പൊതു പാർക്കിങ്ങിനും ഫീസ്; മന്ത്രിതല തീരുമാനം ഉടൻ
text_fieldsസ്മാർട്ട് പാർക്കിങ് സെൻസർ
ദോഹ: പൊതു ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിശ്ചിത തുക ഫീസായി ചുമത്താനുള്ള നീക്കങ്ങളുമായി അധികൃതർ. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. പൊതു ഇടങ്ങളിലെ പാർക്കിങ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പാർക്കിങ് ചാർജുകളും സ്ഥലങ്ങളും നിശ്ചയിക്കാനുള്ള മന്ത്രിതല തീരുമാനം ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം സാങ്കേതിക ഓഫിസ് മേധാവി എൻജി. താരിഖ് അൽ തമീമി പറഞ്ഞു.
ഖത്തറിലെ പൊതു പാർക്കിങ് നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് അധികാരം നൽകുന്ന 2021ലെ 13ാം നമ്പർ നിയമപ്രകാരമായിരിക്കും തീരുമാനമെന്നും ഖത്തർ ടി.വിയോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി. ‘2021ലെ 13ാം നമ്പർ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം ഒരു കരട് മന്ത്രിതല തീരുമാനത്തിന് തയാറെടുക്കുകയാണ്. അതിന് അംഗീകാരം നൽകാൻ പോകുകയാണ്’ -അദ്ദേഹം സൂചന നൽകി.
വിവിധ പങ്കാളികളുമായി ഏകോപിപ്പിച്ച പൊതു പാർക്കിങ് മാനേജ്മെന്റ് പ്രോജക്ട് നടപ്പാക്കുകയാണ് മന്ത്രാലയം. വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിൽ ഇതുവരെ 3300 വാഹന പാർക്കിങ് സെൻസറുകൾ ആദ്യഘട്ടത്തിൽ സ്ഥാപിച്ചതായും അൽ തമീമി ചൂണ്ടിക്കാട്ടി.
ഇപ്പോൾ പ്രധാന റോഡുകൾ കവർ ചെയ്ത് നിരീക്ഷണ കാമറകളിലൂടെ സുഗമമായ നിരീക്ഷണത്തിന് പ്രത്യേകം സംവിധാനം സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. രാജ്യത്തെ വാഹന പാർക്കിങ് മാനേജ്മെന്റ് വഴി ആരോഗ്യകരമായ നിരവധി നേട്ടങ്ങൾ കൈവരിക്കാനും നഗരങ്ങളിലെയും പാർപ്പിട മേഖലകളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകാനും ലക്ഷ്യമിടുന്നു. പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിച്ച് അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രധാന മേഖലകളിലെ തിരക്ക് കുറക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
മലിനീകരണം, റോഡുകളിലെ തിരക്ക് എന്നിവ കുറക്കാനും ഗതാഗതസുരക്ഷാ നിരക്ക് വർധിപ്പിക്കുന്നതിനും തെറ്റായ പാർക്കിങ്ങും ഗതാഗത ലംഘനങ്ങളും കുറക്കാനും പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും അൽ തമീമി വിശദീകരിച്ചു.
രാജ്യത്തെ റോഡുകളുടെയും ഭൂമിയുടെയും ന്യായമായ ഉപയോഗത്തിനും വികസന പ്രവർത്തനങ്ങളിലെ അടിസ്ഥാന സൗകര്യ നിക്ഷേപത്തിലെ വരുമാനം വർധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണക്കാനും കാറുകൾ പാർക്കിങ് സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത ചെറുക്കാനും പുതിയ സംവിധാനം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

