ഫിഫ ലോകകപ്പ്; ആദ്യ അങ്കത്തിനൊരുങ്ങി ഖത്തർ
text_fieldsദോഹ: ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ഖത്തർ പൂർണ സജ്ജം. കരുത്തരായ എതിരാളികൾക്കെതിരെ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച് ഉജ്ജ്വലവിജയങ്ങളാണ് ഖത്തർ ടീം ലക്ഷ്യമിടുന്നത്. ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണ 104 മത്സരങ്ങളാണുണ്ടാവുക.
ഗ്രൂപ്പ് ബിയിൽ ശക്തരായ എതിരാളികൾക്കൊപ്പുള്ള ഖത്തർ തങ്ങളുടെ രണ്ടാം ലോകകപ്പിനായാണ് ബൂട്ട് കെട്ടുന്നത്. സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഖത്തറിന് എതിരാളികൾ.
ജൂൺ 13ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. സാൻഫ്രാൻസിസ്കോയിലെ ബേ അരീന സ്റ്റേഡിയത്തിൽ ദോഹ സമയം രാത്രി 10 മണിക്കാണ് കിക്കോഫ്.
ഖത്തറിനായി ആരവം മുഴക്കാൻ ക്യു.എഫ്.എയുടെ നേതൃത്വത്തിൽ വൻ ആരാധക സംഘത്തെയും അമേരിക്കയിലെത്തിച്ച് കഴിഞ്ഞു. ജൂൺ ഒമ്പതു മുതൽ ജൂൺ 11 വരെ മൂന്ന് പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് ദോഹയിൽ നിന്ന് യു.എസിലേക്ക് ആരാധകരെത്തിയത്.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും മികച്ച സ്കോറിൽ പൂർത്തിയാക്കി, 32 ടീമുകൾ പോരാടുന്ന രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയാണ് ഖത്തറിന്റെ ലോകകപ്പ് സ്വപ്നം. ആകെ 12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് ടീമുകൾ വീതം രണ്ടാം ഘട്ടത്തിലേക്ക് മുന്നേറും.
മികച്ച മൂന്നാം സ്ഥാനക്കാരായി 8 ടീമുകൾക്ക് കൂടി അവസരം ലഭിക്കും. അറബ് ടീമുകളുടെ പങ്കാളിത്തത്തിലും ഇത്തവണ റെക്കോഡ് മുന്നേറ്റമാണ് ലോകകപ്പിലുള്ളത്. ചരിത്രത്തിലാദ്യമായി എട്ടു അറബ് ടീമുകൾ ലോകകപ്പിന് യോഗ്യത നേടി.
ഖത്തർ കൂടാതെ സൗദി അറേബ്യ, ജോർഡൻ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, മൊറോക്കോ, ടുണീഷ്യ എന്നീ ടീമുകളാണുള്ളത്. ഏറ്റവും കൂടുതൽ ഏഷ്യൻ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പും ഇതു തന്നെയാണ്. ജപ്പാൻ, കൊറിയ, ആസ്ത്രേലിയ, ഉസ്ബെകിസ്താൻ, ഇറാൻ ഉൾപ്പെടെ ഒമ്പത് ഏഷ്യൻ ടീമുകളാണ് ലോകകപ്പിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

