Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right"ഭയമില്ല, ഈ മണ്ണിൽ...

"ഭയമില്ല, ഈ മണ്ണിൽ കരുതലുണ്ട്

text_fields
bookmark_border
ഭയമില്ല, ഈ മണ്ണിൽ കരുതലുണ്ട്
cancel


പശ്ചിമേഷ്യയിലെ സംഘർഷവും പ്രതിസന്ധിയും നിറഞ്ഞ സാഹചര്യത്തിൽ വെൽകെയർ ഫാർമസി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ

കെ.പി. അഷ്റഫ് ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു

യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് പ്രവാസികൾക്ക് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. മിസൈൽ ആക്രമണങ്ങളുടെയും വലിയ ശബ്ദങ്ങളുടെയും ഒക്കെ പശ്ചാത്തലം നമ്മൾ നേരിട്ട് അനുഭവിക്കുന്നത് ആദ്യമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ തുടക്കത്തിൽ എല്ലാവരിലും വലിയൊരു ഭീതി (Panic) ഉണ്ടായിരുന്നു, അത് സ്വാഭാവികമാണ്.

കോവിഡ് കാലത്തിന് ശേഷം വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്ന സാഹചര്യവും ഇതായിരുന്നു. യുദ്ധഭീതി കാരണം അത്യാവശ്യ സാധനങ്ങൾ വാങ്ങി കൂട്ടാനുള്ള ഒരു പ്രവണത ആളുകളിൽ ആദ്യ ദിവസങ്ങളിൽ കണ്ടു. എന്നാൽ, ദിവസങ്ങൾക്കകം തന്നെ കാര്യങ്ങൾ മാറിമറിഞ്ഞു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഖത്തർ വളരെ പെട്ടെന്നാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. സ്കൂളുകൾ വേഗത്തിൽ തുറക്കുകയും ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്തു. പിന്നീട് അത്തരം ഭീതിപ്പെടുത്തുന്ന ശബ്ദങ്ങളൊന്നും കേൾക്കേണ്ടി വന്നിട്ടില്ല.

ആദ്യഘട്ടത്തിലെ പരിഭ്രാന്തിയിൽ നിന്നും ഘട്ടംഘട്ടമായി വളരെ ശാന്തമായ ഒരു അന്തരീക്ഷത്തിലേക്ക് ഖത്തറിലെ ജനങ്ങൾക്ക് മാറാൻ സാധിച്ചു. യുദ്ധവാർത്തകൾ കേട്ട് ഭയന്നിരുന്ന രാജ്യത്തെ സ്വദേശികളിലും താമസക്കാരിലും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാൻ ഖത്തർ ഗവൺമെന്റ് എടുത്ത ശ്രമങ്ങൾ പ്രശംസനീയമാണ്. ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ് നമുക്കിവിടെ വളരെ വേഗത്തിൽ ജീവിതം സാധാരണ നിലയിലാക്കാൻ സാധിച്ചത്.

ഒരുമാസത്തിലധികം നീണ്ട യുദ്ധത്തിനുശേഷം പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. നയതന്ത്ര ചർച്ചകളിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അത് നമ്മൾ നേരിട്ട് കാണുകയും ചെയ്തു. ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷം മേഖലയിൽ ഗുണപരമായ ഒരുപാട് മാറ്റങ്ങൾ ദൃശ്യമായി. ചർച്ചകൾ മുന്നോട്ട് പോകുന്നതിനനുസരിച്ച് ഇനിയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

ഇപ്പോൾ നമ്മൾ വലിയൊരു പരിധി വരെ റിലാക്സ്ഡ് ആണ്. സമാധാനം പൂർണ്ണമായി തിരിച്ചുവരാൻ ഇത്തരം ചർച്ചകൾ തുടരേണ്ടതുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്ന ഫലം ഒരുപക്ഷേ ഒറ്റയടിക്ക് ഉണ്ടായെന്ന് വരില്ല, എങ്കിലും ചർച്ചകളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയൂ.

സംഘർഷ സമയത്തെ ക്രമീകരണങ്ങൾ

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റാനും, നിത്യോപയോഗ സാധനങ്ങളുടെയും അടിയന്തര സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും ഖത്തർ അതോറിറ്റി നിർണായകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഈ ക്രമീകരണങ്ങളും ഇടപെടലുകളും രാജ്യത്തെ താമസക്കാർക്കും ബിസിനസ് സംരംഭകർക്കും ഏറെ ഗുണകരവും ആശ്വാസവുമായിരുന്നു.

മരുന്നുകളുടെയും ആരോഗ്യസംരക്ഷണ ഉൽപന്നങ്ങളുടെയും വിതരണമാണ് വെൽകെയർ സ്ഥാപനങ്ങളുടെ പ്രധാന മേഖല. പ്രതിസന്ധിയുടെ തുടക്കത്തിൽ, അടിയന്തരമായി ഇവിടെയെത്തേണ്ട അത്യാവശ്യ മരുന്നുകൾ പലതും വിദേശത്ത് ഓർഡർ ചെയ്ത് തയാറായി നിൽക്കുകയായിരുന്നു. സ്വാഭാവികമായും, വിമാന -കപ്പൽ സർവിസുകൾ തടസ്സപ്പെടുമോ എന്നും സാധനങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ടായിരുന്നു. പ്രത്യേകിച്ചും ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്ക് കൃത്യസമയത്ത് നൽകേണ്ട ടെൻഡറുകളും ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന സമയമായിരുന്നു.

എന്നാൽ, ഖത്തർ ഗവൺമെന്റ് ഈ മേഖലക്ക് വലിയ പ്രാധാന്യവും പ്രത്യേക ശ്രദ്ധയുമാണ് നൽകിയത്. ഖത്തർ എയർവേസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും കസ്റ്റംസ് അതോറിറ്റിയും വേഗതയേറിയ പിന്തുണയാണ് നൽകിയത്.

ഫാർമസി, മരുന്ന് വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഓരോ ഉൽപന്നത്തിനും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം അനിവാര്യമാണ്. മരുന്നുകൾ എത്രയും വേഗം വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കൂ. ഈ പ്രതിസന്ധി ഘട്ടത്തിൽ മന്ത്രാലയം വളരെ കാര്യക്ഷമവും പ്രശംസനീയവുമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.

കസ്റ്റംസ് അധികൃതരും പൊതുജനാരോഗ്യ മന്ത്രാലയവും പരസ്പരം ഏകോപിപ്പിച്ച് ഉൽപന്നങ്ങൾ വേഗത്തിൽ റിലീസ് ചെയ്തു തന്നു. മരുന്നുകൾ തടസ്സമില്ലാതെ വിപണിയിൽ എത്തിക്കാൻ വലിയ പിന്തുണനൽകി. ഒന്നിനും ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടായില്ല.

വെയർഹൗസുകളിൽ നിന്നും പോർട്ടുകളിൽ നിന്നും സാധനങ്ങൾ വേഗത്തിൽ ക്ലിയർ ചെയ്ത്, അവ എത്തിക്കേണ്ട ഡെസ്റ്റിനേഷനുകളിൽ എത്തിക്കാൻ അധികൃതർ സന്നദ്ധരായിരുന്നു.

നിലവിൽ എൺപതോളം അന്താരാഷ്ട്ര ബ്രാൻഡുകളെയാണ് ഞങ്ങൾ ഖത്തറിൽ പ്രതിനിധീകരിക്കുന്നത്. കപ്പൽ മാർഗ്ഗം വരേണ്ടിയിരുന്ന ഒരൊറ്റ ഷിപ്പ്‌മെന്റിന് മാത്രമാണ് ഈ കാലയളവിൽ ബുദ്ധിമുട്ട് നേരിട്ടത്. ബാക്കി ഓർഡറുകളെല്ലാം തന്നെ ഒരു തടസ്സവുമില്ലാതെ എയർ കാർഗോയിലേക്ക് ഷിഫ്റ്റ് ചെയ്യാനും സുരക്ഷിതമായി ഇവിടെയെത്തിക്കാനും സാധിച്ചു.

ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കാർഗോ സർവിസുകൾക്ക് ചെറിയ രീതിയിലുള്ള റൂട്ട് മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു എന്നത് ശരിയാണ്. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങളെല്ലാം പൂർണ്ണമായി പരിഹരിക്കപ്പെട്ടു. നിലവിൽ എല്ലാ സാധനങ്ങളും കൃത്യമായി എത്തുന്നുണ്ട്.

സേവനപാതയിൽ വെൽകെയർ

കഴിഞ്ഞ 33 വർഷമായി ഖത്തർ പ്രവാസിയാണ്. ഇതിനു മുൻപുണ്ടായ ഉപരോധവും കോവിഡ് പ്രതിസന്ധിയുമെല്ലാം രാജ്യം വിജയകരമായി മറികടന്നത് നേരിട്ട് കണ്ടതുകൊണ്ട് തന്നെ, ഇതും നമ്മൾ മറികടക്കുമെന്ന വലിയൊരു ആത്മവിശ്വാസമുണ്ട്. തുടക്കത്തിൽ എല്ലാവരിലും ചെറിയൊരു പരിഭ്രാന്തി ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ സാധാരണ നിലയിലാവുകയും, ആളുകൾ അവരുടെ ബിസിനസ് -സാധാരണ ദിനചര്യകളിലേക്കും തിരിച്ചെത്തി. സംഘർഷം പൂർണ്ണമായി അവസാനിക്കുന്നത് വരെ ആശങ്കകൾ സ്വാഭാവികമാണ്. എങ്കിലും ഖത്തർ ഗവൺമെന്റ് നമുക്ക് നൽകുന്ന സുരക്ഷിതത്വബോധവും ആത്മവിശ്വാസവും വളരെ വലുതാണ്.

സംഘർഷത്തിന്റെ തുടക്കത്തിൽ ജീവനക്കാർ പേടിച്ച് അവധിയെടുക്കുമോ, നാട്ടിലേക്ക് തിരിച്ചുപോകണം എന്ന് ആവശ്യപ്പെടുമോ തുടങ്ങിയ ആശങ്കകളുണ്ടായിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യം ഈ കാലയളവിൽ ഉണ്ടായിട്ടില്ല. നാട്ടിൽ അടിയന്തര ആവശ്യങ്ങളുള്ളവർ പോകുന്നു, തിരികെ വരുന്നു. ഖത്തർ അതോറിറ്റി നൽകുന്ന സുരക്ഷയിൽ എല്ലാവരും ഹാപ്പിയാണ്.

ആരോഗ്യമേഖലയിൽ, പ്രത്യേകിച്ച് ഫാർമസികൾ കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ഫാർമസിസ്റ്റുകളുടെ സേവനം അനിവാര്യമാണ്. ഇരുനൂറോളം ഫാർമസിസ്റ്റുകൾ വെൽകെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരൊക്കെ പാനിക് ആയി നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിൽ വെൽകെയർ ഫാർമസികളുടെ പ്രവർത്തനം തടസ്സപ്പെടുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് അത്തരം ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. എല്ലാവരും പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നു.

മാനേജ്‌മെന്റ് നിരന്തരം ജീവനക്കാരുമായി ബന്ധപ്പെട്ടിരുന്നു. അപ്പോൾ അവർ പറഞ്ഞത് ഒറ്റ കാര്യമാണ്: "ഞങ്ങൾ ഹെൽത്ത് കെയർ പ്രൊഫഷണലുകളാണ്, ഇത്തരം സാഹചര്യങ്ങളെ കണ്ട് ഭയപ്പെടേണ്ടവരല്ല. ഞങ്ങൾ കൂടെയുണ്ടാകും." ഇത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.

പ്രതിസന്ധിയുടെ ആദ്യ നാളുകളിൽ പോലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസികളിൽ, അവർ കൃത്യമായി ഡ്യൂട്ടി ചെയ്തു. അതിലേറ്റവും സന്തോഷം നൽകിയ കാര്യം, സ്വദേശികളായ ഖത്തരികളും മറ്റ് ഉപഭോക്താക്കളും ഇവരെ അഭിനന്ദിച്ചു എന്നുള്ളതാണ്.

രാത്രി വൈകിയ സമയങ്ങളിൽ ഫാർമസിയിൽ വരുന്ന സ്വദേശികൾ പറയുമായിരുന്നു: "നിങ്ങൾക്ക് വേണമെങ്കിൽ ഈ സമയത്ത് സുരക്ഷിതമായി വീട്ടിലിരിക്കാം. എന്നാൽ നിങ്ങൾ ഞങ്ങൾക്കായി, ഈ രാത്രിയിലും തുറന്നുപ്രവർത്തിക്കുന്നുണ്ടല്ലോ... മാനേജ്‌മെന്റ് നൽകുന്ന പ്രോത്സാഹനത്തേക്കാൾ വലിയ ഊർജ്ജമാണ് കസ്റ്റമേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായ വാക്കും അവരുടെ സ്നേഹവും അവർക്ക് നൽകിയത്.

ഞങ്ങൾ ജീവനക്കാരെ കൃത്യമായി ബന്ധപ്പെടുകയും അവർക്കാവശ്യമായ എല്ലാ പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഭയപ്പെടാതെ, ഉയർന്ന ഉത്തരവാദിത്തബോധത്തോടെയാണ് ഹെൽത്ത് കെയർ ടീം ഈ സാഹചര്യത്തെ നേരിട്ടത്.

പ്രതികൂല സാഹചര്യവും ബിസിനസ്‍ /നിക്ഷേപ വളർച്ചയും

നിലവിലെ സാഹചര്യത്തിൽ, നിക്ഷേപങ്ങളെയോ ദൈനംദിന ബിസിനസ് പ്രവർത്തനങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധിയുണ്ടെന്ന് തോന്നിയിട്ടില്ല. ഞങ്ങളുടെ ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾ പതിവുപോലെ മുന്നോട്ട് പോകുകയാണ്. അടുത്തിടെ മൂന്ന് പുതിയ ലൊക്കേഷനുകൾ കൂടി കരാർ ഒപ്പിട്ടു. അതിന്റെ പ്രവൃത്തികളുമായി ആത്മവിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്.

തീർച്ചയായും, ഒരു ബിസിനസുകാരൻ എന്ന നിലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, അതിനപ്പുറം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബിസിനസ് എന്നത് എപ്പോഴും സുരക്ഷിത മേഖലയിൽ മാത്രം ഇരുന്നു ചെയ്യാൻ കഴിയുന്ന ഒന്നല്ലല്ലോ. അതിൽ എപ്പോഴും വെല്ലുവിളികളുണ്ടാകും. ആ വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകുമ്പോഴാണ് ഒരു സംരംഭം വിജയകരമാകുന്നത്.

ഖത്തർ എന്നും വളർച്ചയുടെ പാതയിൽ തന്നെയാണ്, അത് വരും നാളുകളിലും തുടരുക തന്നെ ചെയ്യും. സ്വാഭാവികമായും കൂടുതൽ പ്രോജക്ടുകൾ വരികയും കൂടുതൽ ആളുകൾ ഇങ്ങോട്ടേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യും. രാജ്യത്തെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് എല്ലാ മേഖലകളിലും അതിന്റെ പോസിറ്റീവ് ആയ പ്രതിഫലനവും വളർച്ചയും പ്രകടമാകും. നിലവിലെ താൽക്കാലിക പ്രതിസന്ധികൾ മാറി കാര്യങ്ങൾ സാധാരണ നിലയിലാകുന്നതോടെ കൂടുതൽ ആളുകൾ ഖത്തറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ മേഖലയിലും രാജ്യം വികസിക്കും. അതിന്റെ ഗുണം ആരോഗ്യ -വാണിജ്യ മേഖലകൾ ഉൾപ്പെടെ എല്ലാ സെക്ടറുകൾക്കും ലഭിക്കുകയും ചെയ്യും.

പ്രവാസികളെ കൈപ്പിടിച്ചുയർത്തിയ രാജ്യം

പ്രവാസികൾ ഏറെ കടപ്പെട്ടിരിക്കുന്ന മണ്ണാണിത്; നമ്മളെയെല്ലാം കൈപ്പിടിച്ച് ഉയർത്തിയ രാജ്യം. ഖത്തർ ഗവൺമെന്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും പ്രവാസികളുടെയും സുരക്ഷയും നന്മയും മുൻനിർത്തി കൂടിയുള്ളതാണ്.

കഴിഞ്ഞ ദിവസം ജീവനക്കാരുമായി സംസാരിച്ചപ്പോൾ അവർ പങ്കുവെച്ച കാര്യവും ഇതാണ് "ഈ സാഹചര്യത്തിൽ ഞങ്ങൾ ഒരിക്കലും ഖത്തർ വിട്ടുപോകില്ല. കാരണം, ഞങ്ങളെ വളർത്തിയ മണ്ണാണിത്. ഈ രാജ്യത്തോട് ഞങ്ങൾക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്." ഈ ചിന്താഗതി തന്നെയാണ് ഓരോ പ്രവാസി മലയാളിക്കും ഉള്ളത്. ഏതു സാഹചര്യത്തിലും നമ്മൾ എപ്പോഴും ഖത്തറിനൊപ്പം തന്നെ ഉണ്ടാകും. തീർച്ചയായും ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച്, കൂടുതൽ കരുത്തുറ്റ പുതിയ സംവിധാനങ്ങളിലേക്കും പുരോഗതിയിലേക്കും ഖത്തർ മാറും. വരും നാളുകളിൽ ആ മാറ്റങ്ങളുടെ നല്ല ഫലങ്ങൾ നമുക്കെല്ലാവർക്കും അനുഭവിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

ഖത്തർ അമീറിനോടും ഇവിടുത്തെ ഭരണകൂടത്തോടും നമ്മൾ എപ്പോഴും കടപ്പെട്ടിരിക്കുന്നു. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. എല്ലാ പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരം ഇവിടെ ഉണ്ടാകും എന്ന ഉറച്ച പ്രതീക്ഷ നമുക്കുണ്ട്. ഞാൻ കഴിഞ്ഞ 33 വർഷമായി ഖത്തറിലുള്ള വ്യക്തിയാണ്. എന്റെ അനുഭവത്തിൽ, ജീവിക്കാനും ബിസിനസ് ചെയ്യാനും ഏറ്റവും സുരക്ഷിതമായ രാജ്യമാണിത്. വരും നാളുകളിലും ഈ സുരക്ഷിതത്വം ഉണ്ടാകും എന്ന് പൂർണ്ണ ഉറപ്പുണ്ട്.

തയാറാക്കിയത്

-മുസ്താഖ് അലവി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - "Fear not, there is care in this land"
Next Story