ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ്; ടിക്കറ്റിങ് ആപ് പുറത്തിറക്കി
text_fieldsദോഹ: ഡിസംബറിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഭാഗമായി ടിക്കറ്റുകൾ വാങ്ങാനും, നേരത്തെ വാങ്ങിയ ടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാനുമായി മൊബൈൽ ആപ് അവതരിപ്പിച്ച് ഫിഫ. ആപ് സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പിൽ ഫിഫ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാവുന്നതാണ്. വാങ്ങിയ ടിക്കറ്റുകൾ ഹോം പേജിലെ ‘മൈ ടിക്കറ്റ്സ്’ എന്ന വിൻഡോയിൽ വാലറ്റിലേക്ക് സൂക്ഷിക്കാം.
ഡിസംബർ 11, 14, 18 തീയതികളിലായി നടക്കുന്ന മത്സരങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിന് ഈ ടിക്കറ്റുകൾ ഗേറ്റിൽ സ്കാൻ ചെയ്യാവുന്നതാണ്. കൂടുതൽ ടിക്കറ്റുകൾ വാങ്ങിയവർക്ക് തങ്ങളുടെ സുഹൃത്തുക്കൾക്കോ മറ്റോ ആപ് വഴി തന്നെ ടിക്കറ്റുകൾ അയക്കാം. അല്ലെങ്കിൽ, ടിക്കറ്റ് വാങ്ങിയ ആളുടെ അകമ്പടിയിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. അതേസമയം, സുഹൃത്തുക്കൾക്കോ മറ്റോ നൽകിയ ടിക്കറ്റ് മറ്റൊരാൾക്ക് നൽകണമെങ്കിൽ ടിക്കറ്റ് വാങ്ങിയ ആൾ വഴി മാത്രമേ പുതിയൊരാളിലേക്ക് അയക്കാൻ സാധിക്കൂ. മൊബൈൽ ആപ്പിലെ സാധുവായ ടിക്കറ്റ് വഴി മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകൂ. ഡിസംബർ 11, 14 തീയതികളിൽ 974 സ്റ്റേഡിയത്തിലും, 18ന് ലുസൈൽ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ.

