ഫിഫ അറബ് കപ്പ് ഫൈനൽ ഇന്ന്
text_fieldsലുസൈൽ സ്റ്റേഡിയം
ദോഹ: അറബ് ഐക്യത്തിന്റെ ഉത്സവമായ ഫിഫ അറബ് കപ്പിന് ഇന്ന് ഫൈനൽ വിസിൽ. ദേശഭക്തിയുടെ അടയാളമായ ദേശീയ ദിനവും അറേബ്യൻ ഫുട്ബാൾ മാമാങ്കമായ ഫിഫ അറബ് കപ്പ് ഫൈനലും ഒന്നിച്ചാഘോഷിക്കുകയാണ് ഖത്തർ. അറേബ്യൻ രാജ്യങ്ങളുടെ കരുത്തരായ 16 അറബ് ടീമുകൾ മാറ്റുരച്ച ഫിഫ അറബ് കപ്പിന്റെ ഫൈനലിൽ ശക്തരായ ജോർഡൻ മൊറോക്കോവിനെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കിക്കോഫ്. അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കിയും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിച്ചുമാണ് മേഖലയുടെ കായിക ഉത്സവമായി അറബ് കപ്പ് കൊടിയിറങ്ങുന്നത്. ലൂസേഴ്സ് ഫൈനലിൽ സൗദി അറേബ്യ യു.എ.ഇയെ നേരിടും.
സൗദി അറേബ്യയെയും കോമറോസിനെയും കീഴടക്കി ഗ്രൂപ്പിൽനിന്ന് ഒന്നാമതായി ക്വാർട്ടറിലെത്തിയ മൊറോക്കോ, സിറിയൻ പ്രതിരോധത്തിന്റെ കോട്ട തകർത്താണ് സെമിയിലെത്തിയത്. സെമിയിൽ യു.എ.ഇക്കെതിരെ എണ്ണം പറഞ്ഞ മൂന്നു ഗോളിനാണ് മൊറോക്കോ തരിപ്പണമാക്കിയത്. മികച്ച പ്രതിരോധമൊരുക്കിയും യു.എ.ഇയുടെ മുന്നേറ്റത്തെ സമ്മർദത്തിലാക്കിയും അവസരങ്ങൾ ഉപയോഗപ്പെടുത്തി എതിരാളികൾക്കെതിരെ നേടിയ വിജയത്തിന്റെ കരുത്തിലാകും ഫൈനലിൽ മൊറോക്കോ ബൂട്ടുകെട്ടുക.
അതേസമയം, എതിരാളികളായി ഇറങ്ങുന്ന ജോർഡൻ ടൂർണമെന്റിൽ എല്ലാ കളിയിലും വിജയമുറപ്പാക്കിയാണ് ഫൈനലിലെത്തിയത്. ഗ്രൂപ് ഘട്ടത്തിൽ യു.എ.ഇയും കുവൈത്തിനെയും ഈജിപ്തിനെയും വലിയ വെല്ലുവിളികളില്ലാതെ അനായാസ വിജയവുമായി ക്വാർട്ടറിലെത്തിയ ജോർഡൻ, നാലു തവണ അറബ് ചാമ്പ്യന്മാരായ ഇറാഖിനെയും നിഷ്പ്രഭമാക്കിയാണ് സെമിയിലെത്തിയത്. സെമിയിൽ, മികച്ച ഫോമിലുള്ള സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ജോർഡന് ഫൈനലിൽ മൊറോക്കോ എതിരാളികളായെത്തുന്നതോടെ മത്സരം കടുക്കും.
അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ടുവരുന്ന ഫിഫ അറബ് കപ്പിന് രണ്ടാം തവണയാണ് ഖത്തർ വേദിയൊരുക്കിയത്. 1963ൽ ആരംഭിച്ച അറബ് കപ്പ് വിവിധ കാലങ്ങളിലായി മുടങ്ങിയും പുനരാരംഭിച്ചും മുന്നോട്ട് പോവുന്നതിനിടെയാണ് 2021ൽ ഖത്തർ ആതിഥേയത്വം ഏറ്റെടുക്കുന്നത്. 2002ൽ കുവൈത്തിലും 2012ൽ സൗദിയിലും നടന്ന ശേഷം അനിശ്ചിതമായി മുടങ്ങി.
തുടർന്ന്, ഫിഫയുമായി സഹകരിച്ച് ഖത്തർ ഏറ്റെടുത്തതോടെ അറബ് മേഖലയുടെ ചാമ്പ്യൻഷിപ്പിൽ നിന്ന് മേഖലയുടെ കളിയുത്സവമായി അറബ് കപ്പ് മാറി. 2021ൽ ലോകകപ്പിനായി തയാറാക്കിയ വേദികളിൽ നടന്ന മത്സരത്തിൽ രണ്ട് വൻകരകളിൽ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

