സ്പാനിഷ് രുചി വൈവിധ്യങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഫെസ്റ്റിവൽ ഓഫ് സ്പെയിന് തുടക്കം
text_fieldsദോഹ: സ്പാനിഷ് രുചി വൈവിധ്യങ്ങളുമായി ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഫെസ്റ്റിവൽ ഓഫ് സ്പെയിൻ' തുടക്കം. സ്പെയിനിന്റെ സമ്പന്നമായ രുചി വൈവിധ്യവും പാചക പാരമ്പര്യവും ഖത്തറിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദി പേൾ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ സ്പാനിഷ് അംബാസഡർ ഡോ. അൽവാരോ റെനെഡോ സാൽബ, ഖത്തറിലെ സ്പാനിഷ് ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികൾ എന്നിവർ സാന്നിഹിതരായിരുന്നു.
ഫെസ്റ്റിവലിനോടനുബന്ധിച്ച് സ്പെയിനിന്റെ സാംസ്കാരിക പാരമ്പര്യത്തെയും ലാൻഡ്മാർക്കുകളെയും ഓർമിപ്പിക്കുന്ന രീതിയിലാണ് ലുലു ഹൈപ്പർമാർക്കറ്റ് അലങ്കരിച്ചിരിക്കുന്നത്. ഒക്ടോബർ 14 വരെ ഖത്തറിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഫെസ്റ്റിവൽ തുടരും.
പ്രീമിയം ചീസുകൾ, നാടൻ ബ്രെഡുകൾ, കാർഷിക ഉൽപ്പന്നങ്ങൾ, വിശിഷ്ടമായ ഭക്ഷണവിഭവങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ ശേഖരത്തിലൂടെ സ്പാനിഷ് ഉൽപ്പന്നങ്ങളുടെ വൈവിധ്യവും മികച്ച ഗുണനിലവാരവും അടുത്തറിയാൻ ഫെസ്റ്റിവൽ ഓഫ് സ്പെയിൻ ഖത്തറിലെ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുന്നു. എസ്.ഇ.കെ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ തത്സമയ പാചക പ്രദർശനങ്ങളും രുചിയറിയാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഖത്തറും സ്പെയിനും തമ്മിലുള്ള ബന്ധവും സാംസ്കാരിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം ഭക്ഷ്യോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സ്പാനിഷ് അംബാസഡർ ഡോ. അൽവാരോ റെനെഡോ അഭിപ്രായപ്പെട്ടു. സ്പാനിഷ് ഭക്ഷണവിഭവങ്ങളുടെ മികച്ച ഗുണനിലവാരത്തെയും വൈവിധ്യത്തെയും അവതരിപ്പിക്കുന്ന മേള ഖത്തറിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സ്പാനിഷ് പാചകരീതികളും അറബ് ഭക്ഷണസംസ്കാരവും തമ്മിൽ സുപ്രധാനമായ ബന്ധങ്ങളുണ്ട്. ഒലീവ് ഓയിൽ, കുങ്കുമപ്പൂവ്, പരമ്പരാഗത പലഹാരമായ 'തുറോൺ' എന്നിവയിലൂടെ അറബ് സംസ്കാരവുമായി സ്പെയിനുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു.
ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അവയുടെ തനിമയും ഗുണനിലവാരം, വിതരണത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിലുള്ള പ്രതിബദ്ധത ലുലു ഗ്രൂപ്പ് വക്താവ് എടുത്തുപറഞ്ഞു. മാഡ്രിഡിലെ ലുലു ഗ്രൂപ്പിന്റെ അത്യാധുനിക ലോജിസ്റ്റിക്സ്, വെയർഹൗസിങ് ഫെസിലിറ്റിയായ 'വൈ ഇന്റർനാഷണൽ' വഴിയാണ് സ്പാനിഷ് ഉൽപ്പന്നങ്ങൾ ഖത്തറിലെത്തിക്കുന്നത്. 22 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്റെ വിപുലമായ കയറ്റുമതി -വിതരണ ശൃംഖലയിലൂടെ, അന്താരാഷ്ട്ര തലത്തിൽ ഉൽപ്പന്നങ്ങൾ സംഭരിക്കാനുള്ള കമ്പനിയുടെ ശേഷി വർധിപ്പിക്കുകയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുടെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്പെയിനിന്റെ വൈവിധ്യാർന്ന രുചിയും പാരമ്പര്യങ്ങളും അടുത്തറിയാൻ അവസരം ഒരുക്കി ഫെസ്റ്റിവൽ ഓഫ് സ്പെയിൻ ഒക്ടോബർ 14 വരെ ഖത്തറിലെ ലുലു സ്റ്റോറുകളിൽ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

