ഫിഫ അണ്ടർ 17 ലോകകപ്പ്, അറബ് കപ്പ്; വളന്റിയറാകാൻ സന്നദ്ധരായി 25,000 അപേക്ഷകർ
text_fieldsദോഹ: ഖത്തറിൽ ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഫിഫ ടൂർണമെന്റുകൾക്കായുള്ള വളന്റിയർ പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 25,000ൽ അധികം അപേക്ഷകർ. രണ്ടു മാസങ്ങളിലായി നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ്, ഫിഫ അറബ് കപ്പ് എന്നിവക്കായി മേയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 20ൽ അധികം വിഭാഗങ്ങളിലായി 4000ഓളം വളന്റിയർമാർക്കാണ് അവസരം ലഭിക്കുക.
ഖത്തറിൽ താമസിക്കുന്ന 126 രാജ്യങ്ങളിൽനിന്നുള്ളവരാണ് വളന്റിയർ അപേക്ഷകരുടെ പട്ടികയിലുള്ളത്. ഇതിൽ 18 മുതൽ 76 വയസ്സുവരെ പ്രായമുള്ള ആളുകളുണ്ട്. സന്നദ്ധരായ 25,000ൽ അധികം പേരുടെ അപേക്ഷകൾ ഇതിനോടകം വളന്റിയർ പദ്ധതിക്കായി ലഭിച്ചുകഴിഞ്ഞു. അഭിമുഖങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, തെരഞ്ഞെടുത്ത വളന്റിയർമാർക്ക് ആഗസ്റ്റ് മുതൽ ചുമതലകൾ സംബന്ധിച്ച ഓഫർ ലഭിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയ പൂർത്തിയാകുന്നതോടെ 20 വ്യത്യസ്ത പ്രവർത്തന മേഖലകളിലായി ആകെ 4000 വളന്റിയർമാരെ നിയമിക്കും. വളന്റിയര്‍മാര്‍ക്ക് ഒഫിഷ്യല്‍ യൂനിഫോം, സേവന സമയത്ത് ഭക്ഷണം, സൗജന്യ യാത്ര, ടൂര്‍ണമെന്റിന്റെ ലിമിറ്റഡ് എഡിഷന് ഗിഫ്റ്റുകള്‍ എന്നിവയും ലഭിക്കും.
നവംബർ മൂന്നു മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പ് ഖത്തറിൽ നടക്കുക. ആസ്പയർ സോൺ സമുച്ചയത്തിലാണ് ഫൈനൽ ഒഴികെയുള്ള എല്ലാ മത്സരങ്ങളും അരങ്ങേറുക. അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയമാണ് വേദി.ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 25 ദിവസത്തിനുള്ളിൽ 104 മത്സരങ്ങൾ അടങ്ങിയ ടൂർണമെന്റിൽ കൗമാര താരങ്ങളുടെ ഉശിരൻ പോരാട്ടത്തിനാവും സാക്ഷ്യം വഹിക്കുന്നത്. 2029 വരെ ഖത്തറാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വംവഹിക്കുക. ഫിഫ അറബ് കപ്പ് 2025 ഡിസംബർ ഒന്നു മുതൽ 18 വരെ ഖത്തറിലെ ആറു പ്രധാന വേദികളിലായി നടക്കും. 16 അറബ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഈ വർഷത്തിനു പുറമെ, 2029ലും 2033ലും ഖത്തർ തന്നെയാണ് അറബ് കപ്പിന് വേദിയൊരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

