ഫിഡെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്; ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsഖത്തർ ചെസ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മുദാഹ്കയും ഫിഡെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ് സംഘാടക സമിതി ഭാരവാഹികളും വാർത്തസമ്മേളനത്തിൽ
ദോഹ: ഫിഡെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഡിസംബർ 25 മുതൽ 31 വരെ ഖത്തർ യൂനിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിലാണ് മത്സരം.
ആഗോള ചെസ് മേളക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഖത്തർ ചെസ് ഫെഡറേഷൻ പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് അൽ മുദാഹ്ക വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓപൺ വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ 233 താരങ്ങളും വേൾഡ് റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ 230 താരങ്ങളും പങ്കെടുക്കും.
ന്യൂയോർക്കിൽ നടന്ന കഴിഞ്ഞ ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നോർവീജിയൻ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന്റെ സാന്നിധ്യം ടൂർണമെന്റിന് മത്സരവീര്യം പകരുമെന്ന് അൽ മുദാഹ്ക പറഞ്ഞു. 2016ലെ ആദ്യ പതിപ്പിന് ശേഷം ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പുകൾക്ക് രണ്ട് തവണ വേദിയാകുന്ന ഏക നഗരമാണ് ദോഹ. ഒമ്പത് വർഷത്തിന് ശേഷം ടൂർണമെന്റ് ദോഹയിലേക്ക് മടങ്ങിയെത്തുന്നത് ആഗോള ചെസ് ഭൂപടത്തിൽ ഖത്തറിന്റെ വളരുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഖത്തറിലെ ചെസ് വികസിപ്പിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനും മികച്ച ചാമ്പ്യൻഷിപ് സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംഘാടനത്തിലും സാങ്കേതിക നിലവാരത്തിലും ഈ പതിപ്പ് ഏറ്റവും മികച്ചതാക്കാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്നും മുഹമ്മദ് അൽ മുദാഹ്ക പറഞ്ഞു. ഇത്തവണത്തെ സമ്മാനത്തുക ദശലക്ഷം യൂറോയിലധികമാണ് (ഏകദേശം ഒമ്പത് കോടി രൂപ). ഇത് ഓപൺ, വനിത വിഭാഗങ്ങളിലായി വിതരണം ചെയ്യും.ചടങ്ങിൽ വെച്ച് സംഘാടക സമിതി വിവിധ സ്പോൺസർഷിപ് കരാറുകളിൽ ഒപ്പുവെച്ചു. ദാം ഷെയേർഡ് സർവിസസ് ഡയറക്ടർ യൂസുഫ് മുഹമ്മദ് അൽ നുഐമി, ഖത്തർ യൂനിവേഴ്സിറ്റി സ്പോർട്സ് ഫെസിലിറ്റീസ് ഡയറക്ടർ എൻജിനീയർ ഹമൂദ് അൽ ഹാജ്രി, മറ്റു പങ്കാളികളുടെയും സ്പോൺസർമാരുടെയും പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
സംഘാടക സമിതി ചാമ്പ്യൻഷിപ്പിനുള്ള അവസാന മിനുക്കുപണികളിലാണെന്ന് ഖത്തർ ചെസ് ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും ടൂർണമെന്റ് ഡയറക്ടറുമായ ഹമദ് അൽ തമിമി ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡുണ്ടെന്നും നിരവധി അന്താരാഷ്ട്ര ചെസ് പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും ചാമ്പ്യൻഷിപ് സംപ്രേഷണം ചെയ്യുന്നതിനാൽ വലിയ പ്രേക്ഷകശ്രദ്ധ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുവതാരങ്ങൾക്ക് ലോകോത്തര ചെസ് താരങ്ങളെ നേരിട്ട് കാണാനും, പുതിയ തലമുറയെ കളിയിലേക്ക് ആകർഷിക്കാനും അവരുടെ കഴിവുകൾ പ്രഫഷനൽ തലത്തിലേക്ക് വളർത്താനും ടൂർണമെന്റ് മികച്ച അവസരമാണെന്ന് അൽ തമിമി കൂട്ടിച്ചേർത്തു. ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളാൻ സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സ് പൂർണ സജ്ജമാണെന്ന് ഖത്തർ യൂനിവേഴ്സിറ്റി സ്പോർട്സ് ഫെസിലിറ്റീസ് ഡയറക്ടർ എൻജിനീയർ ഹമൂദ് അൽ ഹാജ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

