ദോഹ: ഖത്തർ ചാരിറ്റിയുടെ ഫ്രൻഡ്സ് കൾചറൽ സെൻറർ ഏഷ്യൻ സ്കൂൾ ഫിയസ്റ്റയുടെ മൂന്നാം ഘട്ട മത്സരങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി. പ്രവാസി വിദ്യാർഥികൾക്ക് അവരുടെ കഴിവുകളെ വളർത്തിയെടുക്കാനുള്ള അവസരമാണ് ഏഷ്യൻ സ്കൂൾ ഫിയസ്റ്റയെന്ന് തെളിയിക്കുന്നതായിരുന്നു മത്സരങ്ങൾ. സബ്ജൂനിയർ കാറ്റഗറി നാടോടിനൃത്തത്തോടെ തുടക്കം കുറിച്ച മത്സര പരിപാടികളിൽ ഒപ്പന, പ്രസംഗം, സംഘഗാനം, മോണോആക്ട്, ഡിക്ലമേഷൻ, കഥാപ്രസംഗം , മൈമിങ് എന്നീ മത്സരങ്ങൾ അരങ്ങേറി.
മുപ്പതിലധികം സ്കൂളുകളിൽനിന്നുള്ള നാലായിരം വിദ്യാർഥികളാണ് ഏഷ്യൻ ഫിയസ്റ്റയിൽ ആകെ മത്സരിക്കുന്നത്. വിവിധ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മേളയിൽ 49 ഇനങ്ങളിലായാണ് വിദ്യാർഥികൾ മാറ്റുരക്കുന്നത്. സാധാരണ സ്കൂൾ കലോത്സവങ്ങളിൽനിന്ന് വ്യത്യസ്തമായി മുൻവിധികളില്ലാതെ കഴിവുള്ള ഏതൊരു കുട്ടിക്കും മത്സരിക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടികൾ. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, നേപ്പാൾ, ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക കമ്യൂണിറ്റികളിൽനിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കുന്നത്.
നവംബർ എട്ടിന് പദ്യപാരായണം (സബ് ജൂനിയർ & സീനിയർ ഇംഗ്ലീഷ് മലയാളം) മോണോ ആക്ട്, സംഘഗാനം (ജൂനിയർ) എന്നീ മത്സരങ്ങൾ നടക്കും. നവംബർ ഒമ്പതിന് കവിത പാരായണം, ന്യൂസ് റീഡിങ്, പ്രസംഗം, ആംഗ്യപ്പാട്ട്, കഥപറയൽ (ഇംഗ്ലീഷ് )തുടങ്ങിയ ഇനങ്ങളുടെ ഫൈനൽ മത്സരങ്ങൾ ന്യൂ സലാത്തയിലെ എഫ്.സി.സി ഹാളിൽ നടക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ: 44661213, 55402673, 66787007.