ഫിഫ ലോകകപ്പ്: രണ്ടാംഘട്ട ടിക്കറ്റ് വിൽപന നാളെ മുതൽ
text_fieldsദോഹ: ലോകകപ്പിന്‍റെ ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ പരിഗണിക്കാതെ പോയവർ നിരാശപ്പെടേണ്ട. ചൂടാറാതെ തന്നെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് പ്രഖ്യാപനം നടത്തി ഫിഫ. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലെ ടിക്കറ്റ് ബുക്കിങ് മാർച്ച് 23ന് ഉച്ചയോടെ തുടക്കം കുറിക്കുമെന്ന് ഫിഫ അറിയിച്ചു. ബുധനാഴ്ച ഖത്തർ സമയം ഉച്ച ഒരുമണിക്ക് (ഇന്ത്യൻ സമയം 3.30) തുടങ്ങുന്ന ബുക്കിങ് മാർച്ച് 29 ഉച്ച 12 മണിയോടെ അവസാനിക്കും.
നേരത്തെ ബുക്ക് ചെയ്ത എല്ലാവരിൽനിന്നുമായി റാൻഡം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാനായിരുന്നു അവസരമെങ്കിൽ, ഇത്തവണ അതുമാറും. ഫിഫ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ആവശ്യമുള്ള മത്സരങ്ങൾ തിരഞ്ഞെടുത്ത് അതേസമയം തന്നെ പണമടച്ച് ബുക്ക് ചെയ്യുന്നതാണ് രീതി. ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റ് ലഭിക്കുകയെന്ന് ഫിഫ അറിയിച്ചു. മത്സരങ്ങൾ തിരഞ്ഞെടുത്ത്, വിജയകരമായി പണമടക്കുന്നതോടെ ടിക്കറ്റും ഉറപ്പാവും.
ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ടുവരെ നീണ്ടുനിന്നതായിരുന്നു ആദ്യഘട്ട ബുക്കിങ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1.70 കോടി പേരാണ് ടിക്കറ്റിനായി ബുക്ക് ചെയ്തത്. റാൻഡം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പണമടച്ച് ലോകകപ്പ് വേദികളിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കാനുള്ള അവസരമായിരുന്നു മാർച്ച് എട്ട് മുതൽ 21 വരെ. തിങ്കളാഴ്ച ഉച്ചക്ക് പണമടക്കാനുള്ള സമയം പൂർത്തിയായതിനു പിന്നാലെയാണ് അടുത്തഘട്ട ടിക്കറ്റ് വിൽപന അധികൃതർ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ ആതിഥേയരായ ഖത്തറിൽനിന്നാണ് ടിക്കറ്റ് ഭാഗ്യം ലഭിച്ചവരിൽ ഏറെപ്പേരുമുള്ളത്. മലയാളികൾ ഉൾപ്പെടെ വലിയൊരു വിഭാഗം ഫുട്ബാൾ ആരാധകരും അവരിലുണ്ട്. ഉദ്ഘാടന മത്സരം മുതൽ ഗ്രൂപ് റൗണ്ട് വരെ നീണ്ട 64 മത്സരങ്ങൾക്കായി ആദ്യഘട്ടം നീക്കിവെച്ചത് 10 ലക്ഷം ടിക്കറ്റുകളായിരുന്നു. ഖത്തർ റസിഡന്‍റായവർ ആതിഥേയ കാണികൾ എന്ന നിലയിലാണ് ഏറെപ്പേരും പരിഗണിക്കപ്പെട്ടത്. എന്നാൽ, ഇന്ത്യയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നും ബുക്ക് ചെയ്ത മലയാളികളിൽ കുറച്ചുപേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിച്ചത്.
മാർച്ച് 31നും ഏപ്രിൽ ഒന്നിനുമായി നടക്കുന്ന ഫിഫ കോൺഗ്രസും പിന്നാലെ ഫിഫ ലോകകപ്പ് നറുക്കെടുപ്പും പൂർത്തിയാവുന്നതോടെ അടുത്തഘട്ട ടിക്കറ്റ് ബുക്കിങ്ങും ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യോഗ്യത നേടുന്ന ടീമുകളുടെയും മത്സരിക്കുന്ന ഗ്രൂപ്പുകളുടെയും ചിത്രം വ്യക്തമാവുന്നതോടെ ടിക്കറ്റ് ബുക്കിങ് ഏറെ സൗകര്യപ്രദവുമാവും.