ഖത്തറിലേത് ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പ്
text_fieldsഡോ. സൗദ് അബ്ദിൽ ഗനി
ദോഹ: ലോകോത്തര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളിൽ നിന്നും ലോകകപ്പ് മത്സരങ്ങളുടെ ഏറ്റവും മികച്ച കാഴ്ചയായിരിക്കും ആരാധകർക്ക് ഖത്തർ സമ്മാനിക്കുകയെന്ന് സ്റ്റേഡിയം കൂളിങ് ടെക്നോളജി എൻജിനീയർ ഡോ. സഈദ് അബ്ദിൽ ഗനി. അറബ് പൈതൃകവും മേഖലയിലെ ജനപ്രിയ അടയാളങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഓരോ വേദിയെന്നും ഇത് മറ്റു ടൂർണമെൻറുകളിൽ നിന്നും ഖത്തർ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നുവെന്നും ഡോ. അബ്ദിൽ ഗനി കൂട്ടിച്ചേർത്തു.
ഫിഫ ലോകകപ്പ് ടൂർണമെൻറുകളിലെ ഏറ്റവും മികച്ച പതിപ്പിനായിരിക്കും ഖത്തറിൽ ലോകം സാക്ഷ്യം വഹിക്കുക. പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പായിരിക്കും ഖത്തറിലേതെന്നും ഡോ. അബ്ദിൽ ഗനി വ്യക്തമാക്കി. കൂൾഡ് ഗ്രാസ് സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്ന ലോകകപ്പ് കൂടിയാണിത്. സേട്രാ, പ്ലാസ്റ്റിക്, കാർട്ടോൺ, ജലം എന്നിവയാണ് ഇതിലെ ഘടകങ്ങൾ. എല്ലാ കാലാവസ്ഥയിലും പുല്ലിന്റെ താപനില 29-30 ഡിഗ്രി ആയി നിലനിർത്താൻ ഇത് സഹായിക്കും.
ശീതീകരണ പ്രക്രിയക്കായി ഉപയോഗിച്ചിരിക്കുന്നത് അൽ ഖർസാ സൗരോർജ പദ്ധതിയിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയാണ്. ഖത്തർ വിഷൻ 2030ന്റെ ഭാഗമായി ഖത്തറിലെ പദ്ധതികളെല്ലാം സുസ്ഥിരമാണ്. ഓരോ സ്റ്റേഡിയവും ആർക്കിടെക്ചറൽ മാസ്റ്റർപീസാണ്. ഓരോ സ്റ്റേഡിയത്തിലും വ്യത്യസ്ത രീതിയിലാണ് തണുപ്പിക്കുന്ന സാങ്കേതികവിദ്യ രൂപകൽപന ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ രൂപകൽപനക്കും ഘടനക്കും മാറ്റം വരാതിരിക്കാൻ വേണ്ടിയാണിത്.
ഓരോ സ്റ്റേഡിയത്തിന്റെയും ശീതീകരണ നിയന്ത്രണ സംവിധാനം ആരാധകരുടെ എണ്ണം, പുറത്തെ താപനില തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്തമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്- അദ്ദേഹം വിശദീകരിച്ചു.
അൽ ബെയ്ത് സ്റ്റേഡിയം ഏറെ ഉയരമുള്ളതിനാൽ ഇവിടത്തെ ശീതീകരണ സംവിധാനം ഒരുക്കിയത് അൽ ജനൂബിലേ മാതൃകയിലല്ല. വായുസഞ്ചാരം കൂടുതൽ സുഖമമാവുന്ന രൂപകൽപനയിലാണ് അൽ ജനൂബ് സ്റ്റേഡിയത്തിന്റെ മാതൃക. അതുകൊണ്ടു തന്നെ സ്റ്റേഡിയങ്ങളുടെ ഡിസൈനും ശീതീകരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ മാനദണ്ഡമാവുന്നുണ്ട്. സ്റ്റേഡിയത്തിലെ താപനില ഓരോ മിനിറ്റിലും വിലയിരുത്തും. ഫിഫ മെഡിക്കൽ സംഘമാണ് സ്റ്റേഡിയത്തിലെ താപനില പരിശോധിക്കുക.
കളിക്കാർക്ക് വെള്ളം കുടിക്കാനുള്ള ഇടവേള തീരുമാനിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. മത്സരത്തിന് ഒരു മണിക്കൂർ മുമ്പും, കളിതുടങ്ങി 90 മിനിറ്റും മെഡിക്കൽ ടീം സ്റ്റേഡിയത്തിന്റെ മുഴുവൻ വശവും പരിശോധിച്ച് താപനില വിലയിരുത്തും. മുമ്പ് ദക്ഷിണാഫ്രിക്കയിലും മറ്റും മൈതാനത്ത് താപനില കൂടിയപ്പോൾ കളി നിർത്തിവെച്ച് ഇടവേളയെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഖത്തറിൽ അങ്ങനെയൊരു സാഹചര്യമുണ്ടാവില്ല. ആവശ്യാനുസരണം സ്റ്റേഡിയത്തിലെ താപനില നിയന്ത്രിക്കാൻ കൺട്രോൾ റൂമിലെ സംവിധാനങ്ങൾ വഴി കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

