ഫിഫ ലോകകപ്പ്: സ്വാഗതം 'അലമാനിയ'
text_fieldsയൂറോപ്യൻ യോഗ്യതാ റൗണ്ടിൽ കളിച്ച ജർമൻ ടീം
ദോഹ: അങ്ങനെ, അറബ് മണ്ണ് കാത്തുകാത്തിരിക്കുന്ന വിശ്വമേളയിലേക്ക് പോരാളികൾ കച്ചമുറുക്കിത്തുടങ്ങി. ഖത്തർ വേദിയാവുന്ന 2022 ഫിഫ ലോകകപ്പിൽ പന്തുതട്ടാൻ ആദ്യം യോഗ്യത നേടുന്ന ടീമായി ലോതർ മത്തേവൂസിെൻറയും ഒളിവർ ഖാെൻറയും ഗെർഡ് മുള്ളറുടെയും പിന്മുറക്കാരായ അലമാനിയക്കാർ മാറി. സ്പാനിഷിലെ ജർമനിയുടെ വിളിപ്പേരാണ് അലമാനിയ. 2014ൽ ബ്രസീലിെൻറ മണ്ണിൽ തകർത്താടിയ ജർമനിയെ ഓർമയില്ലേ. സ്വന്തം മണ്ണിൽ വിശ്വം കീഴടക്കാൻ മോഹിച്ച കാനറിപ്പടയെ സെമിഫൈനലിൽ 7-1ന് കണ്ണീരണിയിച്ചും ഫൈനലിൽ ലയണൽ മെസ്സിയുടെ അർജൻറീനയുടെ മോഹങ്ങൾ കരിയിച്ചും (1-0) കപ്പുയർത്തിയ മാനുവൽ നോയറും ബാസ്റ്റ്യൻ ൈഷ്വൻസ്റ്റീഗറും ഫിലിപ് ലാമും അടങ്ങിയ ജർമനി. എന്നാൽ, ആ കിരീടവിജയത്തിെൻറ പട്ടവുമായി 2018ൽ റഷ്യയിലെത്തിയ അലമാനിയക്കാർക്ക് നാണക്കേടായിരുന്നു കാത്തിരുന്നത്. ഗ്രൂപ് റൗണ്ടിൽതന്നെ ടീം മടങ്ങിയപ്പോൾ ഒരു ജയം മാത്രമായിരുന്നു സമ്പാദ്യം. മെക്സികോയോടും കൊറിയയോടും തോറ്റുമടങ്ങി. ആ ദുരന്തചിത്രം മറന്നുകൊണ്ട് ഖത്തറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമനി മാറുന്നു. ബ്രസീലിൽ കപ്പുയർത്തിയ ടീമിെൻറ നട്ടെല്ലായിരുന്ന മാനുവർ നോയറും തോമസ് മ്യൂളറും ഇന്നും പരിചയസമ്പത്തിെൻറ കരുത്തുമായി അവർക്കൊപ്പമുണ്ട്. ഒരുവർഷത്തിനപ്പുറം ഖത്തറിലേക്ക് വിമാനം കയറുേമ്പാഴും അലമാനിയപ്പടയുെട നെടുംതൂണായി ഇവരുണ്ടാവുമെന്നാണ് ആരാധക പ്രതീക്ഷകൾ. ജർമനിയുടെ 20ാം ലോകകപ്പ് പങ്കാളിത്തമാവും ഖത്തറിലേത്.
15 വർഷത്തോളം ടീമിന് തന്ത്രമോതിയ യൊവാഹിം ലോയ്വിെൻറ പടിയിറക്കത്തിനുപിന്നാലെ പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിലാണ് ജർമനിയുടെ വരവ്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ് 'ജെ'യിൽ കളിച്ച എട്ടിൽ ഏഴും ജയിച്ച് ഒന്നാം സ്ഥാനക്കാരായ മുൻ ചാമ്പ്യന്മാരുടെ വരവിനും ഒരു ഗാംഭീര്യമുണ്ട്. ഇനിയും രണ്ടു കളി കൂടി ബാക്കിയുണ്ട്. 2022 നവംബർ 21നാണ് അറബ് മണ്ണിലെ ആദ്യ ലോകകപ്പിന് ഖത്തർ വേദിയാവുന്നത്. ഒരുവർഷത്തെ കൗണ്ട് ഡൗൺ അടുത്തമാസം തുടങ്ങാനിരിക്കെ വേദികളെല്ലാം പൂർണ സജ്ജമാണ്. ലോകകപ്പിെൻറ വിളംബരമായ ഫിഫ അറബ് കപ്പിനായുള്ള ഒരുക്കത്തിലാണ് ഖത്തർ. നവംബർ 30ന് കിക്കോഫ് കുറിക്കുന്ന അറബ് ടീമുകളുടെ അങ്കം, ലോകകപ്പിെൻറ വിളംബരം കൂടിയാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ലോകകപ്പിെൻറ എട്ടിൽ ആറ് സ്റ്റേഡിയങ്ങളും അറബ് കപ്പിനും വേദിയാവുന്നുണ്ട്.
ലോകകപ്പ് : സ്റ്റേഡിയം മാനേജർമാർക്ക് പരിശീലനം ആരംഭിച്ചു
ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് വേദികളുടെ സുരക്ഷാ ചുമതലയുള്ള മാനേജർമാർക്കുള്ള പരിശീലനത്തിെൻറ ആദ്യ ഘട്ടം ദോഹയിൽ ആരംഭിച്ചു. അറബ് ലോകത്തും മിഡിലീസ്റ്റിലുമായി നടക്കുന്ന പ്രഥമ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്ന 28 മാനേജർമാർക്കും അവരുടെ സഹായികൾക്കുമുള്ള പരിശീലനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 2022 ലോകകപ്പ് ഖത്തർ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപറേഷൻ കമ്മിറ്റിക്ക് (എസ്.എസ്.ഒ.സി) കീഴിലുള്ള ക്വാളിഫിക്കേഷൻ ആൻഡ് ട്രെയിനിങ് യൂനിറ്റാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ സ്പോർട്സ് ഫെസിലിറ്റീസ് സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ചാണ് പരിശീലനം.
സെക്യൂരിറ്റി സേഫ്റ്റി മാനേജർമാർക്കുള്ള പരിശീലന ആവശ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിന് ശേഷമാണ് കരിക്കുലം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് എസ്.സി ഫെസിലിറ്റീസ് സെക്യൂരിറ്റി വിഭാഗം മേധാവി അബ്ദുല്ല അൽ മുഹന്നദി പറഞ്ഞു. ലോകോത്തര നിലവാരത്തിലും സുരക്ഷ പ്രക്രിയകൾക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചും സ്റ്റേഡിയം മാനേജർമാരുടെ ക്ഷമതയും കഴിവുകളും ഉയർത്തുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിെൻറ പ്രാഥമിക ഘട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്നും അൽ മുഹന്നദി വ്യക്തമാക്കി. സ്റ്റേഡിയം മാനേജർമാർക്കുള്ള പരിശീലന കോഴ്സ് ഫിഫയുടെയും ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ് ആൻഡ് മാനേജ്മെൻറിെൻറയും അംഗീകാരത്തോടെയാണ് സംഘടിപ്പിക്കുന്നത്. ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ തുടങ്ങിയവയുടെ ലീഡർഷിപ്, സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവയെന്ന് ക്വാളിഫിക്കേഷൻ ആൻഡ് ട്രെയിനിങ് യൂനിറ്റ് തലവൻ ലെഫ്. കേണൽ ഫഹ്ദ് സഈദ് അൽ സുബൈഈ പറഞ്ഞു. പരിശീലന പരിപാടിയുടെ ആദ്യഘട്ടം ഒക്ടോബർ 21 വരെ നീണ്ടുനിൽക്കും. അഞ്ചാഴ്ച നീണ്ടുനിൽക്കുന്ന രണ്ടാംഘട്ടം അടുത്ത വർഷം നടക്കും.