ആഘോഷപ്പെരുമഴയുമായി ‘ഫീൽ വിന്റർ ഇൻ ഖത്തർ’ കാമ്പയിൻ
text_fieldsഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, ഖത്തർ ടൂറിസം ഷെയേർഡ് സർവിസസ് വിഭാഗം മേധാവി ഒമർ അൽ ജാബിർ, ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മേധാവി ശൈഖ ഹിസ്സ ആൽഥാനി, ഖത്തരി റാലി ഡ്രൈവർ നാസർ അബ്ദുല്ല അൽ അതിയ്യ എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ശൈത്യകാലം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് വ്യത്യസ്തമായ ആഘോഷ പരിപാടികളുമായി ‘ഫീൽ വിന്റർ ഇൻ ഖത്തർ’ കാമ്പയിൻ ഖത്തർ ടൂറിസവും ഖത്തർ എയർവേസും ചേർന്ന് പ്രഖ്യാപിച്ചു. കുടുംബ-സൗഹൃദ പ്രവർത്തനങ്ങൾ, അത്ലറ്റിക് ഇവന്റുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യ, ഷോപ്പിങ് ജ്വല്ലറി പ്രേമികൾക്കുള്ള പ്രത്യേക പരിപാടികൾ എന്നിവയുൾപ്പെടുന്നതാണ് കാമ്പയിൻ.
മിന ഹോട്ടൽ ആൻഡ് റെസിഡൻസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, ഖത്തർ ടൂറിസം ഷെയേർഡ് സർവിസസ് വിഭാഗം മേധാവി ഒമർ അൽ ജാബിർ, ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മേധാവി ശൈഖ ഹിസ്സ ആൽഥാനി എന്നിവർ പങ്കെടുത്തു. അഞ്ചാം തവണയും ഡകാർ റാലി കിരീടം നേടിയ ഖത്തരി റാലി ഡ്രൈവർ നാസർ അബ്ദുല്ല അൽ അതിയ്യ ഖത്തർ ടൂറിസത്തിന്റെ പുതിയ അംബാസഡറായി നിയമിക്കപ്പെട്ടതായും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, പൊതു ബീച്ചുകൾ തുടങ്ങി നിരവധി ഓപണിങ്ങുകൾ ഖത്തർ അവതരിപ്പിച്ചതായും ഇവയെല്ലാം രാജ്യത്തിന്റെ ആതിഥ്യമര്യാദ, വിനോദ, ടൂറിസം ലാൻഡ്സ്കേപ്പുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം വൈവിധ്യവത്കരിക്കുകയും ചെയ്യുന്നുവെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.‘നമ്മുടെ രാജ്യത്തെ ലോകം ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു.
ഇപ്പോൾ ആഗോള വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഖത്തർ. 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകരെ രാജ്യം സ്വീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ടൂറിസത്തിന്റെ പുതിയതും ആവേശകരവുമായ അധ്യായം വരും വർഷത്തിലും പ്രതീക്ഷിക്കുന്നതായി അൽ ബാകിർ പറഞ്ഞു. ഖത്തർ അതിന്റെ കഥയുടെ അടുത്ത ഭാഗത്തേക്ക് നീങ്ങുമ്പോൾ പരമ്പരാഗത പൈതൃകത്തിലും സംസ്കാരത്തിലും ഉറച്ചുനിന്നാണ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

