നിറഞ്ഞുകവിഞ്ഞ് ബീച്ചും പാർക്കുകളും
text_fieldsലുസൈലിലെ ഈദ് ആഘോഷക്കാഴ്ച, ബൊളെവാഡിലെ ഈദ് ആഘോഷം
ദോഹ: പെരുന്നാൾ മുതൽ, മൂന്നു ദിനം. ബീച്ചുകളിലും ലുസൈൽ ബൊളെവാഡിലും ദോഹ കോർണിഷിലും കതാറയിലും പാർക്കിലുമായി പെരുന്നാളിനെ ആഘോഷമാക്കി ഖത്തറിലെ പ്രവാസിസമൂഹം.
ലുസൈലിലും കതാറയിലും നടന്ന വെടിക്കെട്ടുകൾ, വർണാഭമായ ഈദ് പരിപാടികൾ, വിപുലമായ സൗകര്യങ്ങളൊരുക്കി കാത്തിരുന്ന ഖത്തറിന്റെ ചുറ്റിലുമുള്ള കടൽ തീരങ്ങൾ, പച്ചപ്പണിഞ്ഞ്, വിനോദങ്ങളും ഇതര സൗകര്യങ്ങളുമായി ഒരുങ്ങിയ 150ലേറെ പാർക്കുകൾ... അങ്ങനെ കഴിഞ്ഞ മൂന്നു ദിവസവും പെരുന്നാളാക്കി മാറ്റുകയാണ് സ്വദേശികളും പ്രവാസികളും. പകൽ ചൂടായതിനാൽ, വൈകുന്നേരങ്ങളിൽ കുടുംബസമേതം സന്ദർശകകേന്ദ്രങ്ങളിലെത്തിയാണ് പെരുന്നാളിന് ഉത്സവ പ്രതീതി സമ്മാനിക്കുന്നത്. പൊതുഅവധി, തിങ്കളാഴ്ച വരെ നീളുന്നതിനാൽ ഇന്നും നാളെയുമെല്ലാം കുടുംബങ്ങളിൽ പെരുന്നാൾ തന്നെ.
മധ്യവേനലവധിയായതിനാൽ മാളുകളിൽ എല്ലായിടത്തും കുട്ടികളെ കേന്ദ്രീകരിച്ചാണ് പരിപാടികൾ. പ്ലെയ്സ് വെൻഡോം, മാൾ ഓഫ് ഖത്തർ തുടങ്ങി വിവിധ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ഇതിനു പുറമെ, സ്വന്തം വാഹനങ്ങളിൽ അതിർത്തി കടന്ന് സൗദിയിലേക്കും ബഹ്റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കും പെരുന്നാൾ കൂടാൻ പോയവർ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

