ഫിൻഖ്യൂ നഴ്സസ് ദിനാഘോഷം ഇന്നുമുതൽ
text_fieldsഫിൻഖ്യൂ ഖത്തർ നഴ്സസ് ദിനാഘോഷ പരിപാടിയുടെ വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ സംസാരിക്കുന്നു
ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻഖ്യൂ) സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം വെള്ളി, ശനി ദിവസങ്ങളിലായി ഐഡിയൽ ഇന്ത്യൻ സ്കൂളിലും, അൻസാരി കോംപ്ലക്സിലുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 23ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകീട്ട് അഞ്ചു മുതൽ നടക്കുന്ന ആഘോഷ പരിപാടികളിൽ എച്ച്.എം.സി മാനസികാരോഗ്യ കേന്ദ്രം സി.ഇ.ഒ ഇയാൻ ഫ്രാൻസിസ് ടുളി മുഖ്യാതിഥിയായിരിക്കും.
ഫിൻഖ്യൂ അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. മികച്ച സേവനം കാഴ്ചവെച്ച നഴ്സുമാർക്ക് ഡെയ്സി അവാർഡുകളും ഫിൻഖ്യു എയ്ഞ്ചൽ അവാർഡുകളും സമ്മാനിക്കും. സെക്കൻഡറി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫിൻഖ്യൂ അംഗങ്ങളുടെ മക്കൾക്ക് എജുക്കേഷൻ എക്സലൻസി അവാർഡുകൾ നൽകും. റിഥം ബാൻഡ് ഖത്തർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.
നഴ്സുമാരുടെ ശാക്തീകരണം; സാങ്കേതിക ക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം എന്ന പ്രമേയത്തിൽ 24ന് അൻസാരി കോംപ്ലക്സിൽ നടക്കുന്ന എജുക്കേഷൻ ആക്ടിവിറ്റി പ്രോഗ്രാമിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ നഴ്സിങ് ഡയറക്ടർ അഹ്മദ് ലത്തീഫ് മുഹമ്മദ് അബൂ ജാബിർ, സിംഗപ്പൂർ എംബസി കോൺസുലർ സുമയ്യ ബഖ്വി, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ്, പി.എഫ് എസി കോ ചെയർപേഴ്സൻ ഇസ്സ മുഹമ്മദ് എന്നിവർ പങ്കെടുക്കും. 300ൽ പരം ആളുകൾ പങ്കെടുക്കുന്ന സെമിനാർ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് നടക്കുക.
ഉദ്ഘാടന ചടങ്ങിൽ അമേരിക്ക ആസ്ഥാനമായ ഡെയ്സി ഫൗണ്ടേഷന്റെ ഖത്തറിലെ പ്രഥമ അവാർഡ് ഫിൻഖ്യൂവിന് പ്രസിഡന്റ് ബിജോയ് ചാക്കോ ഹമദ് മെഡിക്കൽ കോർപറേഷൻ നഴ്സിങ് ഡയറക്ടർ അഹമ്മദ് ലത്തീഫ് മുഹമ്മദ് അബൂ ജാബിറിൽനിന്ന് ഏറ്റുവാങ്ങും. വെസ്റ്റ് ബെ അൻസാർ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ഫിൻഖ്യൂ പ്രസിഡന്റ് ബിജോയ് ചാക്കോ, ജനറൽ സെക്രട്ടറി നിഷ മോൾ, വൈസ് പ്രസിഡന്റ് ശാലിനി പോൾ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ചാൾസ്, നിയാദ്, പ്രോഗ്രാം ലീഡ് ജിഫിൻ പോൾ, മാഗസിൻ ചീഫ് എഡിറ്റർ അൻപു സെൽവി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

