നാവികക്കരുത്തിലേക്ക് ഫാസ്റ്റ് ക്രാഫ്റ്റുകൾ
text_fieldsഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കപ്പൽ. ഡിയർസാൻ പങ്കുവെച്ച ചിത്രം
ദോഹ: ഖത്തർ അമീരി നാവികസേനക്കായി തുർക്കിയയിൽനിന്ന് രണ്ട് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് 50(എഫ്.എ.സി 50) കപ്പലുകൾ വാങ്ങിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം. ദോഹ ഇന്റർനാഷനൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (ഡിംഡെക്സ്) തുർക്കിയ കപ്പൽശാലയായ ഡിയർസാനുമായി പുതുതായി ഒപ്പുവെച്ച കരാർ പ്രകാരമാണ് നാവികസേന നിരയിലേക്ക് പുതിയ രണ്ട് കപ്പലുകളെത്തിക്കുന്നത്.
ഖത്തർ നാവികസേന കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ സുലൈത്തി, തുർക്കിയ പ്രതിരോധ ഏജൻസി (എസ്.എസ്.ബി) മേധാവി ഹലൂക് ഗോർഗുൻ, ഡയറക്ടർ ബോർഡ് ചെയർമാൻ അസീസ് യിൽദ്രിം എന്നിവർ ഡിംഡെക്സിൽ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
അസിമെട്രിക് വാർഫെയർ, പട്രോൾ മിഷനുകൾ മുതൽ ആന്റി പൈറസി, ഡിസാസ്റ്റർ റിലീഫ് ഓപറേഷൻ വരെയുള്ള വിവിധ ദൗത്യങ്ങൾക്കായാണ് ഈ കപ്പലുകൾ തയാറാക്കിയിരിക്കുന്നതെന്ന് ഡിയർസെൻ വ്യക്തമാക്കി. സർഫേസ് വാർഫെയർ, എയർഡിഫൻസ് വാർഫെയർ, അസിമെട്രിക് വാർഫെയർ എന്നിവക്ക് അനുയോജ്യമായ ആയുധ സംവിധാനങ്ങളോടെയാണ് ഹൈ സ്പീഡ് ഫാസ്റ്റ് പട്രോൾ ബോട്ട് സജ്ജീകരിച്ചിരിക്കുന്നെന്നും ഡിയർസെൻ വ്യക്തമാക്കി.
പദ്ധതി നാല് വർഷം മുമ്പ് ആരംഭിച്ചതായും ഇപ്പോൾ അത് കരാർ ഒപ്പുവെക്കൽ ഘട്ടത്തിലെത്തിയതായും ഡിയർസെൻ ബിസിനസ് ഡെവലപ്മെന്റ് മാനേജർ എർകാൻ യെനിസെരി നേവൽ ന്യൂസിനോട് പറഞ്ഞു.
എട്ട് മാസത്തിനുള്ളിൽ നിർണായകമായ രൂപകൽപന ഘട്ടത്തിലേക്ക് കടക്കുമെന്നും പദ്ധതിയുടെ പ്രഥമ രൂപകൽപന പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മുതൽ എട്ട് മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുന്ന കപ്പലിന്റെ ആദ്യ കൈമാറ്റം 36 മാസത്തിന് ശേഷവും രണ്ടാമത്തെ കൈമാറ്റം 42 മാസത്തിന് ശേഷവുമായിരിക്കുമെന്നും യെനിസെരി സ്ഥിരീകരിച്ചു.
നിർമാണം പൂർത്തിയാകുന്ന മുറക്ക് പ്രാഥമിക സമുദ്ര പരീക്ഷണങ്ങൾ തുർക്കിയയിൽ നടത്തുമെന്നും, ഔദ്യോഗിക കൈമാറ്റത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണം ഖത്തർ സമുദ്രത്തിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

