‘ഫത്ഹുൽ ഖൈർ’ കടൽ യാത്രക്ക് ഇന്ന് തുടക്കം
text_fieldsകതാറ ദൗ ഫെസ്റ്റിൽനിന്ന്
ദോഹ: കതാറ പായ്ക്കപ്പൽ മേളയോടനുബന്ധിച്ച് (ദൗ ഫെസ്റ്റിവൽ) കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ഫത്ഹുൽ ഖൈർ യാത്രയുടെ ആറാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം കുറിക്കും.
പായ്ക്കപ്പൽ മേളയുടെ തെക്കൻ വേദിയിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ കഴിഞ്ഞ കാലത്തെ ചരിത്രപരമായ സമുദ്രവ്യാപാര യാത്രകളെ ചിത്രീകരിക്കുന്ന പ്രത്യേക ഓപററ്റയും അവതരിപ്പിക്കും. മാസങ്ങൾ നീണ്ട സമുദ്രയാത്രയിൽ പരിമിതമായ ആശയവിനിമയവും തിരിച്ചുവരവിന്റെ അനിശ്ചിതത്വവും കാരണം കുടുംബങ്ങളോടുള്ള വൈകാരികമായ വിടപറച്ചിലുകളും ഓപററ്റയിൽ അടയാളപ്പെടുത്തും. സമുദ്രവും ഖത്തരി, ഗൾഫ് സമൂഹങ്ങളുടെ വ്യക്തിത്വവും തമ്മിലുള്ള ദൃഢബന്ധത്തെ പ്രകടമാക്കുന്ന പായ്ക്കപ്പൽ മേളയിലേക്ക് തുടക്കം മുതൽ വൻ ജനക്കൂട്ടമാണ് എത്തുന്നത്. ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക, കലാ പൈതൃക ആഘോഷത്തിന് കൂടിയാണ് മേള വേദിയാകുന്നത്.
യാത്രക്കാർക്കും അവരുടെ പ്രിയപ്പെട്ടവർക്കുമിടയിലെ നീണ്ട കാത്തിരിപ്പ് കാലത്തെ വൈകാരിക സന്ദർഭങ്ങൾ ഓപററ്റ ചിത്രീകരിക്കും.
ശനിയാഴ്ചയോടെ ദൗ ഫെസ്റ്റിവലിന് തിരശ്ശീല വീഴുമ്പോൾ നിരവധി കലാ, സാംസ്കാരിക പ്രകടനങ്ങളും പരിപാടികളുമാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മേളയോടനുബന്ധിച്ച് നടക്കുന്ന കളേഴ്സ് ഓൺ സെയിൽസ് ആക്ടിവിറ്റിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചരിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. നേരിട്ട് പായ്ക്കപ്പലുകളെ കാൻവാസുകളിലാക്കുന്ന ഇവർ, പ്രേക്ഷകർക്കുമുന്നിൽ തത്സമയം പെയിന്റ് ചെയ്യുകയും സജീവമായി മേളയിൽ ഇടപഴകുകയും ചെയ്യുന്നുണ്ട്.
പ്രദേശത്തിന്റെ സ്വത്വത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായ മസുദ്ര പൈതൃകം ആഘോഷിക്കുന്ന ദൗ ഫെസ്റ്റിവൽ, ഗൾഫിനെയും പുറംലോകത്തെയും നിർവചിക്കുന്ന അതുല്യമായ സമുദ്രകലകളും പാരമ്പര്യങ്ങളും അനുഭവിക്കാൻ സന്ദർശകർക്ക് അവസരം നൽകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

