 183 ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. ഒരു ചുവട് കൊണ്ട് നമുക്ക് പർവതം കീഴടക്കാൻ സാധിക്കില്ലെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. നിരവധി ചുവടുകളാണ് മുന്നിലുള്ളത്.’ -ക്വിറോസ് വിശദീകരിച്ചു.
2014 ഫിഫ ലോകകപ്പ്, 2015 എ.എഫ്.സി ഏഷ്യൻ കപ്പ്, 2018 ഫിഫ ലോകകപ്പ്, 2022 ഖത്തർ ലോകകപ്പ് എന്നിവയിൽ ഇറാനെ പരിശീലിപ്പിക്കുന്നതിന് മുമ്പ് 2010ൽ പോർചുഗൽ ടീമിന്റെ പരിശീലകനായിരുന്നു ക്വിറോസ്. 2026 ലോകകപ്പിനെത്തുകയാണെങ്കിൽ ക്വിറോസിന്റെ അഞ്ചാം ലോകകപ്പായിരിക്കുമത്.
ജനുവരിയിൽ സ്വന്തം നാട്ടിൽ നടക്കുന്ന ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്തുന്നതിന് ഖത്തറിനെ സഹായിക്കുകയെന്നത് തന്റെ പ്രഥമ വെല്ലുവിളിയായിരിക്കുമെന്ന് ക്വിറോസ് പറഞ്ഞു. 2019ൽ ഖത്തർ ഏഷ്യൻ കപ്പ് സ്വന്തമാക്കി. എന്നാൽ ഇന്ന് ഖത്തർ ഏഷ്യയിൽ ആറാമതാണ്. ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഇറാൻ, സൗദി അറേബ്യ എന്നിവർ നമ്മളേക്കാൾ മുന്നിലാണ്.
നമ്മുടെ മുന്നിലുള്ള ആദ്യ പർവതമാണിത്. മുൻനിര ഏഷ്യൻ ടീമുകൾക്കെതിരെ വെല്ലുവിളിയുയർത്താൻ കഴിയണം. ഏഷ്യൻ കിരീടം നിലനിർത്താൻ സാധിക്കണം. എന്നാൽ ഇത് എളുപ്പമായിരിക്കില്ല. കഠിനാധ്വാനം തന്നെ ചെയ്യണം. അവിടെയും ഇവിടെയും ജയിക്കാതെ സ്ഥിരമായി ജയിക്കാൻ ഖത്തറിന് സാധിക്കണം.
നമ്മൾ മികച്ചവരാകണമെങ്കിൽ മികച്ചവരുമായി മത്സരിക്കുകയും അവരെ വെല്ലുവിളിക്കുകയും വേണം.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ചൈന, തജികിസ്താൻ, ലബനാൻ എന്നിവർക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം.
ഹോം ക്യാമ്പിന് ശേഷം ഖത്തറിന്റെ രണ്ടാം ഘട്ട പരിശീലനം ഓസ്ട്രിയയിൽ ആരംഭിക്കുമെന്ന് ക്വിറോസ് വ്യക്തമാക്കി.
ഗോൾഡ് കപ്പിൽ രണ്ടാം തവണയും അതിഥി രാഷ്ട്രമായി പങ്കെടുക്കുന്ന ഖത്തർ, ജൂൺ 24ന് ഹൂസ്റ്റണിൽ ഹെയ്തിയെ നേരിട്ടാണ് ഗോൾഡ് കപ്പ് കാമ്പയിന് തുടക്കം കുറിക്കുക. ജൂൺ 29ന് ഹോണ്ടുറാസിനെയും ജൂലൈ 2ന് മെക്സികോയെയും ഖത്തർ നേരിടും.
ഫെലിക്സ് സാഞ്ചസിന് പകരക്കാരനായി ലോകകപ്പിന് ശേഷം ഖത്തറിന്റെ പരിശീലകനായ ക്വിറോസ്, ഗോൾഡ് കപ്പിനുള്ള അവസാന 26 അംഗ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. നിരവധി മുതിർന്ന കളിക്കാരെ പുറത്തിരുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹസൻ അൽ ഹൈദൂസ്, അക്രം അഫീഫ്, സഅദ് അൽ ഷീബ്, ബൂഅലാം ഖൗഖി, കരീം ബുദിയാഫ്, പെഡ്രോ മിഗ്വൽ, അബ്ദുൽ അസീസ് ഹാതിം എന്നിവർ ഒഴിവാക്കിയവരിലുൾപ്പെടും. പഴയ താരങ്ങളെ ഒഴിവാക്കി, പുതിയ കളിക്കാരെ അവതരിപ്പിക്കുന്നതിലൂടെ ദേശീയ താരങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്ന് ക്വിറോസ് വ്യക്തമാക്കി. യഥാർഥത്തിൽ ഇവരെ ഒഴിവാക്കിയതല്ല. ഒഴിവാക്കുകയെന്നത് എന്റെ നിഘണ്ടുവിലില്ല. മികച്ച പ്രകടനം നടത്തുന്നവർക്കുള്ള പ്രതിഫലമാണ് ടീമിലേക്കുള്ള വിളി. അതോടൊപ്പം ചില താരങ്ങൾക്ക് വിശ്രമം നൽകുകയെന്നത് ശരിയായ തീരുമാനവുമാണ്.
ഖത്തറിന്റെ മത്സരങ്ങളിലുൾപ്പെടെ സ്റ്റേഡിയങ്ങൾ നിറയണമെന്നാവശ്യപ്പെട്ട ക്വിറോസ്, ആരാധകർ ഞങ്ങളുടെ 12ാമത് കളിക്കാരാണ്, ഈ വെല്ലുവിളിയിൽ ഞങ്ങൾക്ക് അവരുടെ അകമഴിഞ്ഞ സ്ഥിരമായ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

