ഫിഫ അറബ് കപ്പ്
text_fieldsഫാൻ സോണുകളിൽ ഒരുക്കിയിട്ടുള്ള ആഘോഷങ്ങളിൽനിന്ന്
ദോഹ: ഫിഫ അറബ് കപ്പിനെത്തുന്ന ഫുട്ബാൾ ആരാധകരെ വരവേറ്റ് ഫാൻ സോണുകൾ. മത്സര ദിവസങ്ങളിൽ സ്റ്റേഡിയങ്ങളിലേക്ക് എത്തുന്ന ആയിരക്കണക്കിന് ഫുട്ബാൾ ആരാധകരെ വരവേൽക്കുന്നതിനും അവർക്ക് മത്സരശേഷം ഒത്തുചേരാനും സമ്പന്നമായ അറബ് ലോകത്തെ ഭക്ഷണവും സാംസ്കാരിക സവിശേഷതകളും കലാപ്രകടനങ്ങളും ആസ്വദിക്കുന്നതിനുള്ള വേദിയാണിത്. ഫുട്ബാളിനപ്പുറം, അറബ് രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ഐക്യവും സൗഹൃദവും വിളിച്ചോതുന്ന വേദിയായി ഫാൻ സോണുകൾ പ്രവർത്തിക്കുന്നു.
ഓരോ മത്സര ദിവസങ്ങളിലും ആയിരക്കണക്കിന് ആരാധകരാണ് ഫാൻ സോണുകളിൽ എത്തുന്നത്.
ടൂർണമെന്റുകൾ നടക്കുന്ന ആറ് സ്റ്റേഡിയങ്ങളോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഫാൻ സോണുകളിലായി മേഖലയിലെ വൈവിധ്യമാർന്ന പാചക, സാംസ്കാരിക വൈവിധ്യങ്ങളെ അനുഭവിച്ചറിയാൻ നിരവധി പ്രാദേശിക ബിസിനസ് സംരംഭങ്ങളും, വിവിധ കലാകാരന്മാരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 77 ലധികം പ്രാദേശിക ഭക്ഷണ -പാനീയ ബിസിനസ് സംരംഭകർക്കാണ് ഫാൻ സോണുകളിൽ പ്രത്യേകമായ ഇടം നൽകിയിട്ടുള്ളത്.
രുചികരവും വൈവിധ്യമാർന്നതുമായ ഭക്ഷണം ഇല്ലാതെ ഒരു ആഘോഷവും പൂർണമാകില്ല, അതുകൊണ്ട് തന്നെ അറബ് ലോകത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണ രുചികൾ ആസ്വദിക്കുന്നതിനുള്ള അവസരം കൂടിയാണ് ഫിഫ അറബ് കപ്പിലെ ഫാൻ സോണുകളിൽ ഒരുക്കിയിട്ടുള്ള സ്റ്റാളുകൾ. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ രുചിച്ച് കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള അവസരമാണ് ഫാൻ സോണുകളിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഓരോ രാജ്യത്തിന്റെയും പൈതൃകത്തെ ഉൾകൊള്ളുന്ന സാംസ്കാരിക പ്രകടനങ്ങൾ, സംഗീതം, നൃത്തം തുടങ്ങിയ നിരവധി പരിപാടികൾ പ്രാദേശിക കലാകാരന്മാർ ഫാൻ സോണുകളിൽ നിത്യവും അവതരിപ്പിക്കുന്നുണ്ട്.
ഇത് ഉത്സവ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ, എല്ലാ ഫാൻ സോണുകളിലുമായി അറബ് ലോകത്തെ 686ലധികം കലാകാരന്മാർ അണിനിരന്ന 103 പ്രകടനങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. ഇനി നടക്കാനിരിക്കുന്ന സെമി, ഫൈനൽ വേദികളിൽ കൂടുതൽ ആരാധകർ എത്തുമെന്നതിനാൽ ഫാൻ സോണുകളും കൂടുതൽ സജീവമാകും. ഫിഫ അറബ് കപ്പിന്റെ ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഭിന്നശേഷി ആരാധകർക്ക് പ്രവേശന സൗകര്യമുള്ള സീറ്റുകൾക്കായി accessibility.tickets@sc.qa വഴി അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

