ദോഹയിൽ തീപാറും അങ്കം
text_fieldsഡയമണ്ട് ലീഗിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾ നോബ്ൾ ഇന്റർനാഷനൽ സ്കൂൾ സന്ദർശിച്ചപ്പോൾ
ദോഹ: ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര, സ്പ്രിന്റ് ട്രാക്കിൽ വേഗം കൊണ്ട് അതിശയിപ്പിച്ച് മൂന്ന് ഒളിമ്പിക്സ് സ്വർണവും 10 ലോകചാമ്പ്യൻഷിപ് സ്വർണവും സ്വന്തമാക്കിയ ജമൈക്കയുടെ ഷെല്ലി ആൻഫ്രെയ്സർ, ഹൈജംപിൽ ഖത്തറിന്റെ പൊന്മുത്തം മുഅ്തസ്സ് ബർശിമും ശക്തനായ എതിരാളി ഹാമിശ് ഖെറും തുടങ്ങി ലോക അത്ലറ്റിക്സിലെ വമ്പന്മാർ ഇന്ന് ദോഹയുടെ മണ്ണിൽ പോരടിക്കും.
താരസാന്നിധ്യംകൊണ്ട് സമീപകാല സീസണുകളിലെ ഏറ്റവും ശ്രദ്ധേയമായ ഡയമണ്ട് ലീഗ് മത്സരത്തിനുകൂടിയാണ് ഇന്ന് വൈകീട്ട് മുതൽ രാത്രി വരെ ഖത്തർ സ്പോർട്സ് ക്ലബിലെ സിന്തറ്റിക് ട്രാക്കും ഫീൽഡും വേദിയാകുന്നത്. ഇന്ത്യയുടെ നീരജ് ചോപ്രയും സഹതാരം കിഷോർ ജെനയും ഉൾപ്പെടെ നാലുപേരാണ് മത്സരിക്കുന്നത്. ഡയമണ്ട് ലീഗിലെ പോസ്റ്റർ ബോയ് ആയി മാറിയ നീരജ് മികച്ച ഫോമിലാണ് ഇത്തവണ ഖത്തറിലെത്തുന്നതെന്നത് പ്രതീക്ഷയാണ്.
ഒളിമ്പിക്സ്-ലോകചാമ്പ്യൻഷിപ് വനിത സ്പ്രിന്റ് റേസിൽ ട്രാക്കിനെ കിടിലംകൊള്ളിച്ച ജമൈക്കയുടെ ഷെല്ലി ആൻ ഫ്രെയ്സർ തന്നെയാണ് ഈ ലീഗിന്റെ ശ്രദ്ധാ കേന്ദ്രം.
ഷെല്ലി ആൻ ഫ്രെയ്സർ
ദോഹയിൽ വാർത്തസമ്മേളനത്തിനിടെ
ദോഹയിൽ 100 മീറ്ററിലാണ് താരം മത്സരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആദ്യമായാണ് ഷെല്ലി ഡയമണ്ട് ലീഗിൽ മാറ്റുരക്കാനെത്തുന്നത്. 45 ഒളിമ്പിക്സ്, ലോകചാമ്പ്യന്മാരാണ് സീസണിലെ വമ്പൻ പോരാട്ടങ്ങളുടെ ആരംഭ വേദികൂടിയായ ഡയമണ്ട് ലീഗിൽ മാറ്റുരക്കുന്നത്. ഖത്തർ സമയം വൈകീട്ട് നാലിന് മത്സരങ്ങൾക്ക് തുടക്കമാകും. ഖത്തർ ദേശീയ താരങ്ങളും മറ്റും പങ്കെടുക്കുന്ന ജൂനിയർ മത്സരങ്ങളോടെയാണ് തുടക്കം കുറിക്കുന്നത്.
ഡയമണ്ട് ലീഗിലെ പ്രധാന മത്സരങ്ങൾക്ക് 5.48ന് പുരുഷ വിഭാഗം ഡിസ്കസ് മത്സരങ്ങളോടെ തുടക്കമാവും.
നീരജ് ചോപ്ര മത്സരിക്കുന്ന ജാവലിൻ ത്രോ രാത്രി 7.43ന് ആരംഭിക്കും. പോൾവാൾട്ട് (6.02), ട്രിപ്ൾ ജംപ് (6.23), 400 മീ. വനിത ഫൈനൽ (7.04), ഹൈജംപ് (7.10), 110 മീ. ഹർഡ്ൽസ് (7.24), 100 മീ. വനിത ഫൈനൽ (7.36), 200 മീ. പുരുഷ ഫൈനൽ (8.22) എന്നിങ്ങനെയാണ് ഇന്നത്തെ പ്രധാന മത്സരങ്ങളുടെ ഷെഡ്യൂൾ.
വിദ്യാർഥികളുമായി സംവദിച്ച് താരങ്ങൾ
ഡയമണ്ട് ലീഗിൽ മാറ്റുരക്കുന്ന ഇന്ത്യൻ താരങ്ങൾ ഖത്തറിലെ നോബ്ൾ ഇന്റർനാഷനൽ സ്കൂളിലെത്തി വിദ്യാർഥികളുമായി സംവദിച്ചു. ഏഷ്യൻ ഗെയിംസ് 5000 മീറ്റർ സ്വർണ മെഡൽ ജേതാവ് പാരുൾ ചൗധരി, ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ കിഷോർ ജെന, വെങ്കല മെഡൽ ജേതാവ് ഗുൽവീർ സിങ് എന്നിവരാണ് ‘മീറ്റ് ദി സ്പോർട്സ് സ്റ്റാർ’ എന്ന പരിപാടിയിൽ കുട്ടികളുമായി സംവദിച്ചത്. കായികമേഖലയിലെ അവരുടെ ജീവിതാനുഭവങ്ങൾ അവർ വിദ്യാർഥികളുമായി പങ്കുവെച്ചു. മികച്ച വിജയത്തിന് പിന്നിൽ നിരന്തര പരിശ്രമവും ആത്മവിശ്വാസവും പ്രധാനമാണെന്ന് താരങ്ങൾ അഭിപ്രായപ്പെട്ടു.
വിദ്യാർഥികളിൽ ഉത്സാഹവും ആത്മവിശ്വാസവും വളർത്താനും കായിക മേഖലയിലേക്കുള്ള സ്വപ്നങ്ങൾക്ക് ചിറകേകാനുമായുള്ള മികച്ച അവസരമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജും പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.