ദോഹ: ഈ വർഷം നടക്കാനിരിക്കുന്ന റഷ്യൻ ലോകകപ്പിനായുള്ള റഫറിമാർക്കുള്ള ശിൽപശാലക്കായി ഖത്തർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ ലോകനിലവാരത്തിലുള്ളതാണെന്ന് ഫിഫ റഫറി കമ്മിറ്റി ചെയർമാനും ലോകം കണ്ട മികച്ച റഫറിമാരിലൊരാളുമായ പിയർലൂയിജി കൊളീന. ഖത്തർ ഫുട്ബോൾ അസോസിയേഷെൻറ മികച്ച പിന്തുണക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണെന്നും സ്വാഗത പ്രസംഗത്തിൽ ഇറ്റലിക്കാരൻ പറഞ്ഞു.
ക്യു എഫ് എ പ്രസിഡൻറ് മൻസൂർ അൽ അൻസാരിക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. അഞ്ച് ദിവസത്തെ ശിൽപശാലക്കുള്ള ഖത്തറിെൻറ ഒരുക്കങ്ങൾ അതിശയിപ്പിക്കുന്നതാണ്. അൽ കാസ് ചാനലിനും ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. അത്യാധുനിക സംവിധാനങ്ങളാണ് ഞങ്ങൾക്കായി അവർ ഒരുക്കിയതെന്നും കൊളീന വ്യക്തമാക്കി. ശിൽപശാലക്ക് ശേഷം ലോകകപ്പിനായുള്ള റഫറിമാരെ സമിതി പ്രഖ്യാപിക്കും. അഞ്ച് ദിവസം നീണ്ടുനിന്ന സെമിനാറുകളും ശിൽപശാലയും കഴിഞ്ഞദിവസം അവസാനിച്ചു. രണ്ടാമത് ശിൽപശാലയായിരുന്നു ഇത്.