ഫിഫ അറബ് കപ്പ്; സിറിയയെ വീഴ്ത്തി മൊറോക്കോ സെമിയിൽ
text_fieldsസിറിയക്കെതിരെ ഗോൾ നേടിയ അസറോ ഔലിദിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
ദോഹ: വാശിയേറിയ പോരാട്ടത്തിനൊടുവിൽ സിറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മൊറോക്കോ ഫിഫ അറബ് കപ്പ് സെമിയിൽ പ്രവേശിച്ചു.
കളിയിൽ സിറിയൻ പ്രതിരോധത്തിന്റെ കോട്ട തകർക്കാൻ മൊറോക്കൻ താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചപ്പോൾ, നിർണായകമായ ഒരു ഗോളിൽ വിജയമുറപ്പാക്കി സെമി ടിക്കറ്റ് ഉറപ്പിച്ചു. കളിയുടെ തുടക്കം മുതൽ ആക്രമണശൈലി പുറത്തെടുത്ത് മൊറോക്കൻ മുന്നേറ്റ നിര പലപ്പോഴും സിറിയൻ ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും സിറിയൻ ഗോൾകീപ്പർ ഇല്യാസ് ഹദായ നടത്തിയ പ്രതിരോധ നീക്കങ്ങൾ ഓരോ ശ്രമങ്ങളെയും വിഫലമാക്കി.
മർവാൻ സാദൻ, അമിൻ സഹ്സൂ, മുഹമ്മദ് ബൗലാക്സട്ട് തുടങ്ങിയവർ കളിയുടെ ആദ്യ പകുതിയിൽ തന്നെ തുടർച്ചയായി ഗോൾവല കുലുക്കാൻ ശ്രമിച്ചെങ്കിലും മൊറോക്കോയുടെ മുന്നേറ്റത്തെ വലച്ച് ഗോൾകീപ്പർ ഇല്യാസ് ഹദായ ഉറച്ചുനിന്നു.
അതേസമയം, രണ്ടാം പാതിയിലും ആക്രമണ ശൈലിയിലൂടെ മൊറോക്കോ മുന്നേറ്റ ശ്രമം നടത്തി. 53ാം മിനിറ്റിൽ മർവാൻ സാദാനും 56ാം മിനിറ്റിൽ ഔസാമ തന്നാനും ഗോൾവലകുലുക്കാനുള്ള ശ്രമം സിറിയൻ പ്രതിരോധവും ഇല്യാസ് ഹദായ മികച്ച ഫോമും മൊറോക്കോക്ക് തിരിച്ചടിയേകി. മറുവശത്ത്, കിട്ടുന്ന അവസരങ്ങൾ മുതലെടുത്ത് സിറിയയും ചില മുന്നേറ്റ നീക്കങ്ങൾ നടത്തി.
ഗോളുകളൊന്നും കണ്ടെത്താനാകാതെ മുന്നേറ്റനിര പ്രതിസന്ധിയിലായപ്പോഴാണ് മൊറോക്കോയുടെ രക്ഷകനായി 79ാം മിനിറ്റിൽ അസറോ ഔലിദ് നിർണായകമായ വിജയഗോൾ സ്വന്തമാക്കിയത്. അസറോ ഔലിദിന്റെ ആദ്യ ഷോട്ട് തടഞ്ഞെങ്കിലും, അപ്രതീക്ഷിതമായ നീക്കം ഗോൾ കീപ്പർ ഇല്യാസ് ഹദായക്ക് ചെറുക്കാനായില്ല. ഈ കൃത്യമായ അവസരം മുതലെടുത്ത് മൊറോക്കൻ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ, അവസാന നിമിഷം നാടകീയമായ ചില മുന്നേറ്റം സിറിയ നടത്തിയെങ്കിലും പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല. അതിനിടെ കളിയുടെ അധിക സമയത്ത് മൊറോക്കോയുടെ മുഹമ്മദ് മുഫീദിന് റെഡ് കാർഡ് ലഭിച്ച് പുറത്താകുകയും ചെയ്തു.
സിറിയക്കെതിരായ വിജയത്തോടെ സെമി പ്രവേശനം മൊറോക്കോ ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

