ഫിഫ ലോകകപ്പ്
text_fieldsദോഹ: നാളുകൾ എണ്ണിയെണ്ണി വിശ്വമേളയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. കാൽപന്തുകളിയുടെ മഹാമേളയിലേക്ക് ഇനി 300 ദിവസത്തെ കാത്തിരിപ്പു മാത്രം. ദോഹ കോർണിഷിൽ കളിപ്രേമികളുടെ തീർഥാടന കേന്ദ്രമായി മാറിയ ഡിജിറ്റൽ ക്ലോക്ക് ടവറിൽ ഇന്ന് കാത്തിരിപ്പ് ദിനങ്ങളുടെ 300 ആയി.
നവംബർ 21ന് തുടങ്ങുന്ന ലോകകപ്പിന്‍റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരു വർഷം മുമ്പേ ഒരുക്കി ലോകത്തിന് മുന്നിൽ സജ്ജമായ ഖത്തർ, ഇപ്പോൾ ടിക്കറ്റ് വിൽപനക്കും തുടക്കം കുറിച്ചു. ജനുവരി 19നായിരുന്നു ഫിഫ വെബ്സൈറ്റ് വഴി ആദ്യഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഫെബ്രുവരി എട്ടുവരെ നീളുന്ന ടിക്കറ്റ് ബുക്കിങ് നടപടിക്രമങ്ങൾക്ക് ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരിൽനിന്നും ആവേശകരമായ പിന്തുണയാണ് ലഭിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ടിക്കറ്റ് ബുക്കിങ് 24 മണിക്കൂറിനുള്ളിൽ 12 ലക്ഷം പേരാണ് ബുക്ക് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിലും വലിയ തോതിൽ ബുക്കിങ് തുടരുകയാണ്. പുതിയ ബുക്കിങ് കണക്കുകൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഏറ്റവും കുറഞ്ഞ നിരക്കിലും കാണികൾക്ക് ഗാലറിയിലെത്തി കളി കാണാനുള്ള വാഗ്ദാനവു മായാണ് ഫിഫ ടിക്കറ്റ് വിൽപനയുടെ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടത്. മാർച്ച് എട്ടിനു ശേഷം റാൻഡം അടിസ്ഥാനത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാവും ടിക്കറ്റിന് അർഹരെ കണ്ടെത്തുന്നത്.
നിലവിൽ ഏറ്റവും കൂടുതൽപേർ ഖത്തറിൽനിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. അർജന്‍റീന, മെക്സികോ, അമേരിക്ക, യു.എ.ഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ശേഷം ഏറ്റവും കൂടുതൽ ബുക്കിങ്ങുകൾ.
ഇനി ആരൊക്കെ?
ഒരു വർഷ കൗണ്ട് ഡൗണിനും, ഫിഫ അറബ് കപ്പിന്‍റെ ആരവങ്ങൾക്കും പിന്നാലെയായിരുന്നു കോവിഡ് മൂന്നാം തരംഗത്തിന്‍റെ വരവ്. ലോകകപ്പിന്‍റെ ആവേശങ്ങൾക്ക് ഇതൊരു തിരിച്ചടിയായെങ്കിലും കോവിഡ് വെല്ലുവിളി അടങ്ങുന്ന പശ്ചാത്തലത്തിൽ ഖത്തർ വീണ്ടും ഉണരാൻ ഒരുങ്ങുകയാണ്. ഒപ്പം ലോകകപ്പ് യോഗ്യത റൗണ്ടിന്‍റെ തുടർമത്സരങ്ങൾക്ക് രണ്ടു ദിനം കഴിഞ്ഞാൽ തുടക്കമാവും. നിലവിൽ ആതിഥേയർ ഉൾപ്പെടെ 13 ടീമുകളാണ് ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. ശേഷിക്കുന്ന 19 ടീമുകൾ ആരൊക്കെയെന്ന് ഇനിയും തെളിയാനുണ്ട്. മാർച്ച് 30നു മുമ്പായി ഇവരിൽ 17 ടീമുകളുടെയും ചിത്രം തെളിയും. മറ്റു രണ്ടു ടീമുകൾ ജൂണിൽ നടക്കുന്ന ഇന്‍റർകോണ്ടിനെന്‍റൽ േപ്ല ഓഫ് മത്സരങ്ങളിലൂടെ ഖത്തറിലേക്കുള്ള വരവ് ഉറപ്പിക്കും. ഏപ്രിൽ ഒന്നിന് ദോഹയിൽ നടക്കുന്ന ഫിഫ വാർഷിക ജനറൽ ബോഡി യോഗത്തിനു പിന്നാലെ ലോകകപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കും.
യൂറോപ്പിൽ ഗ്രൂപ് റൗണ്ട് അവസാനിച്ചപ്പോൾ 10 ടീമുകളാണ് ഖത്തറിലേക്ക് യോഗ്യത നേടിയത്. രണ്ടാം റൗണ്ട് മത്സരങ്ങൾ മാർച്ച് 24നു നടക്കും. 29നാണ് ഈ റൗണ്ടിന്‍റെ ഫൈനൽ. വിജയികളാവുന്ന നാല് ടീമുകൾക്ക് കൂടി യൂറോപ്പിൽനിന്നും ഖത്തറിലേക്ക് യോഗ്യത നേടാം.
ലാറ്റിനമേരിക്കയിലെ യോഗ്യത റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ ജനുവരി 27 അർധരാത്രിയോടെ തുടക്കമാവും. നിലവിൽ അർജന്‍റീന, ബ്രസീൽ ടീമുകളാണ് യോഗ്യത നേടിയത്. മാർച്ച് 29 വരെ നീണ്ടു നിൽക്കുന്ന കാലയളവിൽ നാല് മത്സരങ്ങളാണ് ഒരോ ടീമിനും ബാക്കിയുള്ളത്. രണ്ട് ടീമുകൾക്ക് കൂടി നേരിട്ട് ഖത്തറിലേക്ക് യോഗ്യത നേടാം. ഒരു ടീമിന് ഇന്‍റർ കോണ്ടിനെന്‍റൽ േപ്ലഓഫിലും കളിക്കാം. ആഫ്രിക്കൻ മൂന്നാം റൗണ്ടും മാർച്ചിൽ നടക്കും. കോൺകകാഫ് മൂന്നാം റൗണ്ട് മത്സരങ്ങൾ ജനുവരി 27ന് പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

