വേഗപ്പോരെത്തും മുമ്പേ ‘ദി റേസ് ഈസ് ഓൺ' പ്രദർശനം
text_fieldsദോഹ: വേഗപ്പോരാട്ടങ്ങളുടെ ഉത്സവമായ ഫോർമുല വൺ ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ഒരുങ്ങവെ വേഗപ്പോരിന്റെ ചരിത്രം പറയുന്ന പ്രദർശനവുമായി ഖത്തർ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ ‘ദി റേസ് ഈസ് ഓൺ’ വരുന്നു. നവംബർ ആറിന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന പ്രദർശനം 2025 ഏപ്രിൽ ഒന്ന് വരെ മ്യൂസിയത്തിലെ ഇ-8 എക്സിബിഷൻ ഗാലറിയിൽ തുടരും.
ഫോർമുല വൺ റാലിയുടെ ചരിത്രത്തോടൊപ്പം ഖത്തറിന്റെ ഫോർമുല വൺ യാത്രയും പ്രദർശനത്തിൽ ഉൾപ്പെടുത്തും. 1975ൽ ഖത്തറിൽ നടന്ന ആദ്യത്തെ ഖത്തർ മോട്ടോർ റാലി മുതൽ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ കഴിഞ്ഞ വർഷം നടന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സ് വരെ സന്ദർശകർക്ക് ഒരു കുടക്കീഴിൽ നേരിട്ടറിയാനുള്ള അവസരവും പ്രദർശനം വാഗ്ദാനം നൽകും.
കഴിഞ്ഞ ഒരു ദശകത്തിൽ സാംസ്കാരികവും കായികവുമായ നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യം വഹിച്ച ഖത്തർ ഇപ്പോൾ ഫോർമുല വൺ മത്സരങ്ങളുടെ ആസ്ഥാനമായി മാറിയതായി ഒളിമ്പിക് സ്പോർട്സ് മ്യൂസിയം പ്രസിഡന്റ് ശൈഖ് മുഹമ്മദ് അബ്ദുല്ല ആൽഥാനി പറഞ്ഞു.
ഫോർമുല വൺ, റാലി ചാമ്പ്യന്മാരുടെ റേസിങ് സ്യൂട്ടുകൾ, ട്രോഫികൾ, മുൻ റേസുകളിൽ ഉപയോഗിച്ച ടയറുകൾ, വാഹനങ്ങൾ, ലുസൈൽ സർക്യൂട്ടിന്റെ മാതൃക, ഹെൽമറ്റുകൾ തുടങ്ങിയവ പ്രദർശിപ്പിക്കും.
1970കളിലെ ആദ്യ റാലി മത്സരങ്ങൾ മുതൽ ഇന്നത്തെ ഹൈ-ഒക്ടേൻ ഫോർമുല വൺ ചാമ്പ്യൻഷിപ്പുകൾ വരെയുള്ള നിമിഷങ്ങളെ ബന്ധിപ്പിക്കുന്ന മോട്ടോർ സ്പോർട്സിന്റെ ഒരു ടൈംലൈനും സന്ദർശകർക്കായി പ്രദർശനത്തിൽ ഉൾപ്പെടുത്തും. സിൽവര്സ്റ്റോൺ മ്യൂസിയത്തിന് പുറമേ, ഖത്തർ ഓട്ടോ മ്യൂസിയം, സ്റ്റോർ 974, അൽ ഹസ്ം, സീഷോർ ഗ്രൂപ് എന്നിവയും പ്രദർശനത്തിന് പിന്തുണ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

