ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ; ഗ്രൂപ്പ് ഘട്ടത്തിൽ പിറന്നത് 250 ഗോളുകൾ
text_fieldsആസ്പയർ സോണിലെ മൈതാനങ്ങൾ
ദോഹ: കൗമാര ഫുട്ബാളിലെ പ്രതിഭകൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ആസ്പയർ സോണിലെ മൈതാനങ്ങളെ ചൂടുപിടിപ്പിച്ച് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ആസ്പയർ സോണിലെ അത്യാധുനിക പിച്ചുകൾ ലോകമെമ്പാടുമുള്ള കൗമാര പ്രതിഭകൾക്കായി തുറന്നിട്ടപ്പോൾ, ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് ദിവസങ്ങളിലായി 72 മത്സരങ്ങളാണ് നടന്നത്.
ആകെ 250 ഗോളുകളാണ് ഈ ദിവസങ്ങളിൽ പിറന്നത്. ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിൽ 200 ഗോൾ കടക്കുന്നത് ആദ്യമായാണ്. ന്യൂ കാലിഡോണിയയ്ക്കെതിരെ മൊറോക്കോ 16-0ന് വിജയിച്ചതോടെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ടൂർണമെന്റിൽ രേഖപ്പെടുത്തി. അതേസമയം, ഫിഫ അണ്ടർ 17 ലോകകപ്പിലെ അരങ്ങേറ്റക്കാരായ അയർലൻഡ്, യുഗാണ്ട, സാംബിയ എന്നിവർ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനമുറപ്പാക്കിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ജർമനിയും നാല് തവണ ജേതാക്കളായ ബ്രസീലും കരുത്തരായ അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഇംഗ്ലണ്ട് എന്നിവരും അടുത്ത റൗണ്ട് മത്സരങ്ങളിൽ മാറ്റുരക്കും. അറബ് ലോകത്ത് നിന്ന് മൊറോക്കോ, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയവർ റൗണ്ട് 32ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം, ജി.സി.സി രാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവർ ആദ്യഘട്ടത്തിൽ പുറത്തായി.
റൗണ്ട് ഓഫ് 32 വെള്ളി, ശനി ദിവസങ്ങളിലായി ആസ്പയർ സോണിൽ നടക്കും. ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

