ഫിഫ അറബ് കപ്പ് മുന്നൊരുക്കം; ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഹയിൽ നടത്തിയ കാമ്പയിനിൽനിന്ന്
ദോഹ: ഡിസംബർ ഒന്നുമുതൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന് മുന്നോടിയായി സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധന കാമ്പയിൻ ആരംഭിച്ചു. ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരവും ക്ഷേമവും വർധിപ്പിക്കാനും എല്ലാവർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
ഇതോടനുബന്ധിച്ച് ദോഹ മുനിസിപ്പാലിറ്റിയിൽ 156 ഹോട്ടലുകളെ ലക്ഷ്യമിട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പരിശോധനാ കാമ്പയിൻ ആരംഭിച്ചു. ഇതിനായി 30 ഇൻസ്പെക്ടർമാരെയാണ് നിയോഗിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങൾ, സലൂണുകൾ, മസാജ് സെന്ററുകൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ഭക്ഷണസാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ പരിശോധനകൾക്കായി അയക്കുന്നുണ്ട്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഹയിൽ നടത്തിയ കാമ്പയിനിൽനിന്ന്
പ്രധാന വിനോദസഞ്ചാര മേഖലകളായ സൂഖ് വാഖിഫ്, ദോഹ പോർട്ട്, പേൾ ഖത്തർ, മുശൈരിബ് ഡൗൺ ടൗൺ ദോഹ എന്നിവിടങ്ങളിലും പാർക്കുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫുഡ് സ്റ്റാളുകളിലും മൊബൈൽ കാർട്ടുകളിലും 24 ഇൻസ്പെക്ടർമാരുടെ പങ്കാളിത്തത്തോടെ പരിശോധനകൾ നടക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനായി അറബ് കപ്പ് ടൂർണമെന്റ് ദിവസങ്ങളിലുടനീളവും ദേശീയ ദിനാഘോഷ വേളകളിലും നിരീക്ഷണ കാമ്പയിൻ തുടരും. അതേസമയം, അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലും സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
സന്ദർശകരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന റെസ്റ്റാറന്റുകൾ, ഹോട്ടലുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും പൊതുസുരക്ഷ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഭക്ഷ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടും സന്ദർശകരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

