ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച്: 'ദോഹ ടാറ്റൂ ഫെസ്റ്റിവൽ' വേദിയൊരുങ്ങി
text_fieldsദോഹ: ഖത്തറിന്റെ ആകാശത്ത് വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ പ്രദർശനങ്ങളും ആകർഷകമായ കാഴ്ചകളുമൊരുക്കി ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച് 'ദോഹ ടാറ്റൂ ഫെസ്റ്റിവൽ' നാളെ തുടങ്ങും. കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖരായ അന്താരാഷ്ട്ര, ഖത്തരി സംഗീത സംഘങ്ങൾ അണിനിരക്കും. സാംസ്കാരിക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ, മാർച്ചിങ്ങും സംഗീത പ്രകടനങ്ങളും എന്നിവയുൾപ്പെടെ വിവിധ ഇവന്റുകളും ടാറ്റൂ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. കതാറ കൾച്ചറൽ വില്ലേജിൽ ഡിസംബർ 16, 17, 19, 20 എന്നീ നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ താമസക്കാർക്കും സന്ദർശകർക്കും ടിക്കറ്റുകൾ ഉറപ്പാക്കാം.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ദോഹയിൽ പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ പതിപ്പിന്റെ ഒരുക്കങ്ങൾ പരിശോധിക്കുന്നതിനായി ആഭ്യന്തര മന്ത്രി കഴിഞ്ഞദിവസം പരിശോധനാ സന്ദർശനം നടത്തിയിരുന്നു.
ബ്രിട്ടനിൽനിന്നുള്ള ഐറിഷ് ഗാർഡും റോയൽ എയർഫോഴ്‌സ് മ്യൂസിക് സർവിസും, യു.എസിൽനിന്ന് എയർഫോഴ്‌സ് ഓണർ ഗാർഡും, തുർക്കിയിൽ നിന്നുള്ള ഓട്ടോമൻ മെഹ്തർ ബാൻഡിന്റെയും പങ്കാളിത്തം ഫെസ്റ്റിവലിൽ ഉണ്ടാകും. കൂടാതെ, ജോർഡാനിലെ ആംഡ് ഫോഴ്‌സ് ബാൻഡ്, റോയൽ ഗാർഡ് ഓഫ് ഒമാൻ ബാൻഡ്, കസാഖ് പ്രതിരോധ മന്ത്രാലയത്തിന്റെ സെൻട്രൽ മിലിട്ടറി ബാൻഡും പങ്കെടുക്കും. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്ന ഖത്തരി മ്യൂസിക്കൽ യൂനിറ്റ്, അമീരി ഗാർഡ്, സാംസ്കാരിക മന്ത്രാലയം, ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര എന്നിവയുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ശ്രദ്ധേയമാകും.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ഫെസ്റ്റിവൽ വേദിയോട് ചേർന്ന് 'ദി വില്ലേജ്' എന്ന വേദിയും ഒരുക്കിയിട്ടുണ്ട്. ഖത്തർ കലണ്ടർ, ഫുഡ് കൗണ്ടറുകൾ, പൊലീസ് അക്കാദമി, ലെഖ് വിയ, സിവിൽ ഡിഫൻസ്, മർച്ചൻഡൈസ്, വോഡഫോൺ, ടിക്കറ്റിങ് എന്നിവയ്‌ക്കായി പ്രത്യേക കൗണ്ടറുകൾ ഇവിടെ ഒരുക്കും. നിയോൺ സ്റ്റിൽറ്റ് വാക്കർമാർ, ജഗ്ലർമാർ, പ്രാദേശിക സംഗീതജ്ഞർ, കാരിക്കേച്ചർ ആർട്ടിസ്റ്റുകൾ, കാലിഗ്രാഫർമാർ, ലൈവ് സ്കെച്ച് ആർട്ടിസ്റ്റുകൾ, ഫെയ്സ് പെയിന്റിങ്, കുട്ടികൾക്കുള്ള ഗ്ലിറ്റർ ടാറ്റൂകൾ, ബലൂൺ ട്വിസ്റ്റിംഗ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിനോദ പരിപാടികൾ സന്ദർശകർക്ക് ആസ്വദിക്കാനും ടാറ്റൂ ഫെസ്റ്റിവൽ വേദിയൊരുങ്ങും. മേഖലയിൽ ആദ്യമായാണ് ഖത്തർ ടാറ്റൂ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. https://tickets.virginmegastore.me/qa/dohatatoo വഴി പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാണെന്ന് സംഘാടക സമിതി അറിയിച്ചു. ടിക്കറ്റുകൾ 15, 30, 100 റിയൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

