ഗോളടിച്ചു കൂട്ടി തുനീഷ്യ; ഇഞ്ചുറിയേറ്റ് ഒമാന് സമനില
text_fieldsഉദ്ഘാടന ചടങ്ങിനായി എത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ലെബനാൻ പ്രസിഡൻറ് മൈകൽ ഔൻ എന്നിവർ സമീപം
ദോഹ: നട്ടുച്ചയിൽ തന്നെ ഫിഫ അറബ് കപ്പിന് പന്തുരുണ്ട് തുടങ്ങിയിരുന്നു. ഒരു മണിക്ക് അൽ റയ്യാെൻറ തട്ടകമായ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ തുനീഷ്യ മോറിത്താനിയൻ വലയിൽ നിറച്ചത് അഞ്ചുഗോളുകൾ. ജയം 5-1. കളിയിലുടനീളം മേധാവിത്വം സ്ഥാപിച്ചാണ് തുനീഷ്യ എതിരാളികളുടെ വലനിറച്ചത്.സൈഫുദ്ദീൻ ജാസിരിയും ഫിറാസ് ബിൻഅൽ അർബിയും നേടിയ ഇരട്ട ഗോളുകളിൽ തുനീഷ്യ മൗറിത്വാനിയയെ വീഴ്ത്തി ഫിഫ അറബ് കപ്പിലെ ആദ്യജയത്തിന് അവകാശികളായി. കളിയുടെ 39, 45 മിനിറ്റിലാണ് സൈഫുദ്ദീൻ സ്കോർ ചെയ്തത്. 42, 51 മിനിറ്റിലായി ഫിറാസ് ബിൻഅൽ അർബിയും ഗോളടിച്ചു. 10 മിനിറ്റ് നീണ്ട ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മോറിത്താനിയ പെനാൽട്ടിയിലൂടെ ആശ്വാസഗോൾ നേടി.
ഇഞ്ചുറിയേറ്റ് ഒമാന് സമനില
അൽ ജനൂബ് സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ നിർഭാഗ്യമാണ് ഒമാെൻറ ബൂട്ടിൽ നിന്നും ഉറപ്പിച്ച വിജയം തട്ടിത്തെറിപ്പിച്ചത്. ഗോൾ രഹിതമായി പിരിഞ്ഞ ഒന്നാം പകുതി. ശേഷം, കളിയുടെ 68ാം മിനിറ്റിൽ ഇറാഖിെൻറ വിങ്ങർ യാസിർ കാസിം രണ്ടാം മഞ്ഞക്കാർഡുമായി പുറത്തായതോടെ ടീം പത്തിലേക്ക് ചുരുങ്ങി. ആക്രമണ വീര്യം കുറഞ്ഞ ഇറാഖിനെതിരെ 78ാം മിനിറ്റിൽ ഒമാൻ പെനാൽട്ടിയിലൂടെ ലീഡ് നേടി വിജയം ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ, ആവേശം തളരാതെ പോരാടിയ ഇറാഖ്, ഇഞ്ചുറി ടൈമിെൻറ നാടകീയതക്കൊടുവിൽ പെനാൽട്ടിയിലൂടെ തന്നെ തിരിച്ചടിച്ച് സമനില നേടി. ഫുൾടൈമും, 10മിനിറ്റ് ഇഞ്ചുറി ടൈമും ജയിച്ചു നിന്ന ഒമാെൻറ കണ്ണീര് പൊടിഞ്ഞ നിമിഷം.