അന്തിമ സംഘമായി; ഖത്തർ അമേരിക്കയിലേക്ക്
text_fieldsഖത്തർ ടീം അംഗങ്ങൾ
ദോഹ: സന്നാഹമത്സരങ്ങൾ അവസാനിച്ചതിനുപിന്നാലെ കോൺകകാഫ് ഗോൾഡ് കപ്പിനുള്ള ഖത്തറിന്റെ 23 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിച്ചു. ഓസ്ട്രിയയിൽ നടന്ന പരിശീലനം പൂർത്തിയാക്കിയാണ് മൂന്നുപേരെ ഒഴിവാക്കി അന്തിമസംഘത്തെ കോച്ച് കാർലോസ് ക്വിറോസ് പ്രഖ്യാപിച്ചത്. ടീം ചൊവ്വാഴ്ചയോടെ അമേരിക്കയിലേക്ക് പറന്നു. ഞായറാഴ്ച കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂലൈ 16നാണ്.
മേയ് രണ്ടാം വാരത്തിലായിരുന്നു 26 അംഗ ടീമിനെ തിരഞ്ഞെടുത്തത്. നായകൻ ഹസൻ അൽ ഹൈദോസ്, മുന്നേറ്റത്തിലെ സൂപ്പർതാരം അക്രം അഫിഫ്, ബൗദിയാഫ് ഉൾപ്പെടെ സീനിയർതാരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഖത്തർ ടൂർണമെന്റിനായി പറക്കുന്നത്. ക്രൊയേഷ്യ ബി, ജമൈക്ക ടീമുകൾക്കെതിരെ സന്നാഹം കളിച്ചാണ് ഖത്തർ വമ്പൻ ടൂർണമെന്റിന് ഒരുങ്ങുന്നത്.
ഗ്രൂപ് ‘ബി’യിൽ മെക്സികോ, ഹെയ്തി, ഹോണ്ടുറസ് ടീമുകൾക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. 26ന് ഹെയ്തിക്കെതിരെയാണ് ഗ്രൂപ്പിലെ ആദ്യ മത്സരം.
30ന് ഹോണ്ടുറസിനെയും ജൂലൈ മൂന്നിന് മെക്സികോയെയും നേരിടും. 2021ൽ കോൺകകാഫിൽ കളിച്ച ഖത്തർ സെമി ഫൈനൽ വരെ എത്തിയിരുന്നു. 26 അംഗ ടീമിലുണ്ടായിരുന്ന അഹമ്മദ് അലാൽദീൻ പരിക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. അൽ അറബി ഗോൾകീപ്പർ ജാസിം അൽ ഹൈൽ, അൽ ദുഹൈൽ പ്രതിരോധ താരം മുഹമ്മദ് അൽ നുഐമി എന്നിവരെയും ഒഴിവാക്കി.
ഖത്തർ ടീം
ഗോൾകീപ്പർമാർ: യൂസുഫ് ഹസൻ, മിഷാൽ ബർഷിം, സലാഹ് സകരിയ.
പ്രതിരോധം: യൂസുഫ് അയ്മൻ, ഹുമാം അൽ അമിൻ, മുസ്അബ് ഖാദിർ, താരിഖ് സൽമാൻ, ഹസിം അഹമ്മദ്, ജാസിം ജാബിർ, ബസാം അൽ റാവി, അഹമ്മദ് സുഹൈൽ.
മധ്യനിര: മഹ്ദി സലിം, മുസ്തഫ മിഷാൽ, മുഹമ്മദ് വാദ്, അലി അസദ്, അബ്ദുല്ല മറാഫി, ആസിം മാദിബോ, അഹമ്മദ് ഫാതി.
മുന്നേറ്റം: യൂസുഫ് അബ്ദുറിസാഖ്, മുഹമ്മദ് മുൻതാരി, ഖാലിദ് മുനീർ, തമിം മൻസൂർ, അൽ മുഈസ് അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

