വീണ്ടുമെത്തുന്നു, കളിയുത്സവക്കാലം
text_fields2021 അറബ് കപ്പ് ജേതാക്കളായ അൽജീരിയ
ദോഹ: നവംബർ, ഡിസംബറിലെ തണുപ്പുകാലത്തിന് വീണ്ടും കളിച്ചൂടുമായി ഫുട്ബാൾ ആവേശമെത്തുന്നു. ലോകകപ്പ് ഫുട്ബാളിന് പിന്നാലെ ഖത്തറിലേക്ക് വരുന്ന പ്രധാന ഫിഫ ടൂർണമെന്റുകളായ അണ്ടർ 17 ലോകകപ്പ്, അറബ് കപ്പ് മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ബുധനാഴ്ച ചേർന്ന ഫിഫ കൗൺസിൽ യോഗമാണ് മത്സര തീയതിക്ക് അംഗീകാരം നൽകിയത്.
അറേബ്യൻ രാജ്യങ്ങളുടെ വീറുറ്റ ഫുട്ബാൾ മത്സരമായ ഫിഫ അറബ് കപ്പിന് ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തർ വേദിയാകും. കൗമാര ഫുട്ബാളിന്റെ വിശ്വമേളയായ അണ്ടർ 17 ലോകകപ്പിന് നവംബർ മൂന്ന് മുതൽ 27 വരെയും രാജ്യം വേദിയൊരുക്കും.
ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി 2021ലായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്. 10 വർഷത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ടൂർണമെന്റ് ഫിഫയുടെ പേരിൽ നാലുവർഷത്തിലൊരിക്കൽ എന്ന നിലയിൽ ക്രമീകരിച്ചാണ് ഇപ്പോൾ തിരികെയെത്തുന്നത്. 2025, 2029, 2033 സീസണുകളിലെ ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകുമെന്ന് ഫിഫ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അണ്ടർ 17 ലോകകപ്പിനു പിന്നാലെ ഡിസംബർ ഒന്നിന് കിക്കോഫ് കുറിക്കുന്ന അറബ് കപ്പിന്റെ കലാശപ്പോരാട്ടം ഖത്തർ ദേശീയ ദിനമായ 18ന് നടക്കും. അറബ് മേഖലയിലെ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
48 ടീമുകളുമായാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ വേദിയാകുന്നത്. 25 ദിവസത്തിനുള്ളിൽ 104 മത്സരങ്ങൾ അടങ്ങിയ ടൂർണമെന്റിൽ കൗമാര താരങ്ങളുടെ ഉശിരൻ പോരാട്ടത്തിനാവും സാക്ഷ്യംവഹിക്കുന്നത്. ആതിഥേയരായ ഖത്തറും അണ്ടർ 19 ലോകകപ്പിൽ മാറ്റുരക്കും.
സുപ്രധാന ടൂർണമെന്റുകളിലൂടെ മേഖലയിലെ ഫുട്ബാൾ പ്രേമികൾക്ക് വീണ്ടും കാൽപന്ത് ഉത്സവത്തിന് ഖത്തർ വേദിയൊരുക്കുകയാണെന്ന് ഖത്തർ കായിക മന്ത്രിയും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ പറഞ്ഞു. അറബ് കപ്പ് 2025ലൂടെ അറബ് മേഖലയിലെ ദശലക്ഷം ഫുട്ബാൾ പ്രേമികൾക്ക് വീണ്ടും ആഘോഷമെത്തുകയാണ്. അണ്ടർ 17 ലോകകപ്പ് യുവതാരങ്ങളുടെ മികച്ച പ്രകടനത്തിനും സാക്ഷ്യം വഹിക്കും -ശൈഖ് ഹമദ് ആൽ ഥാനി പറഞ്ഞു.
2021ൽ ലോകകപ്പ് വേദികളിൽ നടന്ന അറബ് കപ്പ് ആരാധക സാന്നിധ്യവും മത്സര നിലവാരവും കൊണ്ട് ശ്രദ്ധേയമായിരുന്നു. അൽബൈത് സ്റ്റേഡിയം സാക്ഷ്യം വഹിച്ച ഫൈനലിൽ തുനീഷ്യയെ തോൽപിച്ച് അൽജീരിയ കിരീടം ചൂടി. ആതിഥേയരായ ഖത്തർ മൂന്നാം സ്ഥാനത്തിനും അവകാശികളായി.
ഈ വർഷത്തെ മത്സരങ്ങളുടെ വേദിയും മാച്ച് ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

