ലോകകപ്പ് -അറബ് കപ്പ് നറുക്കെടുപ്പ് 25ന് ദോഹയിൽ
text_fieldsദോഹ: ഖത്തറിലെയും ലോകത്തെയും ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കൗമാര ഫുട്ബാളിന്റെ പോരാട്ട ചിത്രം മേയ് 25ന് അറിയാം. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തർ വേദിയൊരുക്കുന്ന ഫിഫ അറബ് കപ്പിന്റെയും ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും.
ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളും, മാറ്റുരക്കുന്ന ടീമുകളുടെ പ്രതിനിധികളും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന താര സമ്പന്നമായ ചടങ്ങിലാണ് നറുക്കെടുപ്പ്. ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ദോഹ വേദിയാകും. നവംബർ മൂന്നു മുതൽ 27 വരെയാണ് ഫിഫ അണ്ടർ 17 മത്സരങ്ങൾക്ക് ഖത്തറിലെ ലോകകപ്പ് വേദികൾ ആതിഥ്യമൊരുക്കുന്നത്.
48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി തിരിച്ചാവും നറുക്കെടുപ്പ്. ആതിഥേയരായ ഖത്തറും മുൻനിര റാങ്കിലുള്ള ടീമുകളും ഒന്നാം പോട്ടിലാവും ഇടം പിടിക്കുക. ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ എന്ന നിലയിൽ 12 ഗ്രൂപ്പുകളിലായാവും ടീമുകളെ വിന്യസിക്കുന്നത്.
അറേബ്യൻ ഫുട്ബാളിന്റെ ഉത്സവമാവുന്ന ഫിഫ അറബ് കപ്പിന്റെ നറുക്കെടുപ്പും 25ന് ദോഹയിലെ വേദിയിൽതന്നെ നടക്കും. ഡിസംബർ ഒന്നു മുതൽ 18 വരെയാണ് അറബ് കപ്പ് ടൂർണമെന്റ്. അറബ് മേഖലയിൽനിന്നുള്ള 16 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. ആതിഥേയരായ ഖത്തറും, ചാമ്പ്യന്മാരായ അൽജീരിയയും ഉൾപ്പെടെ ഒമ്പത് ടീമുകൾ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടി.
ശേഷിക്കുന്ന ഏഴ് ടീമുകളെ 14 ടീമുകൾ മാറ്റുരക്കുന്ന പ്ലേഓഫിലൂടെ തെരഞ്ഞെടുക്കും. നവംബറിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. ഇതുൾപ്പെടെ എല്ലാ മത്സരങ്ങളുടെയും നറുക്കെടുപ്പ് ഇത്തവണ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

