ഫിഫ അറബ് കപ്പിന് പ്രൗഢ സമാപനം
text_fieldsഫിഫ അറബ് കപ്പ് സമാപന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ
ഫിഫ അറബ് കപ്പ് ഫൈനൽ ടൂർണമെന്റിനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഭിവാദ്യം ചെയ്യുന്നു
ദോഹ: അറേബ്യൻ രാജ്യങ്ങളുടെ വീറുറ്റ ഫുട്ബാൾ മത്സരമായ ഫിഫ അറബ് കപ്പിന് പൗഢ സമാപനം. ആയിരങ്ങളെ സാക്ഷിയാക്കി ലുസൈൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന ഫിഫ അറബ് കപ്പ് സമാപന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ജോർഡനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ കിരീടം ചൂടിയത്. ജേതാക്കൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ട്രോഫി സമ്മാനിച്ചു. ഫൈനൽ മത്സരം കാണാൻ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയത് 85,000 ലധികം പേരാണ്.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി എന്നിവരും സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനിം, വിവിധ മന്ത്രിമാർ എന്നിവർക്ക് പുറമെ ലോക കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ജോർഡൻ കിരീടാവകാശി പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ, സൗദി കായിക മന്ത്രിയും അറബ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ അൽ സൗദ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, ഒളിമ്പിക് കമ്മിറ്റി തലവന്മാർ എന്നിവരും സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കിയും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിച്ചുമാണ് മേഖലയുടെ കായിക ഉത്സവമായി അറബ് കപ്പ് കൊടിയിറങ്ങുന്നത്. ദേശഭക്തിയുടെ അടയാളമായ ദേശീയ ദിനവും അറേബ്യൻ ഫുട്ബാൾ മാമാങ്കമായ ഫിഫ അറബ് കപ്പ് ഫൈനലും ഒന്നിച്ചാഘോഷിക്കുകയായിരുന്നു ഖത്തർ.
അറേബ്യൻ രാജ്യങ്ങളിലെ കരുത്തരായ 16 അറബ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ തുടക്കം മുതൽ വലിയ ജനപങ്കാളിത്തവും വർധിച്ച സ്വീകാര്യതയും ലഭിച്ചിരുന്നു. ഒരു പതിറ്റാണ്ടോളം കാലം നിലച്ചുപോയ ഫിഫ അറബ് കപ്പ് 2021ലാണ് ഖത്തറിന്റെ മണ്ണിലൂടെ വീണ്ടും പുതുശ്വാസമെടുത്തത്. ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായിട്ടായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്. തുടർച്ചയായി അടുത്ത 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിനും ഖത്തർ തന്നെ വേദിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൗമാര ഫുട്ബാളിന്റെ വിശ്വമേളയായ അണ്ടർ 17 ലോകകപ്പും ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പിനും പിന്നാലെയാണ് അറബ് കപ്പും ഖത്തർ വിജയകരമായി പൂർത്തിയാക്കിയത്.
ഫിഫ അറബ് കപ്പ് സംഘാടനം; ഖത്തറിന് ഒമാൻ സുൽത്താന്റെ പ്രശംസ
അറബ് കപ്പ് നേട്ടത്തിന് മൊറോക്കോയെയും അഭിനന്ദിച്ചു
ദോഹ: ഫിഫ അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് നേടിയ മൊറോക്കോയെയും അറബ് ഫുട്ബാൾ ചാമ്പ്യൻഷിപ് വിജയകരമായി സംഘടിപ്പിച്ചതിന് ഖത്തറിനെയും അഭിനന്ദിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. അറബ് ഫുട്ബാൾ ചാമ്പ്യൻഷിപ് വിജയകരമായി സംഘടിപ്പിച്ചതിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദന സന്ദേശം അയച്ചു. അറബ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടനത്തിൽ ഖത്തർ കൈവരിച്ച മികവിനെ സുൽത്താൻ പ്രത്യേകം പ്രശംസിച്ചു. വലിയ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയകരമായി ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തർ അമീറിന് തുടർവിജയം ആശംസിച്ച സുൽത്താൻ, എല്ലാ മേഖലകളിലും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സഫലമാക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.
അറബ് കപ്പ് കിരീടം ചൂടിയ മൊറോക്കോ ദേശീയ ഫുട്ബാൾ ടീമിന്റെ വീര്യവും മികവുമാർന്ന പ്രകടനം രാജ്യം കായികമേഖലയിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും വികസനവും പ്രതിഫലിപ്പിക്കുന്നതാണെന്ന് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന് അയച്ച അഭിനന്ദന സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ഫിഫ അറബ് കപ്പ് ഫൈനലിൽ ജോർഡനെ രണ്ടിനെതിരെ മൂന്നു ഗോളിന് വീഴ്ത്തിയാണ് മൊറോക്കോ ചാമ്പ്യന്മാരായത്.
ഐഡിയൽ ഇന്ത്യൻ സ്കൂൾ ഘോഷയാത്ര ശ്രദ്ധേയമായി
ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിനോടുള്ള ആദരവും സ്നേഹവും പ്രകടമാക്കി ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ദേശീയ ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്ന പരേഡ്, സാംസ്കാരിക പരിപാടികൾ പ്രദർശനം എന്നിവയിൽ മോണിങ്, ഈവനിങ് സെഷനുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച പ്രിൻസിപ്പൽ ശൈഖ് ഷമീം, ഖത്തറിലെ ഭരണാധികാരികൾക്കും പൗരന്മാർക്കും ദേശീയ ദിനാശംസകൾ നേർന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും ഖത്തർ സർക്കാറിന്റെയും മഹത്തായ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
ദേശീയ ദിനാഘോഷങ്ങൾ വിദ്യാർഥികളിൽ ദേശീയ ഐക്യവും ഖത്തറിനോടുള്ള സ്നേഹവും വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാംസ്കാരിക പരിപാടികൾ: കെ.ജി, ജൂനിയർ, ഗേൾസ്, ബോയ്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾ ഖത്തറിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിദ്യാർഥികൾ പരമ്പരാഗത ഖത്തരി വേഷങ്ങൾ ധരിച്ചെത്തി പരിപാടികളിൽ പങ്കെടുത്തു. സ്കൂൾ മൈതാനത്ത് നടന്ന ഘോഷയാത്രയും ശ്രദ്ധേയമായി. നൂറുകണക്കിന് വിദ്യാർഥികൾ ഘോഷയാത്രയിൽ പങ്കെടുത്തു.
കപ്പുയർത്തി മൊറോക്കോ; ഖത്തറിലെ പുല്മൈതാനങ്ങളില് ആവേശപ്പൂരം
രണ്ടാം തവണയാണ് മൊറോക്കോ കപ്പുയർത്തുന്നത്
ദോഹ: അറേബ്യൻ ഫുട്ബാളിന്റെ രാജ കിരീടത്തിൽ മൊറോക്കോവിന്റെ പട്ടാഭിഷേകം. അത്യന്തം ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവിൽ ജോർഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തിയാണ് അറേബ്യൻ ഫുട്ബാളിലെ കനകകിരീടം മൊറോക്കോ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് മൊറോക്കോ അറബ് കപ്പ് സ്വന്തമാക്കുന്നത്. നേരത്തേ, 2012ൽ ആയിരുന്നു മൊറോക്കോ കിരീടം സ്വന്തമാക്കിയിരുന്നത്. ഫുൾടൈമിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിലാണ് മൊറോക്കോ വിജയമുറപ്പാക്കിയത്. പ്രതിരോധത്തിലും ആക്രമണത്തിലും മൂർച്ചയേറിയ രണ്ട് ടീമുകൾ ലുസൈൽ മൈതാനത്ത് മാറ്റുരച്ചപ്പോൾ, നിലയ്ക്കാത്ത കൈയടിയും തുടർച്ചയായ ആരവവും മുഴക്കി ഗാലറിയിലും ആവേശം നിറഞ്ഞുനിന്നു. കളിയുടെ തുടക്കത്തിൽ ആദ്യ ഗോൾ നേടി മൊറോക്കോ ആണ് മുന്നേറ്റം ആരംഭിച്ചത്. നാലാം മിനിറ്റിൽ അമീൻ സഹസൂ അസിസ്റ്റിൽ ഉസാമ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ മൊറോക്കോവിന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കിയ ജോർഡൻ, തുടക്കത്തിൽ തന്നെ ഗോൾ മടക്കി. 48ാം മിനിറ്റിൽ അലി ഒൽവാൻ ആണ് ജോർഡനു വേണ്ടി ഗോൾ മടക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ അനുകൂലമായി പെനാൽറ്റി ലഭിച്ചതോടെ രണ്ടാമത്തെ ഗോളും ജോർഡൻ നേടി. അലി ഒൽവാൻ പെനാൽറ്റി തന്നെ ഗോൾ വലയിലാക്കി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 88ാം മിനിറ്റിൽ അബ്ദുറസാഖ് ഹമദല്ല മൊറോക്കോവിന് വേണ്ടി സമനില ഗോൾ നേടി.
സൗദി അറേബ്യയെയും കോമറോസിനെയും കീഴടക്കി ഗ്രൂപ്പിൽനിന്ന് ഒന്നാമതായാണ് മൊറോക്കോ ടൂർണമെന്റിൽ തുടക്കം കുറിച്ചത്. സിറിയൻ പ്രതിരോധത്തിന്റെ കോട്ട തകർത്താണ് സെമിയിലെത്തിയ മൊറോക്കോ യു.എ.ഇക്കെതിരെ എണ്ണം പറഞ്ഞ മൂന്നു ഗോളിനാണ് തരിപ്പണമാക്കിയത്. ടൂർണമെന്റിൽ എല്ലാ കളിയിലും വിജയമുറപ്പാക്കിയാണ് ജോർഡൻ ഫൈനലിലെത്തിയത്. ഗ്രൂപ്പുഘട്ടത്തിൽ യു.എ.ഇയും കുവൈത്തിനെയും ഈജിപ്തിനെയും വലിയ വെല്ലുവിളികളില്ലാതെ അനായാസ വിജയവുമായി ക്വാർട്ടറിലെത്തിയ ജോർഡൻ, നാലു തവണ അറബ് ചാമ്പ്യന്മാരായ ഇറാഖിനെയും സെമിയിൽ, മികച്ച ഫോമിലുള്ള സൗദി അറേബ്യയെ നിഷ്പ്രഭമാക്കിയാണ് ഫൈനലിൽ മൊറോക്കോയെ നേരിട്ടത്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ ഫൈനലിലെത്തിയ ജോർഡന് പക്ഷെ, കലാശപ്പോരാട്ടത്തിൽ കാലിടറുകയായിരുന്നു.
നാടകീയമായ അവസാന നിമിഷത്തിൽ ഇരുകൂട്ടർക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പക്ഷേ വിജയ ഗോൾ നേടാനായില്ല. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ മർവാൻ സഅദിന്റെ അസിസ്റ്റിൽ അബ്ദുറസാഖ് ഹമദല്ല കളിയിലെ രണ്ടാമത്തെയും മൊറോക്കോവിന്റെ വിജയ ഗോളും നേടുകയായിരുന്നു. മറുപടിക്കായി ആക്രമണം കടുപ്പിച്ച് ജോർഡന്, പക്ഷേ, ഭാഗ്യവും എതിരാളികളുടെ കോട്ടകെട്ടിയ പ്രതിരോധവും തിരിച്ചടിയായി. ഷോട്ടിലും, ഗോൾ ശ്രമത്തിലും, അറ്റാക്കിലുമെല്ലാം ഒപ്പത്തിനൊപ്പം പൊരുതിയ രണ്ട് ടീമുകളുടെ കാലശപ്പോരാട്ടത്തിനൊടുവിൽ ഭാഗ്യം കൂടി തുണച്ചവർ കപ്പിൽ മുത്തമിട്ടപ്പോൾ, തലയെടുപ്പോടെ തന്നെ ജോർഡനും മടങ്ങി.
അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ടുവരുന്ന ഫിഫ അറബ് കപ്പിന് രണ്ടാം തവണയാണ് ഖത്തർ വേദിയൊരുക്കിയത്. 1963ൽ ആരംഭിച്ച അറബ് കപ്പ് വിവിധ കാലങ്ങളിലായി മുടങ്ങിയും പുനരാരംഭിച്ചും മുന്നോട്ട് പോവുന്നതിനിടെയാണ് 2021ൽ ഖത്തർ ആതിഥേയത്വം ഏറ്റെടുക്കുന്നത്.
2002ൽ കുവൈത്തിലും 2012ൽ സൗദിയിലും നടന്ന ശേഷം അനിശ്ചിതമായി മുടങ്ങി. തുടർന്ന് ഫിഫയുമായി സഹകരിച്ച് ഖത്തർ ഏറ്റെടുത്തതോടെ അറബ് മേഖലയുടെ ചാമ്പ്യൻഷിപ്പിൽ നിന്നും മേഖലയുടെ കളിയുത്സവമായി അറബ് കപ്പ് മാറി. 2021ൽ ലോകകപ്പിനായി തയാറാക്കിയ വേദികളിൽ നടന്ന മത്സരത്തിൽ രണ്ട് വൻകരകളിൽ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

